ഒ.ഡി.എഫ് പദ്ധതി പൂര്‍ത്തീകരിച്ചിട്ട് ഒരുമാസം: കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഇനിയും ലഭിച്ചില്ല
മലപ്പുറം: കേരളത്തെ സമ്പൂര്‍ണ ശൗചാലയ സംസ്ഥാനമായി പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും പദ്ധതിക്കുള്ള കേന്ദ്രഫണ്ട് ലഭ്യമായില്ല. മുഴുവന്‍ വീടുകളിലും ശുചിമുറി സ്ഥാപിക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനുവേണ്ടിയാണ് സംസ്ഥാനത്തെ 941 പഞ്ചായത്തുകളിലായി 174720 ശുചിമുറികള്‍ നിര്‍മിച്ചത്. കഴിഞ്ഞ മാസം ഒന്നിന് പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനമില്ലാത്ത സംസ്ഥാനമായി (ഓപണ്‍ ഡെഫിക്കേഷന്‍ ഫ്രീ- ഒ.ഡി.എഫ്) കേരളത്തെ പ്രഖ്യാപിക്കുകയും ചെയ്്തു. എന്നാല്‍ പദ്ധതിക്കുള്ള കേന്ദ്ര സര്‍ക്കാര്‍ ഫണ്ടാണ് ഇനിയും ലഭിക്കാത്തത്.
15,400 രൂപ ചെലവഴിച്ചായിരുന്നു ഓരോ ശൗചാലയവും നിര്‍മിച്ചിരുന്നത്. ഇതില്‍ 12,000 രൂപ കേന്ദ്രസര്‍ക്കാര്‍ ഫണ്ടും 3,400 രൂപ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടുമായിരുന്നു. കേന്ദ്രഫണ്ട് ലഭിക്കാത്തതുമൂലം മുഴുവന്‍ ചെലവും തദ്ദേശ സ്ഥാപനങ്ങള്‍ വഹിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഇത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാണുണ്ടാക്കിയത്. പഞ്ചായത്തുകള്‍ നല്‍കേണ്ട തുകയും കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ട തുകയും കൂടിയാവുമ്പോള്‍ ചില പഞ്ചായത്തുകള്‍ അന്‍പതു ലക്ഷം വരെ ഇതിനായി ചിലവഴിക്കേണ്ട സ്ഥിതിയാണുണ്ടായത്. എന്നാല്‍ ചിലവഴിച്ച തുക എന്ന് കിട്ടുമെന്ന് യാതൊരു വിവരവുമില്ല. ചിലയിടങ്ങളില്‍ ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഗുണഭോക്താക്കള്‍ സ്വന്തം ചെലവിലാണ് ശുചിമുറികളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ചില പഞ്ചായത്തുകള്‍ ഫണ്ട് നീക്കിവെച്ചിട്ടുണ്ടെങ്കിലും ട്രഷറികളില്‍ നിന്ന് പണം ലഭിക്കാനുള്ള കാലതാമസം മൂലം ഗുണഭോക്താക്കള്‍ക്ക് തുക കൈമാറിയിട്ടില്ല.
പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനമില്ലാത്ത പ്രദേശമാക്കി മാറ്റാനുള്ള സ്വച്ഛ്ഭാരത് മിഷന്റെ ലക്ഷ്യം കൈവരിക്കാനാണ് ശൗചാലയമില്ലാത്തവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ അവ നിര്‍മിച്ചു നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."