റെക്കോര്‍ഡ് ഡബിളിന്റെ സുവര്‍ണനേട്ടവുമായി ബബിത
തേഞ്ഞിപ്പലം: റെക്കോര്‍ഡില്‍ ഡബിളടിച്ച് സി ബബിത. ആദ്യ ദിനം സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിനേക്കാള്‍ മികച്ച സമയത്തില്‍ പൊന്നണിഞ്ഞ ബബിത ഇന്നലെ 1500 മീറ്ററിലും മിന്നുന്ന പ്രകടനം നടത്തി. പാലക്കാട് കല്ലടി സ്‌കൂളിലെ താരമായ ബബിത 4.26.58 സെക്കന്റിലാണ് സ്വര്‍ണ കുതിപ്പ് നടത്തിയത്.
2013 ല്‍ പാലക്കാടിന്റെ തന്നെ പി.യു ചിത്ര സ്ഥാപിച്ച 4:26.76 സെക്കന്റ് റെക്കോര്‍ഡ് പഴങ്കഥയായി. ഉഷ സ്‌കൂളിന്റെ അബിത മേരി മാനുവല്‍ ഉയര്‍ത്തിയ കനത്ത വെല്ലുവിളി മറികടന്നായിരുന്നു ബബിതയുടെ സ്വര്‍ണ കുതിപ്പ്. ആദ്യ ലാപ്പു മുതല്‍ ഒപ്പത്തിനൊപ്പം ബബിതയും അബിതയും ഓടി. അവസാന ലാപ്പിലേക്ക് കടന്ന മത്സരത്തില്‍ ഒടുവിലത്തെ 200 മീറ്ററിലെ മികച്ച കുതിപ്പ് ബബിതക്ക് റെക്കോര്‍ഡ് സ്വര്‍ണം സമ്മാനിച്ചു. 4:28.74 സെക്കന്റ് സമയത്തിലാണ് ഉഷയുടെ ശിഷ്യ അബിത ഫിനിഷിങ് ലൈന്‍ തൊട്ടത്. 5000 മീറ്ററില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ കോതമംഗലം മാര്‍ബേസിലിന്റെ അനുമോള്‍ തമ്പി 4:39.37 സെക്കന്റില്‍ വെങ്കലം നേടി.
സ്‌കൂള്‍ കായികോത്സവത്തിലെ എട്ടാം സ്വര്‍ണ നേട്ടമാണ് ബബിതയുടേത്. സബ്ജൂനിയര്‍ തലത്തില്‍ 400, 600 വിഭാഗങ്ങളില്‍ തുടങ്ങിയ മികവ് മധ്യ, ദീര്‍ഘ ദൂര ഇനങ്ങളിലേക്ക് പറിച്ചുനട്ടത് പരിശീലകന്‍ രാമചന്ദ്രനാണ്. 2011 മുതല്‍ ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തിനു വേണ്ടിയിറങ്ങി നേടിയത് ഒരു പിടി മെഡലുകള്‍. മലേഷ്യയില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍ മീറ്റിലും ബ്രസീലില്‍ നടന്ന ലോക സ്‌കൂള്‍ മീറ്റിലും 800 മീറ്ററില്‍ വെങ്കല നേട്ടം. കൊളംബിയയിലെ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ രാജ്യത്തിനു വേണ്ടിയും ഈ പാലക്കാട്ടുകാരി ട്രാക്കിലിറങ്ങി. ഇന്ന് 800 മീറ്ററിലും ബബിത മത്സരിക്കാനിറങ്ങും.
എന്നാല്‍ ഇതില്‍ സ്വര്‍ണ പ്രതീക്ഷയില്ലെന്ന് ഇന്നലത്തെ റെക്കോര്‍ഡ് പ്രകടനത്തിനു ശേഷം ബബിത പറഞ്ഞു. വാണിയംകുളം ചുക്കന്‍മാര്‍തൊടി ബാലകൃഷ്ണന്റെയും കമലത്തിന്റെയും മകളാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ ഈ മിടുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."