പാകിസ്താനെ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്തി അമൃത്‌സര്‍ സമ്മേളനം
അമൃത്‌സര്‍: പാകിസ്താനെ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്തുകയെന്ന ഇന്ത്യന്‍ നിലപാടിന് ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ അംഗീകാരം. ഭീകരതയ്‌ക്കെതിരേ ശക്തമായ ഏറ്റുമുട്ടലാണ് വേണ്ടതെന്ന് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെടുന്നു. 14 ഏഷ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത ദ്വിദിന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം യഥാര്‍ഥത്തില്‍ പാകിസ്താനെ പൂര്‍ണമായും ഒറ്റപ്പെടുത്തുന്നു. മേഖല നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകരവാദമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ പ്രമേയം ഏകകണ്ഠമായി അവതരിപ്പിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്ര വിജയംകൂടിയാണ്.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് സമാധാനത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്. ഏത് രീതിയിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളേയും അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. രാജ്യങ്ങളെ അസ്ഥിരപ്പെടുത്തുന്ന വിധത്തില്‍ വളരുന്ന ഭീകരതയെ ഇല്ലാതാക്കാന്‍ സാമ്പത്തികമായും രാഷ്ട്രീയമായുമുള്ള സഹായങ്ങള്‍ പരസ്പരം പങ്കുവെക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. മുന്‍പ് ഇസ്്‌ലാമാബാദില്‍ നടന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളന പ്രമേയത്തില്‍ അല്‍ഖ്വായിദ, ഐ.എസ് തുടങ്ങിയ ഭീകര സംഘടനകളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. പാകിസ്താന്‍ തങ്ങളുടെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളെ ഇല്ലാതാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചര്‍ച്ചയില്‍ അഫ്ഗാന്‍ പ്രസിഡന്റ് ഡോ.അഷ്‌റഫ് ഗനി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പ്രമേയവും ഭീകരവാദത്തിന്റെ അപകടകരമായ അവസ്ഥയെക്കുറിച്ച് ചൂണ്ടിക്കാട്ടിയത്.
പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ ത്വയിബ, ജെയ്‌ഷെ മുഹമ്മദ് എന്നീ സംഘടനകളെ പ്രത്യേകം എടുത്തു പറഞ്ഞാണ് പ്രമേയം അവതരിപ്പിച്ചത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് കടുത്ത ഭീഷണിയാണ് ഇത്തരം തീവ്രവാദ സംഘടനകളെന്ന അഫ്ഗാനിസ്താന്റേയും ഇന്ത്യയുടേയും ആരോപണത്തിന് ശക്തിപകരുന്നതാണ് പ്രമേയം. എല്ലാതരം തീവ്രവാദപ്രവര്‍ത്തനങ്ങളേയും പിന്തുണക്കുന്നത് നിര്‍ത്തണമെന്നും പ്രമേയം ആഹ്വാനം ചെയ്യുന്നു.
ഇതാദ്യമായിട്ടാണ് ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ അഫ്ഗാനിസ്താനെ അസ്വസ്ഥമാക്കുന്ന തീവ്രവാദ ആക്രമണങ്ങളെക്കുറിച്ചും മേഖല പൊതുവെ നേരിടുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന താലിബാന്‍, അല്‍ഖായിദ, ഐ.എസ്, ലഷ്‌കറെ ത്വയിബ, ജെയ്‌ഷെ മുഹമ്മദ് എന്നീ സംഘടനകളുടെ പേരെടുത്തു പറഞ്ഞും പ്രമേയം അവതരിപ്പിക്കപ്പെടുന്നത്. ഈ തീവ്രവാദ സംഘടനകള്‍ ഏഷ്യന്‍ മേഖലകളില്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഭീകരവാദ സംഘടനകളുടെ ഇടപെടലുകള്‍ ഏഷ്യന്‍ രാജ്യങ്ങളുടെ വികസനത്തിനും സമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ച കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും ഏഷ്യന്‍ രാജ്യങ്ങള്‍ പരസ്പരം സഹവര്‍ത്തിത്തം പാലിക്കുന്നതിനൊപ്പം തീവ്രവാദത്തെ ഇല്ലാതാക്കണമെന്നതും സമ്മേളനത്തിന്റെ അടിസ്ഥാനമായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന്റെ അപകടകരമായ സാഹചര്യം സമ്മേളനം വിശദമായി ചര്‍ച്ച ചെയ്തുവെന്നും ഇന്ത്യന്‍ പ്രതിനിധി സംഘം അറിയിച്ചു. ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗനിയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."