പാരിസ്ഥിതികാനുമതി വേണമെന്ന നിര്‍ദേശത്തിന് സ്റ്റേ ഇല്ല: ക്വാറികളുടെ പ്രവര്‍ത്തനം നിലക്കും
മാനന്തവാടി: ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി വേണമെന്ന നിര്‍ദ്ദേശം സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചതോടെ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ഇന്ന് നിലക്കും.
അഞ്ച് ഹെക്ടറോ അതില്‍ കുറവോ വിസ്തീര്‍ണമുള്ള ക്വാറികളുടെ പ്രവര്‍ത്തനമാണ് നിലക്കുക. കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2006 ല്‍ ഇറക്കിയ വിജ്ഞാപനത്തിലാണ് അഞ്ച് ഹെക്ടറോ അതില്‍ കുറവോ ഭൂമിയിലുള്ള ഏതുതരം ഖനനത്തിനും പാരിസ്ഥിതികാനുമതി ആവശ്യമാണെന്ന് നിര്‍ദേശം പുറപ്പെടുവിച്ചത്. ഇത് പ്രകാരം നിര്‍മാണ മേഖലയിലെ പാറ, ചെങ്കല്ല് മണല്‍ തുടങ്ങിയവയുടെ ഖനനത്തിനെല്ലാം പാരിസ്ഥികാനുമതി ആവശ്യമാണ്.
പുതുതായി തുടങ്ങുന്ന ഖനനത്തിനും നേരത്തെ പ്രവര്‍ത്തിക്കുന്നവയുടെ ലൈസന്‍സ് പുതുക്കുമ്പോഴും ജില്ലാകലക്ടര്‍ ചെയര്‍മാനായ ജില്ലാതല പാരിസ്ഥിക ആഘാത നിര്‍ണയ അതോറിറ്റിയില്‍ നിന്നും അനുമതി വാങ്ങണമെന്നായിരുന്നു ഉത്തരവിറങ്ങിയത്. എന്നാല്‍ ഇതിനെതിരെ സംസ്ഥാന സര്‍ക്കാരും പിന്നീട് ക്വാറി ഉടമകളും സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞ ദിവസം കേരളത്തിന് ഇളവ് നല്‍കാന്‍ സുപ്രീംകോടതി വിസമ്മതിക്കുകയും കേരളത്തിന്റെ വാദങ്ങള്‍ തള്ളുകയും ചെയ്തിരുന്നു. നേരത്തെ ക്വാറികളുടെ അനുമതി പുതുക്കുമ്പോള്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചിരുന്ന പാരിസ്ഥിതികാനുമതി പത്രം ഹാജരാക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഇളവ് നാളത്തെതോടെയാണ് അവസാനിക്കുന്നത്.
ഇതോടെയാണ് ജില്ലയിലെ മുഴുവന്‍ ക്വാറികളുടെയും പ്രവര്‍ത്തനം ഇന്നത്തോടെ നിര്‍ത്തി വെക്കേണ്ടി വരുന്നത്. 31 ചെറുകിട കരിങ്കല്‍ ക്വാറികളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.
കൂടാതെ സമീപ ജില്ലയില്‍ നിന്നെത്തുന്ന ചെങ്കല്ലുകളുടെ വരവും നിലക്കും. ഇത് ജില്ലയിലെ നിര്‍മാണ മേഖലയുടെ സ്തംഭനത്തിനും മേഖലയിലെ അന്യ സംസ്ഥാനക്കാരുള്‍പെടെയുള്ള തൊഴിലാളികള്‍ക്കും തൊഴിലില്ലാതാകുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."