തൃക്കാക്കരയില്‍ പുറമ്പോക്ക് മരങ്ങളെല്ലാം 'കോടാലി'ഭീഷണിയില്‍
കാക്കനാട്: തൃക്കാക്കര പ്രദേശത്തെ പുറമ്പോക്കിലെ മരങ്ങള്‍ ഏത് നിമിഷവും കോടാലി വീഴാവുന്ന അവസ്ഥയില്‍. വനം വകുപ്പിനെ പോലും അറിയിക്കാതെയാണ് മുനിസിപ്പല്‍ പ്രദേശത്തെ പുറമ്പോക്കില്‍ നിന്ന് മരങ്ങള്‍ വ്യാപകമായി മുറിച്ചുമാറ്റുന്നത്. അപകട ഭീഷണിയിലാണെന്ന് ആരെങ്കിലും പരാതി നല്‍കിയാല്‍ ഉടന്‍ മരങ്ങള്‍ക്ക് കോടാലി വീഴും.
കൗണ്‍സിലര്‍മാര്‍ മുഖേന നഗരസഭക്ക് പരാതി ലഭിച്ചാല്‍ ഉടന്‍ വെട്ടുകയും ചെയ്യും. നിരവധി വാര്‍ഡുകളില്‍ ഇതിനോടകം മരങ്ങള്‍ വെട്ടിമാറ്റിയിട്ടുണ്ട്. പതിനെട്ടാം വാര്‍ഡില്‍ ആദര്‍ശ റോഡരികില്‍ നിന്ന് രണ്ട് മാസം മുമ്പ് വെട്ടിയ തണല്‍ മരത്തിന്റെ തടികള്‍ ഇപ്പോഴും എടുത്തുമാറ്റിയിട്ടില്ല. കൂറ്റന്‍ തണല്‍ മരമാണ് അപകട ഭീഷണിയാണെന്ന് പരാതി ലഭിച്ചപ്പോള്‍ തന്നെ വെട്ടി മാറ്റിയത്. സാധാരണ ഗതിയില്‍ മരം അപകട ഭീഷണിയിലാണെങ്കില്‍ വനം വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയാണ് റിപ്പോര്‍ട്ട് നല്‍കാറുള്ളത്. ചില്ലകള്‍ മാറ്റി അപകടം ഇല്ലാതുക്കുകയാണ് വനം വകുപ്പ് ആദ്യം നിര്‍ദേശിക്കുക. മരം ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണെങ്കില്‍ മാത്രമാണ് വെട്ടിമാറ്റാറുള്ളത്. എന്നാല്‍ തൃക്കാക്കരയില്‍ വനം വകുപ്പിനെ അറിയിക്കാതെയാണ് മരം വെട്ടുന്നത്. വെട്ടിയ മരത്തിന് നല്ല വില കിട്ടുന്നതാണെങ്കില്‍ മാത്രമാണ് വനം വകുപ്പില്‍ നിന്ന് വിലനിര്‍ണയ റിപ്പോര്‍ട്ടിനായി സമീപിക്കാറുള്ളത്.
പാഴ്മരത്തിന് വിലയില്ലാത്തതിനാല്‍ വിലനിര്‍ണയിച്ച് ലേലം ചെയ്യാന്‍ നഗരസഭ അധികൃതര്‍ക്ക് താല്‍പര്യമില്ല. അതെസമയം നല്ല വിലകിട്ടുന്ന മരങ്ങളുടെ ലേലം യുദ്ധകാല അടിസ്ഥാനത്തില്‍ നടത്തുകയും ചെയ്യും. ലക്ഷം രൂപ വിലമതിക്കുന്ന പുറമ്പോക്കിലെ ആഞ്ഞിലി മരത്തിന് തുച്ഛമായ വിലനിര്‍ണയിച്ച് ലേലം ചെയ്ത നടപടി വിവാദമായതോടെ ഉദ്യോഗസ്ഥരും ചില കൗണ്‍സിലറുമാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് പുറത്തായത്. കൗണ്‍സിലര്‍ ഇടനിലക്കാരായി നിന്ന് നഗരസഭ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ആഞ്ഞിലി തടിക്ക് തുച്ഛവില നിശ്ചയിച്ചതെന്നാണ് ആരോപണം.
വെട്ടിയിട്ടിരുന്ന ആഞ്ഞില്‍ തടിക്ക് വിലനിര്‍ണയിക്കാന്‍ ആവശ്യപ്പെട്ട് വനം വകുപ്പിന് നഗരസഭ ഒക്ടോബര്‍ 26ന് നല്‍കിയ എച്ച് 1388616 നമ്പര്‍ കത്തിന് നവംബര്‍ 22ന് തന്നെ വിലനിര്‍ണയിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആവശ്യത്തിന് സ്റ്റാഫില്ലാത്ത നഗരസഭ, വനം വകുപ്പ് ഓഫിസുകളില്‍ ഒരു മരത്തിന്റെ ലേല നടപടികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയതില്‍ ദുരൂഹതയുണ്ട്. കൂറ്റന്‍ ആഞ്ഞിലി മരത്തിന്റെ അളവ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിച്ചാണ് വിലനിര്‍ണയം നടത്തിയതെന്നാണ് വനം വകുപ്പ് അധികൃതരുടെ വിശദീകരണം. എന്നാല്‍ സ്ഥലം സന്ദര്‍ശിക്കാതെയാണ് വിലനിര്‍ണയിച്ചതെന്ന് നഗരസഭ തിരിച്ചടിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഇടനിലക്കാരായി നഗരസഭ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ലേലം നടപടികള്‍ തിടുക്കത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
രാജീവ് ദശലക്ഷം കോളനി റോഡരികില്‍ മുറിച്ചിട്ടിരിക്കുന്ന ആഞ്ഞിലി മരം പരശോധിച്ചത് സോഷ്യല്‍ ഫോറസ്ട്രീ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫിസിലെ റേയിഞ്ച് ഓഫിസറാണ്. മരത്തിന്റെ തടി വിലയായി 2,891 ലഭിക്കാവുന്നതാണെന്നും വനം വകുപ്പ് രേഖാമൂലം നഗരസഭയെ അറിയിച്ചിരുന്നു. മരത്തിന്റെ വില രേഖാമൂലം അറിയിച്ചത് പ്രകാരമാണ് ലേല നടപടികള്‍ സ്വീകരിച്ചതെന്നും നഗരസഭ അധികൃതര്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."