ദ്രോണാചാര്യ തോമസ് മാഷിന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങുന്നു
തൊടുപുഴ: ഒളിമ്പിക്‌സില്‍ കേരളത്തില്‍ നിന്നൊരും മെഡല്‍ എന്ന ലക്ഷ്യവുമായി ലോക മലയാളി കൗണ്‍സില്‍ ദ്രോണാചാര്യ തോമസ് മാഷിന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങുന്നു. ഇത് സംബന്ധിച്ച് ഡബ്യു.എം.സി ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ ടി.പി.വിജയന്‍, തോമസ് മാഷുമായി ചര്‍ച്ച നടത്തി. ഇടുക്കി ജില്ലയില്‍ അക്കാദമി തുടങ്ങാനാണ് തീരുമാനം.
അക്കാദമിയിലേക്കായി 10 വയസുള്ള 20 ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയുമാണ് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കുന്നത്. ഇതിനായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കായി തിരഞ്ഞെടുപ്പ് നടത്തും. തുടര്‍ന്ന് അടുത്ത ഘട്ടത്തില്‍ കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്താനാണ് തീരുമാനം.
കൗണ്‍സില്‍ കുട്ടികള്‍ക്കായി മികച്ച ഹോസ്റ്റല്‍ സൗകര്യം ഒരുക്കും. ഭക്ഷണം, താമസം, കായിക പരിശീലനത്തിനുള്ള സൗകര്യങ്ങള്‍, ട്യൂഷന്‍ എന്നിവയുടെ ചിലവ് കൗണ്‍സില്‍ വഹിക്കും. വണ്ണപ്പുറം എസ്.എന്‍.എം.വി.എച്ച.എസ്.എസില്‍ ഇവര്‍ക്കായി പഠന സൗകര്യങ്ങള്‍ ഒരുക്കും. ഒരു വര്‍ഷം ഒരു കുട്ടിക്ക് 1,80,000 ലക്ഷം രൂപാ വീതം ചിലവാകുമെന്ന് കണക്കാക്കുന്നു. കുട്ടികള്‍ക്ക് വണ്ണപ്പുറം എസ്.എന്‍.എം.വി.എച്ച.എസ്.എസില്‍ പഠന സൗകര്യം ഒരുക്കും.
നിബന്ധനകളോടെയാണ് കുട്ടികളുടെ പ്രവേശനം നടക്കുന്നത്. തോമസ് മാഷ്, അക്കാദമി, കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവരുള്‍പ്പെടുന്ന ഒരു കരാര്‍ ആദ്യം തന്നെ രൂപീകരിക്കും. ആറ് വര്‍ഷ കാലയളവില്‍ കുട്ടികള്‍ തോമസ് മാഷിനൊപ്പം പരിശീലിക്കണം. ഇവര്‍ക്കുള്ള ഉപരിപഠന സൗകര്യങ്ങള്‍ കോതമംഗലം എം.എ കോളജ്, സായ് സെന്റര്‍ ഇവയില്‍ ഒരുക്കും. കുട്ടികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ വന്നാല്‍ കരാര്‍ ബാധകമാകില്ല.
മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണാണ് അക്കാദമിയുടെ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍. അഞ്ജു ബോബി ജോര്‍ജ്, ഷൈനി വില്‍സണ്‍ തുടങ്ങിയ കായിക താരങ്ങളുടെ സേവനവും പ്രയോജനപ്പെടുത്തും. ഡിസംബര്‍ 31ന് മുമ്പ് കുട്ടികളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. ജനുവരി ആറിന് ബാംഗ്ലൂരില്‍ നടക്കുന്ന ഗ്ലോബല്‍ മീറ്റില്‍ അക്കാദമിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
പ്രസാദ്, മാത്യു, പരിശീലകനും തോമസ് മാഷിന്റെ മകനുമായ രാജാസ്, എ.എന്‍.രവീന്ദ്രദാസ്, സലിംകുട്ടി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."