ഇനി നമുക്ക് പാര്‍ക്കാന്‍ മുളവീടുകളും
പുതുക്കാട്: നമുക്ക് പാര്‍ക്കാന്‍ മുളവീട് ഒരുങ്ങുന്നു. മുളയുടെയും മുളയുല്‍പന്നങ്ങളുടയും പ്രചാരകനായ കൊറ്റനല്ലൂര്‍ സ്വദേശി ഉണ്ണികൃഷ്ണ പാക്കനാരും സംഘവും ആണ് പുതുക്കാട് ചെറുവാളില്‍ താമസിക്കാനായി മുളവീട് നിര്‍മിക്കുന്നത്. എറണാകുളം സ്വദേശിയായ നന്ദകുമാര മേനോന് വേണ്ടിയാണ് വീട് നിര്‍മാണം. വീടിനു സാധാരണ പോലെയുള്ള തറ ഇല്ല. പകരം നൂറോളം മുളങ്കാലുകള്‍ ആണ് വീടിനെ താങ്ങി നിര്‍ത്തുന്നത്.
സിമെന്റ് കോണ്‍ക്രീറ്റില്‍ നാല് അടിയോളം താഴ്ത്തിയാണ് കാലുകള്‍ കുഴിച്ചിട്ടുള്ളത് എന്നതിനാല്‍ മുള മണ്ണില്‍ മുട്ടുന്നില്ലെന്നും അതുകൊണ്ടു തന്നെ ചിതല്‍ കയറില്ലെന്നും പാക്കനാര്‍ പറഞ്ഞു. കൂടാതെ പുഴുക്കുത്ത് ഒഴിവാക്കാനായി പ്രത്യേക രാസവസ്തുവും ഉപയോഗിച്ചിട്ടുണ്ട്. വീടിന്റെ മേല്‍ക്കൂരയും മുള കൊണ്ട് നിര്‍മിതമാണ്. മുള പൊളിച് കമിഴ്ത്തിയും മലര്‍ത്തിയും അടുക്കിയാണ് മേല്‍ക്കൂര നിര്‍മിച്ചിട്ടുള്ളത് എന്നതിനാല്‍ ചോര്‍ച്ച ഉണ്ടാവില്ല എന്നും പാക്കനാര്‍ പറഞ്ഞു.
അതിരപ്പിള്ളി, തുമ്പൂര്‍മുഴി ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച മുളകളാണ് ഈ വീട് നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. മുള കൂടാതെ മുള ഉല്‍പന്നമായ ബാംബൂ പ്ലൈയും വീട് നിര്‍മാണ ഘട്ടത്തില്‍ വാതില്‍, ജനല്‍ എന്നിവ നിര്‍മിക്കാനായി ഉപയോഗിച്ചിട്ടുണ്ട്.
ബാംബൂപ്ലൈ ഉണ്ടാക്കുന്ന കമ്പനി അതിന്റെ നിര്‍മാണത്തിനായി മെഷീന്‍ ഉപയോഗിച്ചതൊഴിച്ചാല്‍ പൂര്‍ണമായും കൈവേല മാത്രമാണ് വീട് നിര്‍മാണത്തിന് പുറകില്‍ ഉള്ളത്. കിടപ്പു മുറിയും അടുക്കളയും ശൗചാലയവും വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. മുപ്പതോളം പണിക്കാരുടെ 4 മാസത്തോളം നീണ്ട ഫലമാണ് സംസ്ഥാനത്തു തന്നെ ആദ്യമായി ഉയരുന്ന മുളവീട്. 60 ടണ്ണോളം മുള ഉപയോഗിച്ച് 20 ലക്ഷത്തോളം രൂപ ചിലവില്‍ നിര്‍മിക്കുന്ന ഈ വീട്ടില്‍ വേനല്‍ക്കാലത്ത് മിതശീതോഷ്ണ കാലാവസ്ഥയായിരിക്കുമെന്നും പാക്കനാര്‍ പറഞ്ഞു.
ഒരു നിലക്ക് 36 അടി നീളവും 16 അടി വീതിയും ഉള്ള രണ്ടു നിലകളിലായാണ് വീട് പണി നടക്കുന്നത്. രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ വീട് പണി പൂര്‍ത്തിയാകുമെന്നും പാക്കനാര്‍ അറിയിച്ചു. കൂടാതെ മുള ഉപയോഗിച്ച് വസ്ത്രം ഉല്‍പാദിപ്പിക്കാമെന്നും അത്തരത്തില്‍ ഇന്ത്യയില്‍ ഒരേ ഒരു ഫാക്ടറി തിരുപ്പൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."