'ആദിവാസി യുവതിയുടെയും കുഞ്ഞിന്റെയും മരണം കേരളത്തിന് അപമാനം'
തിരുവനന്തപുരം: മതിയായ ചികിത്സ കിട്ടാതെ ആദിവാസി യുവതിയും കുഞ്ഞും മരിച്ച സംഭവം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മാക്കൂട്ടം വനത്തില്‍ പ്രസവത്തെത്തുടര്‍ന്നാണ് ആദിവാസി യുവതിയും നവജാത ശിശുവും മരിക്കാനിടയായത്. മൃതശരീരങ്ങള്‍ പുറത്തെത്തിക്കാന്‍ കഴിയാതെ 20 മണിക്കൂറോളം കാട്ടില്‍ അനാഥമായി കിടക്കുകയും ചെയ്തു. ആദിവാസികള്‍ക്ക് വേണ്ടി കോടികള്‍ ചെലവഴിച്ച് നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് ഈ ദുരന്തം.
സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ദുര്‍ബല വിഭാഗക്കാരായ ആദിവാസികളെ പ്രത്യേക പരിരക്ഷ നല്‍കി സംരക്ഷിക്കേണ്ടത് പരിഷ്‌കൃത സമൂഹത്തിന്റെ കടമയാണ്. അതിനാണ് വീഴ്ച സംഭവിച്ചിരിക്കുന്നത്. യുവതിയും കുഞ്ഞും വനത്തില്‍ മരിച്ചതറിഞ്ഞിട്ടും തിരിഞ്ഞു നോക്കാത്ത പൊലിസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം എത്തിക്കുകയും വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."