ഇനി അറബിഭാഷയെക്കുറിച്ച്...
ലോകമാകെ ആദരിക്കപ്പെടുന്ന അറബി ഭാഷയുടെ പ്രാധാന്യം ഒന്നുകൂടി തിളക്കമുള്ളതാക്കാന്‍ ഐക്യരാഷ്ടസഭയാണ് 1973ല്‍ ഡിസംബര്‍ 18 അറബിയെ സംഘടനയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുന്നത്. (മറ്റുള്ളവ ഫ്രഞ്ച്, ഇംഗ്ലീഷ്, റഷ്യന്‍, സ്പാനീഷ്, ചൈനീസ് എന്നിവയാണ്) 1948 ല്‍ ലബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ വച്ചു നടന്ന യുനെസ്‌കോയുടെ ജനറല്‍ കോണ്‍ഫറന്‍സില്‍ മൂന്നാമത്തെ ഭാഷയായി അറബി തിരഞ്ഞെടുക്കുകയായിരുന്നു. (ഇംഗ്ലീഷും ഫ്രഞ്ചുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ )ഭാഷയുടെ ചരിത്രം, സംസ്‌കാരം, നേട്ടങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ബോധവല്‍കരണവും സാംസ്‌കാരികാഘോഷവുമാണ് ഈ ദിനങ്ങളില്‍ സംഘടിപ്പിക്കുന്നത്. (മറ്റു ഭാഷകള്‍ക്കും ഓരോ ദിനങ്ങള്‍ ഉണ്ട്.) 23 രാജ്യങ്ങളിലെ ഔദ്യോഗിക ഭാഷയും സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ മുദ്ര പതിപ്പിച്ചതുമായ ഈ ഭാഷയെക്കുറിച്ച് എത്ര പറഞ്ഞാലാണ് അധികമാവുക? കേള്‍ക്കൂ, മഹത്തായ ചരിത്രവും സംസ്‌കാരവും നന്മയും മേന്‍മയുമുള്ള അറബിഭാഷയുടെ വിശേഷങ്ങള്‍.
അറേബ്യന്‍ ഉപദ്വീപില്‍നിന്ന്...
പുരാതന സെമിറ്റിക് ഭാഷകളില്‍ പ്രസിദ്ധവും ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്നതുമായ അറബി ഭാഷ, ലോകമാകെ 28 കോടിയാളുകളുടെ സംസാരഭാഷയാണ്. (30,28, 27 കോടി എന്നിങ്ങനെ പലകണക്കുകള്‍ പറയുന്നുണ്ട്) ആറാം നൂറ്റാണ്ടിന്റെ സാംസ്‌കാരിക സാമൂഹിക മണ്ഡലങ്ങളില്‍ കവിതാരംഗത്ത് പിച്ചവച്ചു വളര്‍ന്ന് ഗദ്യ-പദ്യ സാഹിത്യത്തിലൂടെ സുവര്‍ണ മുദ്രകളും പൊന്‍തൂവലുകളും രചിച്ച് അറേബ്യന്‍ ഉപദ്വീപില്‍നിന്നു വളര്‍ന്നു പന്തലിച്ച സെമിറ്റിക് ഭാഷയുടെ പ്രഭവകേന്ദ്രം ടൈഗ്രിസ്-യൂഫ്രട്ടീസ് നദീതടങ്ങള്‍ അടങ്ങുന്ന മെഡിറ്ററേനിയന്‍ പ്രദേശമാണ്. ചരിത്രം,അലങ്കാര ശാസ്ത്രം, വ്യാകരണം, ഛന്ദശാസ്ത്രം (പദോല്‍പത്തി) എന്നീ വിജ്ഞാന മേഖലകള്‍ക്കു പുഷ്‌ക്കല മണ്ണായി അറേബ്യ മാറിയത് അറബിഭാഷയുടെ വളര്‍ച്ചയുടെ നാഴികക്കല്ലില്‍പ്പെട്ടതത്രെ.
