പേരെന്താ?... പേരയ്ക്കാ
പേരയ്ക്കയോളം സ്വാദുള്ള പഴം വെറെയുണ്ടോ. പോഷകസമൃദ്ധവും പല രോഗങ്ങള്‍ക്കും ഔഷധവുമാണു പേരയ്ക്ക. പണ്ടൊക്കെ ഒരു പേരമരമില്ലാത്ത വീടുണ്ടായിരുന്നില്ല. ഇന്ന് കോണ്‍ക്രീറ്റ് കാടുകള്‍ക്കുള്ളില്‍ പേരമരം ഞെരിഞ്ഞമര്‍ന്നുപോയി. പേരയ്ക്ക ദഹനേന്ദ്രിയത്തിന് ഉത്തേജനവും ഹൃദയത്തിനു ബലവും നല്‍കുന്നു. വയറ്റിലെ വിര, കൃമി എന്നിവയുടെ ഉപദ്രവം ഒഴിവാക്കാന്‍ സഹായിക്കുന്നു. ഗര്‍ഭിണികള്‍ പേരയ്ക്ക കഴിക്കുന്നതു കുഞ്ഞിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും മുലപ്പാല്‍ വര്‍ധനവിനും നല്ലതാണ്. അധികം മൂപ്പെത്താത്ത പേരയ്ക്ക പൊട്ടിച്ചു തിളപ്പിച്ചാറിയ വെള്ളത്തിലിട്ട് പിറ്റേന്നു രാവിലെ ഈ വെള്ളം കുടിച്ചാല്‍ പ്രമേഹത്തിനു ശമനം കിട്ടുമെന്നു വൈദ്യന്‍മാര്‍ പറയുന്നു. പ്രമേഹ രോഗികള്‍ക്കു ധൈര്യത്തോടെ കഴിക്കാവുന്ന ഫലവും ഇതുതന്നെയാണല്ലോ. പേരയുടെ ഇല ഇടിച്ചുപിഴിഞ്ഞു കിട്ടുന്ന നീര് കഴിക്കുന്നതു ദഹനസംബന്ധമായ അസുഖങ്ങള്‍ ശമിക്കാന്‍ ഉത്തമം. ജീവകം സി വേണ്ടത്രയടങ്ങിയിട്ടുള്ള പേരയ്ക്ക കഴിച്ചാല്‍ കാഴ്ചശക്തി വര്‍ധിക്കും. സ്‌കര്‍വി, മറ്റ് ജീവക അഭാവ രോഗങ്ങള്‍ എന്നിവ ഒഴിവാക്കാം. ജീവകം എ, ബി, സി എന്നിവയാല്‍ സമൃദ്ധമായ പേരക്കയില്‍ ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും വേണ്ടുവോളമുണ്ട്. ഒരു ദാഹശമനിയായി പേരയുടെ ഇലയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്. വെള്ളം ചൂടാക്കി വാങ്ങിവച്ചശേഷം ഒന്നോ രണ്ടോ പേരയില കഴുകിയെടുത്ത് ഈ വെള്ളത്തിലിട്ട് അടച്ചുവച്ച് വെള്ളം ഉപയോഗിക്കാം. ഇതിന്റെ തടിയ്ക്കും ഉപയോഗങ്ങളേറെയാണ്. നല്ല ഈടും കടുപ്പവുമുള്ള പേരയുടെ വണ്ണമുള്ള തടി സംഗീത ഉപകരണങ്ങളുടെ നിര്‍മാണത്തിന് അനുയോജ്യമാണ്.
അഴകും ആരോഗ്യവുമുള്ള മിഴികള്‍ക്ക് അത്യുത്തമമായ ടോണിക്കാണ് പേരയ്ക്ക. ഗുണമേന്മയേറിയ പോഷകസമ്പന്നമായ പേരക്കയ്ക്ക് മാര്‍ക്കറ്റില്‍ താരതമ്യേന വിലകുറവാണ്. വലിപ്പം കൊണ്ട് ആപ്പിളിനേക്കാള്‍ ചെറുതെങ്കിലും അതിലേറെ ഗുണമുണ്ട് പേരക്കയ്ക്ക്. മാത്രമല്ല ശരീരത്തിന് ഏറ്റവും ഗുണകരമായ ടാമിന്‍ എന്ന ഘടകവും പേരയ്ക്കയില്‍ നിന്നു ലഭിക്കുന്നു. ഒരു പേരപ്പഴം എണ്‍പത് കലോറി ഊര്‍ജം പ്രദാനം ചെയ്യുമെന്നാണ് കണക്ക്. പേരയ്ക്കാ സത്ത് പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ അയണ്‍ടോണിക്കിനു തുല്യമായി.
എത്ര എളുപ്പത്തില്‍ നട്ടു വളര്‍ത്താം ഈ മിടുക്കനെമ്മുടെ മണ്ണും കാലാവസ്ഥയും പേരയ്ക്ക് അനുയോജ്യമാണ്. ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ പേരകൃഷിയുള്ളത് ഉത്തര്‍പ്രദേശിലെ അലഹാബാദിലാണ്.
ഒക്‌ടോബര്‍-നവംബര്‍-ഡിസംബര്‍ മാസങ്ങളാണ് പേരക്കയുടെ സീസണ്‍. വിളപ്പൊലിമയാര്‍ന്ന നൂതന പേരയിനങ്ങള്‍ വ്യാപകമായതോടെ ഇന്നിതാ വര്‍ഷം മുഴുവന്‍ പേരയ്ക്ക വിപണിയില്‍ സുലഭമാണ്. പേരയില്‍ വെളുപ്പും ചുവപ്പും കഴമ്പുള്ളതുണ്ട്. ഉത്തരേന്ത്യക്ക് വെള്ള കഴമ്പുള്ളവയോടാണ് പ്രിയം. പക്ഷേ നമുക്ക് കഴമ്പിന്റെ നിറത്തേക്കാളേറെ പേരക്കയുടെ മാധുര്യവും രുചിയുമാണ് പ്രധാനം. പേരക്ക അമിതമായി പഴുക്കുന്നതിനു മുന്‍പ് കഴിക്കുന്നതാണ് നല്ലത്. ജാം എന്നിവയുണ്ടാക്കുന്നതിനും ഇത് ഏറ്റവും പറ്റിയ ഫലമാണ്. വടക്കെ അമേരിക്കയിലെ ബ്രസീലില്‍ പിറവിയെടുത്ത പേര ഇന്ന് ലോകം മുഴുവന്‍ പ്രചൂരപ്രചാരം നേടി. എല്ലാവര്‍ക്കും പ്രിയങ്കരവുമായ ഫലമായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."