ഭര്‍ത്താവിനെ കൊലപ്പെടുത്തി: ഭാര്യയും കാമുകനും അറസ്റ്റില്‍
കോയമ്പത്തൂര്‍: ഭര്‍ത്താവിനെ ചവിട്ടിക്കൊലപ്പെടുത്തിയ ഭാര്യയേയും കൊലയ്ക്കു സഹായം ചെയ്ത കാമുകനേയും പൊലിസ് അറസ്റ്റ് ചെയ്തു. അണ്ണാനഗര്‍ തിരുമംഗലം ശാന്തോം കോളനിയിലെ പ്രമുഖ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയും വ്യവസായിയുമായ മുഹമ്മദ് ഹാഫിസ് (44) ആണു കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ അനീസ ഫാത്തിമ(33)യേയും ജിംനേഷ്യം മാസ്റ്റര്‍ പ്രേംകുമാറിനേ(33)യും പൊലിസ് അറസ്റ്റ് ചെയ്തു. എന്‍ജിനീയര്‍ കൂടിയായ മുഹമ്മദ് ഹാഫിസ്, അനീസ ഫാത്തിമ ദമ്പതികള്‍ക്ക് ഒരു മകനും മകളുമുണ്ട്.
ചെന്നൈയില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളും പത്തോളം ബംഗ്ലാവുകളുമുണ്ട് മുഹമ്മദ് ഹാഫിസിന്. തടി കുറയ്ക്കാന്‍ അനീസ ഫാത്തിമ വനിതകളുടെ ജിംനേഷ്യത്തില്‍ ചേര്‍ന്നപ്പോള്‍ അവിടെ മാസ്റ്ററായി പ്രവര്‍ത്തിച്ചയാളാണ് പ്രേംകുമാര്‍. അവിഹിതബന്ധത്തെതുടര്‍ന്ന് മുഹമ്മദ് ഹാഫിസ് അനീസ ഫാത്തിമയെ പലതവണ താക്കീത് ചെയ്തു.
ഭര്‍ത്താവില്ലാത്ത സമയത്ത് പ്രേംകുമാറിനെ അനീസ വീട്ടിലേക്കു വിളിച്ചു വരുത്തുമായിരുന്നെന്നു പൊലിസ് പറഞ്ഞു.
ഭാര്യയുടെ പെരുമാറ്റത്തില്‍ മനംനൊന്ത് ഹാഫിസ് മദ്യപാനം തുടങ്ങി. കഴിഞ്ഞ ദിവസം ഹാഫിസ് മുഹമ്മദ് മദ്യപിച്ചു എത്തിയപ്പോള്‍ അനീസ പ്രേംകുമാറിനെ വിളിച്ചുവരുത്തി കൊലയ്ക്കു പദ്ധതികള്‍ ആസൂത്രണം ചെയ്തു. പ്രേംകുമാര്‍ ഹാഫിസിനെ ക്രൂരമായി മര്‍ദിച്ചു നിലത്തിട്ടു.
ഈ സമയം അനീസ കാലുകൊണ്ട് ഹാഫിസിന്റെ കഴുത്തില്‍ ആഞ്ഞുചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഹാഫിസ് മുഹമ്മദിന്റെ മൃതദേഹമെടുത്തു കട്ടിലില്‍ കിടത്തി. രാവിലെ അനീസ ഫാത്തിമ നിലവിളിച്ചുകൊണ്ട് ഭര്‍ത്താവ് രാത്രി ഉറക്കത്തില്‍ ഹൃദയാഘാതത്തില്‍ മരിച്ചതായി ബന്ധുക്കളെ വിളിച്ചു പറയുകയായിരുന്നു. ഡോക്ടറെത്തി പരിശോധിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
എന്നാല്‍ സ്ഥലത്തെത്തിയ ഹാഫിസിന്റെ സഹോദരന്‍ ആദം മിയാഖാനാണു സംശയം തോന്നി വിവരം പൊലിസില്‍ അറിയിച്ചത്. ചെന്നൈ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണു ഹാഫിസിന്റെ ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളും കഴുത്തില്‍ ചവിട്ടേറ്റ പരുക്കുകളും കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."