അജയ്യം, ഈ ഭാഷ
അറബി ലോകഭാഷയായി ഉയരുന്നത് ചരിത്രത്തില്‍ തലയെടുപ്പോടെ നിന്ന അബ്ബാസിയ ഭരണകാലത്തായിരുന്നു. അഞ്ചു നൂറ്റാണ്ടുകാലം നിലനിന്ന ഭരണകാലത്ത് ഒപ്പം നില്‍ക്കാര്‍ മറ്റൊരു ഭാഷയും ഉണ്ടായിരുന്നില്ല. ഇതരഭാഷകളില്‍നിന്നു ഗ്രന്ഥങ്ങള്‍ അറബിയിലേക്കു വിവര്‍ത്തനം ചെയ്യപ്പെടുകയും മികച്ച എഴുത്തുകാരും ശാസ്ത്രജ്ഞരും ഉണ്ടാവുകയും ചെയ്തു.
ബീജഗണിതം, രസതന്ത്രം തുടങ്ങിയവയുടെ ഉപജ്ഞാതാക്കള്‍ പോലും അറബികളാണല്ലോ. (അല്‍കെമിയില്‍ നിന്നാണല്ലോ, കെമിസ്ട്രി എന്ന പദം പോലും ഉണ്ടായിട്ടുള്ളത്.) സംസ്‌കൃതം, ലാറ്റിന്‍ ഭാഷകള്‍ക്കൊപ്പം വളര്‍ന്ന അറബി ഇന്നും ഉത്തരോത്തരം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ശൈലിക്ക് പരിശുദ്ധ ഖുര്‍ആന്‍ മാതൃകയാക്കിയതിനാല്‍ മാറ്റത്തിരുത്തലുകള്‍, കൈകടത്തലുകള്‍ എന്നിവ കാര്യമായി ഉണ്ടായിട്ടില്ല.എന്തിനേറെ പറയുന്നു, കേരളചരിത്രം ആദ്യമായി രചിക്കപ്പെട്ടതുപോലും അറബിഭാഷയിലായിരുന്നുവെന്നറിയാമോ!
അറേബ്യന്‍ മുഅല്ലഖകള്‍
അറബി സാഹിത്യ ചരിത്രത്തില്‍ മുഅല്ലഖകള്‍ക്കുള്ള സ്ഥാനം നിസ്തുലമാണ്. പ്രാചീന അറേബ്യന്‍ ഉല്‍സവച്ചന്തകളായിരുന്ന ഉക്കാദ്, മജ്‌ന എന്നിവിടങ്ങളില്‍ കവികള്‍ ആലപിച്ച ഈ കവിതകള്‍ ഗോത്രങ്ങളിലും അംഗീകാരം നേടിയവയാണ്. സ്വര്‍ണാക്ഷരങ്ങളില്‍ വിരചിതമായതിനാല്‍ മുഅല്ലഖകളെ മുദ്ദഹബാത്ത് എന്നും വിളിച്ചിരുന്നു. (ദഹബ് എന്ന അറബി വാക്കിന് സ്വര്‍ണം എന്നാണ് അര്‍ഥം)
ആകെ പത്തു മുഅല്ലഖകള്‍ ഉണ്ട് (അല്‍ മുഅല്ലഖാത്തുല്‍ അഷര്‍ എന്നു അറബിഭാഷയില്‍) ഇവയില്‍ ഏഴെണ്ണത്തിന്റെ പെരുമ വളരെ വലുതാണ്.അറേബ്യയുടെ അക്കാലത്തെ സാമൂഹിക ജീവിതങ്ങള്‍ ഇവയില്‍ ചിത്രണം ചെയ്തിരിക്കുന്നു. മുഅല്ലഖകള്‍ രചിച്ച കവികള്‍ ആരോക്കെയെന്നു നോക്കാം.
