സംഘ്പരിവാര്‍ അജണ്ടകള്‍ രാജ്യത്ത് അടിച്ചേല്‍പിക്കുന്നു: പന്ന്യന്‍ രവീന്ദ്രന്‍
മണ്ണാര്‍ക്കാട്: ഭരണഘടന തത്ത്വങ്ങള്‍ പാലികേണ്ട ഭരണകൂടം സത്യപ്രതിജ്ഞയേയും ഭരണഘടനയേയും അവഹേളിക്കുകയാണ്. രാജ്യം ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടിയതിന്റെ അഹങ്കാരത്തില്‍ ആര്‍.എസ്.എസ്-സംഘ്പരിവാര്‍ അജണ്ടകള്‍ രാജ്യത്ത് അടിച്ചേല്‍പ്പിക്കുകയാണ് ബി.ജെ.പി ഭരണകൂടം ചെയ്യുന്നതെന്ന് ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. സി.പി.ഐയുടെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് നടന്ന വര്‍ഗീയ ഫാസിസ്റ്റ് വിരുദ്ധ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ വേണ്ട സാഹചര്യം ഒരുക്കിയത് ആര്‍.എസ്.എസ് -സംഘ്പരിവാര്‍ സംഘടനാ നേതാക്കളുടെ ഹിന്ദുരാജ്യ വിളംബരം ആയിരുന്നു. ഇന്നാകട്ടെ വലിയ മോഹങ്ങള്‍ നല്‍കി സാധാരണകാരനെ വാരിക്കുഴിയില്‍ ചാടിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധാരണകാരെ വഞ്ചിക്കാന്‍ ഏത് ദൈവമാണ് ഇവരോട് പറഞ്ഞത് എന്ന് ഇവര്‍ വെളിപ്പെടുത്തണം.
കോര്‍പ്പറേറ്റുകളുടെ വാലാട്ടിയായി അധപതിച്ച മോദി സാധാരണക്കാരന്റെ കഞ്ഞിപാത്രത്തില്‍ പൂഴിയിട്ട് സ്വര്‍ണ കുപ്പായം ധരിച്ച് നടക്കുന്നത് ജനം തിരിച്ചറിയുന്ന സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുതലാളിത്ത രാഷ്ട്രതലവന്‍മാരുടെ കൈയ്യടി കിട്ടാന്‍ പാവങ്ങളുടെ വയറ്റത്തടിക്കുന്ന മോദി ജനനവും മരണവും ബാങ്കിനും എ.ടി.എം കൗണ്ടറിനു മുന്നിലും ആക്കി അതുകണ്ട് ആനന്ദിക്കുകയാണെന്നും പന്ന്യന്‍ പരിഹസിച്ചു.
കെ.പി. സുരേഷ്‌രാജ്, മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ, ജോസ് ബേബി, പാലോട് മണികണ്ഠന്‍, പി. ശിവദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."