ശബരിമലയില്‍ സുരക്ഷാ വീഴ്ച: ഡ്രോണ്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ യൂ ടൂബില്‍
പത്തനംതിട്ട: ബാബറി മസ്ജിദ് ദിനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനത്തില്‍ വന്‍ വീഴ്ച. സുരക്ഷയ്ക്കായി സജ്ജമാക്കിയ ആകാശ നിരീക്ഷണ ദൃശ്യങ്ങള്‍ പുറത്തായതാണ് സുരക്ഷാ വീഴ്ചയ്ക്കു കാരണം.
പൊലിസിനു വേണ്ടി ഡ്രോണുപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഏജന്‍സി തന്നെയാണ് സന്നിധാനത്തെ ദൃശ്യങ്ങള്‍ യു ടൂബു വഴി പ്രദര്‍ശിപ്പിച്ചത്. ഇവ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറല്‍ ആകുകയും ചെയ്തു.
ഇതേതുടര്‍ന്ന് ചിത്രങ്ങളും വീഡിയോകളും പൊലിസ് ഇടപെട്ട് പിന്‍വലിച്ചു. എന്നാല്‍ ഇവ എത്രപേര്‍ കണ്ടെന്നും മറ്റുമുള്ള കാര്യങ്ങളെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് പൊലിസ് വൃത്തങ്ങള്‍ പറയുന്നത്. സുരക്ഷാ വീഴ്ച കണക്കിലെടുത്ത് ദേവസ്വം ബോര്‍ഡ് നേരത്തേ ഏര്‍പ്പെടുത്തിയ തല്‍സമയ വെബ് കാസ്റ്റിങ് നിര്‍ത്തലാക്കിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം. മാവോയിസ്റ്റ് ആക്രമണങ്ങളുടെ സാധ്യതയുടെ പശ്ചാത്തലത്തിലാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും ചിത്രീകരണവും പൊലിസ് ഏര്‍പ്പെടുത്തിയത്. ഈ സാഹചര്യത്തില്‍, ഡ്രോണുപയോഗിച്ച് പകര്‍ത്തിയ ചിത്രങ്ങള്‍ പ്രചിപ്പിച്ചത് അതീവ സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍.
സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചെന്ന് ദേവസ്വം ബോര്‍ഡ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടെന്ന് ജില്ലാ പൊലിസ് മേധാവി ഹരിശങ്കറും അറിയിച്ചു. സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഡ്രോണ്‍ നിരീക്ഷണം നടത്തിയ ഏജന്‍സിക്ക് എന്തെങ്കിലും തരത്തിലുള്ള രഹസ്യ അജണ്ട ഉണ്ടായിരുന്നോ എന്ന കാര്യം അന്വേഷിക്കുമെന്നും എസ്.പി പറഞ്ഞു. എന്നാല്‍ ഒരു സ്വകാര്യ ഏജന്‍സിക്ക് സുരക്ഷാ നിരീക്ഷണത്തിന് അനുമതി നല്‍കിയ പൊലിസിനെതിരേ ദേവസ്വം ബോര്‍ഡില്‍ നിന്നടക്കം പ്രതിഷേധം വ്യാപകമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."