അന്‍തറ, അംറ്ബ്‌നു കുല്‍സും, ഹാരിസ്, നാബിഗത്തു ദുബ്‌യാനി, ഇംറുല്‍ ഖൈസ്, ത്വറഫ, സുഹൈല്‍, ലബീദ്, ഉബൈദ് ബ്‌നു അബ്‌റസ്വ, അഇശാ
മുഹാജിരീങ്ങളുടെ എന്ന
മഹ്ജര്‍ സാഹിത്യം
മുഹാജിറുകള്‍ എന്നാല്‍ പലായനം ചെയ്തവര്‍ എന്നാണ് അര്‍ഥം. പേര്‍ സൂചിപ്പിക്കുന്നതു പോലെ തന്നെ ദുരിതക്കയങ്ങളില്‍ നിന്ന് ജീവിക്കാനുള്ള സൗകര്യം തേടി അന്യനാടുകളില്‍ ചേക്കേറിയ എഴുത്തുകാരുടെ രചനകളാണ് ഇങ്ങനെ അറിയപ്പെടുന്നത്. ആനുകാലികങ്ങളില്‍ തങ്ങളുടെ രചനകള്‍ പ്രസിദ്ധപ്പെടുത്തുന്ന ഇവരില്‍ ഏറ്റവും പ്രസിദ്ധനായിരുന്നു ലബനീസ് കവിയായ ഖലീല്‍ ജിബ്രാന്‍. കൂടാതെ അമീന്‍ റൈഹാനീ, ഇല്‍യാസ് അബൂ ശബ്ക, റഷീദ് അയ്യൂബ്, നസീബ് അര്‍രിളാ, ഫാരിസില്‍ ഖുരി, അബ്ദുല്‍ മസീഹ് ഹദ്ദാദ്, മീകാഈല്‍ നുഐമ തുടങ്ങിയവര്‍ ഇവരിലെ പ്രശസ്തരാണ്.
കേരളത്തിന്റെ
അറബി ബന്ധങ്ങള്‍
കേരളത്തിലെ വിദ്യാലയങ്ങളില്‍ അറബിഭാഷാപഠനം ആരംഭിക്കുന്നത് 1012 ലായിരുന്നു.പ്രവാചകന്റെ കാലത്തിനു മുമ്പുതന്നെ അറബികള്‍ക്ക് കേരള തീരവുമായി ബന്ധമുണ്ടായിരുന്നുവെന്നതാണ് ചരിത്രം. കേരളത്തില്‍ ഇസ്‌ലാമിന്റെ ശാദ്വല ചിത്രങ്ങള്‍ പ്രചരിക്കുന്നതും അറബികള്‍ മുഖേനയാണ്. കച്ചവടവും ഇസ്‌ലാം പ്രചാരണവും ഭാഷ ജനകീയമാകാന്‍ കാരണമായി. അങ്ങനെ എത്രയെത്ര പദങ്ങളാണ് മലയാളത്തില്‍ ഇന്നും നമ്മള്‍ ഉച്ചരിക്കുന്നത്! മലയാളികളായ നമ്മളുടെ മാതൃഭാഷ മലയാളമാണ് എന്ന് നമുക്കറിയാം.എന്നാല്‍ നമ്മള്‍ സംസാരിക്കുന്നത് ശുദ്ധ മലയാളം തന്നെയാണ് എന്ന് ഉറപ്പിക്കാമോ? ഇനി പറയുന്ന വാക്കുകള്‍ ഒന്നു പരിശോധിക്കുക
മലയാളമോ?
