മുന്‍ഗണനേതര പട്ടികയിലെ അനര്‍ഹര്‍: പരിശോധന അന്തിമഘട്ടത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ മാസത്തെ റേഷന്‍ വിതരണ കാലാവധി ദീര്‍ഘിപ്പിക്കാന്‍ ഭക്ഷ്യവകുപ്പിന്റെ തീരുമാനം. ഈ മാസം 15 വരെ സമയം നീട്ടണമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കി. നവംബറിലെ റേഷന്‍ വിതരണം 12 ന് പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍, റേഷന്‍ കടകളിലേക്ക് മൊത്തവിതരണ കേന്ദ്രങ്ങളില്‍ നിന്നും കൃത്യമായി അരി എത്താത്തതും മുന്‍ഗണനാ പട്ടികയിലെ പ്രശ്‌നങ്ങളുമാണ് റേഷന്‍ വിതരണം മുടങ്ങാന്‍ കാരണം. ഭക്ഷ്യഭദ്രതാ നിയമത്തിന് കീഴില്‍ വരുന്നവര്‍ക്ക് മൂന്ന് കിലോഗ്രാം വീതം നല്‍കാനുള്ള അരി റേഷന്‍ കടകളില്‍ എത്തിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി പി തിലോമത്തന്റെ ഓഫിസ് വ്യക്തമാക്കി. അതിനിടെ അര്‍ഹരുടെ അത്താഴം മുടക്കി മുന്‍ഗണനേതര പട്ടികയില്‍ കയറിക്കൂടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള അനര്‍ഹരെ കണ്ടെത്താനുള്ള പരിശോധനയും പുരോഗമിക്കുകയാണ്.
മുന്‍ഗണനേതര വിഭാഗത്തില്‍ ഉള്‍പ്പെട്ട 1.21 കോടി പേര്‍ക്ക് രണ്ട് രൂപയ്ക്ക് രണ്ടു കിലോ അരി വീതം നല്‍കാനായി പട്ടിക തയാറാക്കിയിരുന്നു. ഭക്ഷ്യഭദ്രതാ നിയമം നടപ്പാകുന്നതോടെ റേഷന്‍ വിഹിതം നഷ്ടമാകുന്നവര്‍ക്കായാണ് മുന്‍ഗണനേതര വിഭാഗത്തിന്റെ പട്ടിക തയാറാക്കിയിരുന്നത്. ഈ പട്ടികയും അരി വിഹിതവും റേഷന്‍ കടകളില്‍ എത്തുകയും ചെയ്തു. ഇതിനിടെ പട്ടികയില്‍ ക്രമക്കേട് നടന്നതായി വ്യക്തമായതോടെയാണ് അരി വിതരണം സര്‍ക്കാര്‍ തല്‍ക്കാലം മരവിപ്പിച്ചത്. അനര്‍ഹരെ കണ്ടെത്തി പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. അനര്‍ഹരുടെ പട്ടിക തയാറാക്കി അടുത്ത ആഴ്ച റേഷന്‍ വിതരണം നടത്താനാണ് ഭക്ഷ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
1.54 കോടി പേരാണ് സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാ പദ്ധതിക്ക് കീഴില്‍ റേഷന്‍ ലഭിക്കാന്‍ അര്‍ഹരായിട്ടുള്ളത്. ഇവരില്‍ പകുതി പേര്‍ക്ക് മാത്രമാണ് ഇതുവരെ റേഷന്‍ ലഭ്യമായിട്ടുള്ളത്. എഫ്.സി.ഐ ഗോഡൗണുകളിലെ തൊഴിലാളികള്‍ നിസഹകരണം പ്രഖ്യാപിച്ചതും റേഷന്‍ വിതരണം തടസ്സപ്പെടാന്‍ കാരണമായി.
റേഷന്‍ വിതരണം ഇതുവരെ നിയന്ത്രിച്ചിരുന്ന മൊത്തവിതരണ ലോബിക്ക് തിരിച്ചടിയാണ് ഭക്ഷ്യഭദ്രതാ പദ്ധതി. നിലവില്‍ റേഷന്‍ വിതരണത്തിലെ ഇടനിലക്കാരായ മൊത്തവിതരണ ഏജന്‍സികള്‍ 2017 ഏപ്രില്‍ മുതല്‍ പൂര്‍ണമായും ഈ രംഗത്ത് നിന്നും ഒഴിവാക്കപ്പെടുകയാണ്. ഉദ്യോഗസ്ഥ പിന്തുണയോടെ റേഷന്‍ സംവിധാനം നിയന്ത്രിച്ചിരുന്നത് മൊത്തവിതരണ ഏജന്‍സികളായിരുന്നു.
ഭക്ഷ്യവസ്തുക്കളുടെ സംഭരണത്തിന് നിലവില്‍ സംവിധാനം ഇല്ലാത്തതിനാല്‍ മൊത്തവിതരണ ഏജന്‍സികള്‍ വഴി തന്നെയാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ റേഷന്‍ വിതരണം നടത്തുന്നത്.
വരുന്ന ഏപ്രിലിന് മുന്‍പായി സംസ്ഥാനത്തൊട്ടാകെ സംഭരണ കേന്ദ്രങ്ങള്‍ തുറന്ന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നേരിട്ട് റേഷന്‍ കടകളില്‍ അരിയെത്തിക്കും. റേഷന്‍ കടകളില്‍ കംപ്യൂട്ടര്‍വല്‍കരണം നടപ്പാക്കുന്നതിനൊപ്പം ജില്ലാതലങ്ങളില്‍ പരാതി പരിഹാര ഫോറങ്ങളും പ്രവര്‍ത്തിച്ചു തുടങ്ങും. ഇതിന്റെ പൈലറ്റ് പദ്ധതി കൊല്ലം ജില്ലയിലാണ് നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."