ഹരിത കേരളം: വിളംബരമായി റാലികള്‍
നീലേശ്വരം: ജില്ലയില്‍ എട്ടിനു നടക്കുന്ന ഹരിത കേരളം പദ്ധതിയുടെ വിളംബരമായി ജില്ലയിലുടനീളം റാലികള്‍ നടന്നു. തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ സി.ഡി.എസ്, യൂത്ത് ക്ലബുകള്‍ എന്നിവയുടെ സഹകരണത്തോടെയാണു റാലികള്‍ സംഘടിപ്പിച്ചത്.
ജില്ലാതല ഉദ്ഘാടനം നടക്കുന്ന നീലേശ്വരം നഗരസഭയില്‍ കോണ്‍വന്റ് ജങ്ഷന്‍ മുതല്‍ മാര്‍ക്കറ്റ് ജങ്ഷന്‍ വരെ റാലി നടത്തി. സ്വാതന്ത്ര്യസമര സേനാനി കെ.ആര്‍ കണ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭാ അധ്യക്ഷന്‍ പ്രൊഫ. കെ.പി ജയരാജന്‍, ഉപാധ്യക്ഷ വി. ഗൗരി, സ്ഥിരംസമിതി അധ്യക്ഷന്മാര്‍, കൗണ്‍സലര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ചെറുകിട ജലസേചന വിഭാഗം എക്‌സി. എന്‍ജിനീയര്‍ പി.എന്‍ സുബൈര്‍, രാജാസ്, കോട്ടപ്പുറം ജി.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍, എന്‍.എസ്.എസ് അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ അണിനിരന്നു.
വൊര്‍ക്കാടി, പുത്തിഗെ, എന്‍മകജെ, മംഗല്‍പാടി, പൈവളിഗെ, മൊഗ്രാല്‍പുത്തൂര്‍, ചെമ്മനാട്, കുമ്പള, മധൂര്‍, ചെങ്കള, ബദിയടുക്ക, ബേഡഡുക്ക, കുമ്പഡാജെ, ബെളളൂര്‍, കാറഡുക്ക, അജാനൂര്‍, മടിക്കൈ, ഉദുമ, പളളിക്കര, ചെറുവത്തൂര്‍, വലിയപറമ്പ, പടന്ന, തൃക്കരിപ്പൂര്‍, പിലിക്കോട്, ബളാല്‍, കോടോം ബേളൂര്‍, കിനാനൂര്‍-കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി എന്നീ ഗ്രാമപഞ്ചായത്തുകളിലും ഹരിതകേരളം വിളംബരറാലി നടന്നു. കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭാ വിളംബരറാലി ഇന്ന് വൈകീട്ട് മൂന്നു മണിക്ക് നടക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന് അന്തിമരൂപം നല്‍കി. ജലസ്രോതസുകളുടെ സംരക്ഷണം, പരിസര ശുചിത്വം, തരിശുനിലങ്ങളെ കൃഷിയോഗ്യമാക്കല്‍ എന്നിവയ്ക്ക് ഈ മാസം എട്ടിന് തുടക്കമാകും. തദ്ദേശഭരണസ്ഥാപനങ്ങള്‍ ജലസ്രോതസുകളുടെ സംരക്ഷണത്തിനും ജൈവകൃഷി പ്രോത്സാഹനത്തിനും നടപടികള്‍ സ്വീകരിക്കും. ഹരിതകേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന് എല്ലാ ജനവിഭാഗങ്ങളുടെ സഹകരണമുണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."