ജില്ല, താലൂക്ക്, തഹസില്‍ദാര്‍, വക്കീല്‍, താരിഫ്, കീശ, കലാശം, മാപ്പ്, സായിപ്പ്, മഹസര്‍, റദ്ദ്, ഉമ്മ, ഇങ്കിലാബ്, അസ്സല്‍, ആപത്ത്, താക്കീത്, അനാമത്ത്, ഹാജര്‍, ബദല്‍, ബാക്കി, വസൂല്‍, അത്തര്‍,ചെകുത്താന്‍, ഹല്‍വ,ജാര്‍,ബസാര്‍,ബത്ത്,ഭരണി,സാബൂന്‍,പിഞ്ഞാണം,ഹെന്ന, കീസ്, കാലി,സുപ്ര,ജുബ്ബ,മുന്‍സിഫ്,മൈതാനം, മന്‍സില്‍, ചായ, വക്കാലത്ത്..... പട്ടിക ഇനിയും അനന്തമായി നീണ്ടു പോകും.ഇവയില്‍ പലതും ഹിന്ദി, ഉറുദു, പേര്‍ഷ്യന്‍ ഭാഷകളില്‍ കൂടി കേരളത്തിലേക്കു പ്രവേശിച്ചതിനാല്‍ അവ ഉറുദുവാണോ, പേര്‍ഷ്യന്‍ ആണോ എന്ന് ചില നിഘണ്ടു കര്‍ത്താക്കള്‍ തെറ്റിദ്ധരിച്ചിരുന്നു! (ബാക്കി വാക്കുകള്‍ ചങ്ങാതിമാര്‍ കണ്ടെത്തുമല്ലോ... )
ഭാഷകളുടെ മാതാവ്
തങ്ങളുടെ ഭാഷയുടെ മഹിമയിലും പ്രൗഢിയിലും എന്നും അഭിമാനിക്കുന്നവരാണ് അറബികള്‍. അതു കൊണ്ടു തന്നെയാണ് ' ഉമ്മുല്ലുഗാത്ത് 'അഥവാ, ഭാഷകളുടെ മാതാവ് എന്ന് അവര്‍ തങ്ങളുടെ തങ്കഭാഷയെ വിശേഷിപ്പിക്കുന്നത്. പുരാതന ലോകത്തെ മധ്യവര്‍ത്തികളും വര്‍ത്തകരുമായിരുന്നതുകൊണ്ടും യഹൂദ മതം, ക്രിസ്തുമതം, ഇസ്‌ലാംമതം എന്നിവ ഉദ്ഭവിച്ചത് അറേബ്യയും അയല്‍ പ്രദേശങ്ങളുമായിരുന്നതിനാലും അറേബ്യ അനേകം പുരാതന സമുദായങ്ങളുടെ (സെമിറ്റിക്) ജന്മഭൂമിയായിരുന്നതുകൊണ്ടും ആയിരക്കണക്കായ അറബിപദങ്ങളുടെ തല്‍സമങ്ങളും തല്‍ഭവങ്ങളും മിക്ക ഭാഷകളിലും കണ്ടു വരുന്നത്.
പെരുമയുള്ള അക്കങ്ങള്‍
അറേബ്യന്‍ അക്കങ്ങള്‍ക്കും ഏറെ സവിശേഷതകള്‍ ഉള്ളതായി കാണാം. 1,2,3, 4, 5, 6, 7,8,9
എന്നിങ്ങനെ നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്നവ അറബി അക്കങ്ങളാണ്. എന്നാല്‍ അറബികള്‍ ഉപയോഗിക്കുന്ന,അറബിഗ്രന്ഥങ്ങളിലും മറ്റും കാണുന്ന അക്കങ്ങള്‍ക്കാകട്ടെ, ഇന്ത്യന്‍ അക്കങ്ങള്‍ എന്നുമാണ് പറയുന്നത് ! ഇതെങ്ങനെയെന്നല്ലേ? കേള്‍ക്കൂ...
കച്ചവടപ്രമാണിമാരും ലോകസഞ്ചാരികളുമായിരുന്ന അറബികള്‍ക്ക് കച്ചവടാവശ്യാര്‍ഥം കണക്കുകള്‍ക്ക് അക്കങ്ങള്‍ നിര്‍ബന്ധമായിരുന്നു. ഇന്ത്യയില്‍ നിന്ന് സുഗന്ധദ്രവ്യങ്ങള്‍ക്കു പുറമെ ഇന്ത്യന്‍ അക്കങ്ങളും അവര്‍ അറേബ്യന്‍നാടുകളില്‍ പ്രചരിപ്പിച്ചിരുന്നു. ഇന്ത്യന്‍ അക്കങ്ങള്‍ അഥവാ, 'അര്‍ക്കാം ഹിന്ദിയ്യ' എന്നാണ് അറബികള്‍ അവയെ പരിചയപ്പെടുത്തിയിരുന്നത്.പത്താം നൂറ്റാണ്ടില്‍ ഈ അക്കങ്ങള്‍ സ്‌പെയിനിലേക്കും അവിടെനിന്ന യൂറോപ്പിലേക്കും വ്യാപിച്ചു.
