നോട്ട് നിരോധനം; ചിട്ടികളും അവതാളത്തില്‍
പാറക്കടവ്: ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ പ്രധാന പങ്കുവഹിക്കുന്ന ചിട്ടി സമ്പ്രദായം നോട്ട് നിരോധനത്തോടെ അവതാളത്തിലായി. ഓരോ പ്രദേശത്തേയും പത്തുമുതല്‍ നൂറുവരെ ആളുകളെ ചേര്‍ത്ത് പ്രാദേശികമായി നടത്തിവന്നിരുന്ന ചിട്ടികള്‍ കഴിഞ്ഞ ഒരു മാസമായി നിലച്ചമട്ടാണ്. ഗ്രാമപ്രദേശങ്ങളില്‍ 'കുറി' എന്ന നാമത്തില്‍ അറിയപ്പെടുന്ന ഇത്തരത്തിലുള്ള ചിട്ടികള്‍ വ്യക്തികളോ ഒരു കൂട്ടമാളുകളോ മുന്‍കൈയെടുത്ത് നടത്തുന്നവയാണ്. വിവാഹം, പ്രസവം, വീട് നിര്‍മാണം തുടങ്ങിയവ ലക്ഷ്യമാക്കിയാണ് ആളുകള്‍ ഇത്തരം ചിട്ടികളില്‍ അംഗമാകാറുള്ളത്.
പൊതുവേ വിവാഹ സീസണായ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് 500, 1000 നോട്ടുകള്‍ അസാധുവാക്കിയെന്ന പ്രഖ്യാപനം വന്നത്. ഇതോടെ ചിട്ടികളില്‍ നിന്ന് പണം ലഭിക്കാതെ ഇടപാടുകാരും ഇതിലേക്ക് പണം അടക്കാനാകാതെ നടത്തിപ്പുകാരും പ്രതിസന്ധിയിലായി. ചില സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന വലിയ ചിട്ടികളില്‍ നിന്ന് പോലും 24000 രൂപ മാത്രം പിന്‍വലിക്കാമെന്ന അവസ്ഥയായതോടെ ഇത്തരം ചിട്ടികളും സ്തംഭനാവസ്ഥയിലാണ്. വടക്കേ മലബാറില്‍ നൂറ്റാണ്ടുകളായി നിലനിന്നു പോന്നിരുന്ന 'പണപ്പയറ്റ് ' എന്ന പേരില്‍ അറിയപ്പെടുന്ന പ്രത്യേകതരം സാമ്പത്തിക ഇടപാടും ഒരു മാസക്കാലമായി നിലച്ചിട്ടുണ്ട്. നിലച്ച ചിട്ടികള്‍ പുനരാരംഭിക്കാനാകാത്തിനാല്‍ ഇവയുടെ നടത്തിപ്പുകാരും പ്രയാസത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."