അറബികളില്‍ നിന്ന് ലഭിച്ച അക്കങ്ങളായതിനാല്‍ യൂറോപ്യര്‍ അതിനെ അറബിക് ന്യൂമറല്‍സ് എന്നു വിളിച്ചു പോന്നു.അതുവരെ എഴുതാനും ഉപയോഗിക്കാനും ബുദ്ധിമുട്ടുള്ളതും ഒരുപാടു സ്ഥലം ആവശ്യമുള്ളതുമായ റോമന്‍ അക്കങ്ങളായിരുന്നു അവര്‍ ഉപയോഗിച്ചിരുന്നത്. അറബികള്‍ പരിചയപ്പെടുത്തിയ പുതിയ അക്കങ്ങള്‍ വളരെ എളുപ്പത്തില്‍ കുറഞ്ഞ അക്കങ്ങളോടെ ഉപയോഗിക്കാമെന്ന് അവര്‍ക്കു ബോധ്യപ്പെട്ടു. യൂറോപ്യരില്‍നിന്നു ലോകമാകെ ഇതു വ്യാപിക്കാനും താമസമുണ്ടായില്ല.
കടപ്പാടുള്ള ഒരു
മഹാഗണിതജ്ഞന്‍
അറബി അക്കങ്ങളുടെ കാര്യത്തില്‍ ലോകം എന്നും കടപ്പെട്ടിരിക്കുന്ന മഹാനായ ഗണിത ശാസ്ത്രജ്ഞനാണ് മുഹമ്മദ് ബ്‌നു മുസ അല്‍ ഖവാറസ്മി. അറബി അക്കങ്ങളെ ഖവാറസ് മി അക്കങ്ങള്‍ “ എന്നു പോലും പരിചയപ്പെടുത്താറുണ്ട്. അറബി അക്കങ്ങളെ പരിഷ്‌കരിക്കുകയും സ്ഥാനക്രമമനുസരിച്ച് ചിട്ടപ്പെടുത്തുകയും ചെയ്ത ഈ ഗണിതജ്ഞന്‍ ഒന്‍പതാ നൂറ്റാണ്ടില്‍ ബാഗ്ദാദിലാണ് ജീവിച്ചിരുന്നത്. ആല്‍ ജിബ്ര എന്ന ബീജഗണിതം, ജ്യോതിര്‍ ഗണിതം, ക്ഷേത്ര ഗണിതം എന്നീ ഗണിത ശാഖകളില്‍ ഖവാറസ്മി രചിച്ച ഗ്രന്ഥങ്ങള്‍ എക്കാലത്തും ലോകത്തിനു വഴികാട്ടിയായിരുന്നു.
സവിശേഷതകള്‍
നിരവധി സവിശേഷതകള്‍ നിറഞ്ഞതാണ് അറബി ഭാഷ. നമ്മള്‍ മലയാളവും മറ്റും ഇടത്തു നിന്ന് വലത്തേക്ക് എഴുതുമ്പോള്‍ അറബിയില്‍ അതു വലതു ഭാഗത്തുനിന്ന് ഇടത്തേക്കാണ്. 28 അക്ഷരങ്ങള്‍ മാത്രമുള്ള അറബി വാക്കുകള്‍ മിക്കവയും അതി മനോഹരമായി കൂട്ടിയെഴുതാന്‍ സാധിക്കുന്നതുമാണ്. കാലിഗ്രാഫി എന്ന മനോഹരമായ എഴുത്തു രീതിയില്‍ ചിത്രങ്ങളുടെ ആകൃതിയില്‍ എഴുതാനും സാധിക്കും.
അറബി ഭാഷയ്ക്കകത്തെ ചിത്രകല എന്ന് കാലിഗ്രാഫിയെ പൊതുവെ പരിചയപ്പെടുത്താം. അറബി വാക്കുകള്‍ പക്ഷിമൃഗാദികളുടെയും മരങ്ങളും പൂക്കളുടേയുമൊക്കെ രൂപത്തിലാക്കുന്ന ഈ ശൈലി അറബ്-മുസ്‌ലിം സംസ്‌കാരത്തിന്റെ കലയായി ലോകമാകെ അറിയപ്പെടുന്നു. കൂടാതെ, ഉച്ചാരണത്തിലും രൂപ വികാസത്തിലും അര്‍ഥവ്യാപ്തിയിലും മൂലഭാഷയുടെ സ്വഭാവം ഇന്നും നിലനിര്‍ത്തുന്ന അത്ഭുതം കൂടിയാണ്. അതിവിപുലമായ ഭൂപ്രദേശങ്ങളില്‍ വിഭിന്ന വംശക്കാര്‍ സംസാരിക്കുന്നതു കാരണം സംസാരഭാഷയില്‍ വ്യതിയാനങ്ങള്‍ സ്വാഭാവികമായിരിക്കുമല്ലോ. എന്നാല്‍, സാഹിത്യ ഭാഷ എല്ലാ രാജ്യത്തും ദിക്കിലും ഒന്നു തന്നെയാണ്.വാസ്‌കോ ഡി ഗാമ സാമൂതിരി രാജാവിന് അയച്ച കത്ത് അറബിഭാഷയിലുള്ളതായിരുന്നുവെന്നതത്രെ ചരിത്രം. ഐക്യരാഷ്ട്രസഭയിലെ ആറു ഭാഷകളില്‍ അറബിയും മുന്നില്‍ത്തന്നെയുണ്ടല്ലോ.
ലിപിയുടെ സവിശേഷതകള്‍
കാലിഗ്രാഫി എന്ന അതിസുന്ദരമായ എഴുത്തു രീതിക്കു പുറമെ നസ്ഖി, കൂഫീ എന്നിവയുമുണ്ട് അറബിഭാഷയില്‍. വളഞ്ഞവടിവുള്ളതാണ് നസ്ഖി. കൂഫി ചതുരവടിവൊത്തതാണ്. ഇവയ്ക്ക് അരാമിക്ക് ഉദ്ഭവമാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. മുറബ്ബഅ,ഹന്‍ദസി,മുസല്ലസ്, ദാഇരി തുടങ്ങിയ രൂപഭേദങ്ങളും കൂഫിലിപിക്കുണ്ട്. ലോകമാകെയുള്ള ലിപികള്‍ പരിശോധിക്കുകയാണെങ്കില്‍ റോമന്‍ ലിപിക്കു തൊട്ടു താഴെയാണ് അറബി ലിപിയുടെ സ്ഥാനം. പഴയ തുര്‍ക്കി, പേഴ്‌സ്യന്‍, ഉറുദു, പാക്കിസ്താനിലെ സിന്ധി, പഞ്ചാബി, കശ്മീരി, പഷ്തൂണ്‍, സ്വാഹിലി, മലഗാസി, മലാവി, മാലി എന്നിവയിലും അറബി ലിപിയോ സാമ്യമുള്ളതോ ആണ് ഉപയോഗിക്കുന്നത്. അറബി മലയാളം, അറബിത്തമിഴ് എന്നീ ഭാഷാഭേദങ്ങളും അറബി ലിപിയില്‍ത്തന്നെയാണല്ലോ.അലിഫ്, ബാ, താ എന്നിങ്ങനെ ആരംഭിക്കുന്ന അറബി അക്ഷരങ്ങള്‍ക്കും അല്‍ഫാ, ബീറ്റാ, ഗാമ എന്നിങ്ങനെ തുടങ്ങുന്ന ഗ്രീക്കക്ഷരങ്ങള്‍ക്കും തമ്മിലുള്ള സാമ്യം രണ്ടു ഭാഷകളുടെയും പൗരാണികത്വവും പുരാതന കാലത്തെ സാമീപ്യവും വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."