പീപ്പിള്‍സ് റൈറ്റ് സംസ്ഥാന സമ്മേളനം 10,11 തിയതികളില്‍
മലപ്പുറം: നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് സംസ്ഥാന സമ്മേളനം 10,11 തിയതികളില്‍ പരപ്പനങ്ങാടി രാജീവ്ഗാന്ധി കള്‍ച്ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 10ന് വൈകിട്ട് നാലിന് ബിഷപ്പ് മാര്‍ യോഹന്നാന്‍ യോസഫ് ആദ്യദിന സമ്മേളനം ഉദ്ഘാടനം ചെയ്യും.
11ന് രാവിലെ 10ന് നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. എന്‍.എഫ്.പി.ആര്‍ സംസ്ഥാന സെക്രട്ടറി എസ്.എസ് മനോജ് അധ്യക്ഷനാകും. പി.കെ അബ്ദുറബ്ബ് എം.എല്‍.എ മുഖ്യാതിഥിയാകും.
എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ശശികുമാര്‍ കാളികാവ്, എ.പി അബ്ദുല്‍ സമദ്, അഷ്‌റഫ് തെന്നല, നാദിര്‍ഷ കടായില്‍ എന്നിവര്‍ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്റിനെതിരേ നോട്ടീസ്; മെമ്പറടക്കം മൂന്നു പേര്‍ക്കെതിരേ കേസ്
മാറഞ്ചേരി: മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധുവിനെതിരേ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ നോട്ടീസ് പ്രചരിപ്പിച്ചതിന് പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ പെരുമ്പടപ്പ് പൊലിസ് കേസെടുത്തു. അഡ്വ. ഇ. സിന്ധു നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പൊന്നാനി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്തംഗവുമായ ടി. ശ്രീജിത്ത്, ഡി.സി.സി അംഗവും മാറഞ്ചേരി ഗ്രാമപഞ്ചായത്ത് മുന്‍ അംഗവുമായ ടി. മാധവന്‍, പ്രവാസി കോണ്‍ഗ്രസ് നേതാവ് നൗഷാദ് അച്ചാട്ടേല്‍ എന്നിവര്‍ക്കെതിരേ കേസെടുത്തത്.
അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചുള്ള കൃത്യം നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. രണ്ടാഴ്ച മുന്‍പാണ് മാറഞ്ചേരിയിലെ സി.പി.എം നേതൃത്വത്തെ വിമര്‍ശിച്ചും പഞ്ചായത്ത് പ്രസിഡന്റ്, സി.പി.എം മാറഞ്ചേരി സെന്റര്‍ ബ്രാഞ്ച് സെക്രട്ടറി എന്നിവര്‍ക്കെതിരേ നോട്ടീസ് പുറത്തിറങ്ങിയിരുന്നത്.
നിളാ ബീച്ച് ഫെസ്റ്റ് 23 മുതല്‍
പുറത്തൂര്‍: കൂട്ടായി പടിഞ്ഞാറെക്കര സണ്‍ ആന്‍ഡ് സാന്‍ഡ് ബീച്ചില്‍ 23ന് നിളാ ബീച്ച് ഫെസ്റ്റിന് തുടക്കമാകും. വിനോദ സഞ്ചാര വകുപ്പും വ്യവസായ വകുപ്പും തദ്ദേശ വകുപ്പും മംഗലം നിള ടൂറിസം സൊസൈറ്റിയും ചേര്‍ന്നാണ് പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
സ്വാഗതസംഘ രൂപീകരണ യോഗം മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. നസറുള്ള, പഞ്ചായത്ത് പ്രസിഡന്റുമാരായ റഹ്മത്ത് സൗദ, പി. കുമാരന്‍, എം. കുഞ്ഞാവ, ബ്ലോക്ക് മെമ്പര്‍മാരായ സി.പി ഷുക്കൂര്‍, ടി.പി അശോകന്‍, വാര്‍ഡ് മെമ്പര്‍ എം. മുജീബ് റഹ്മാന്‍, നിള ടൂറിസം സൊസൈറ്റി പ്രസിഡന്റ് എം.എം കബീര്‍, സി.പി കുഞ്ഞിമൂസ, ഖാദര്‍ ബാബു സംസാരിച്ചു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് പുതിയ അമരക്കാരന്‍
എടക്കര: മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ ഇനി അഡ്വ. വി.വി പ്രകാശ് നയിക്കും. കോണ്‍ഗ്രസ് ആദര്‍ശം ജീവിതത്തില്‍ പകര്‍ത്തിയ വിവി പ്രകാശിന്റെ ഏറെ കാലത്തെ പ്രവര്‍ത്തന മികവിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ എടക്കരയില്‍ ഗവ. ഹൈസ്‌കൂളിനു സമീപം വലിയതൊടിക പരേതനായ കൃഷ്ണന്‍ നായരുടെയും സരോജിനി അമ്മയുടെയും മകനായി ജനിച്ച വി.വി പ്രകാശ്, എടക്കര ഗവ. സ്‌കൂള്‍, ചുങ്കത്തറ എം.പി.എം സ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടി. മമ്പാട് എം.ഇ.എസ് കോളജില്‍നിന്നു പ്രീഡിഗ്രിയും മഞ്ചേരി എന്‍.എസ്.എസില്‍നിന്നു ഡിഗ്രിയും കോഴിക്കോട് ഗവ. ലോ കോളജില്‍നിന്ന് നിയമബിരുദവും നേടി.
കേരള വിദ്യാര്‍ഥി യൂനിയന്റെ ഏറനാട് താലൂക്ക് പ്രസിഡന്റായാണ് രാഷ്ട്രീയം തുടങ്ങിയത്. ജില്ലാ കെ.എസ്.യു ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, കാലിക്കറ്റ് വാഴ്‌സിറ്റി സെനറ്റ് മെമ്പര്‍, എടക്കര സര്‍വിസ് സഹകര ബാങ്ക് പ്രസിഡന്റ്, എടക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഒരുതവണ തവനൂര്‍ നിയോജക മണ്ഡലത്തില്‍നിന്നു നിയമസഭയിലേക്കു മത്സരിച്ചെങ്കിലും കെ.ടി ജലീലിനോട് പരാജയപ്പെട്ടു.
ഭാര്യ: സ്മിത പ്രകാശ്. മക്കള്‍: നന്ദിത, നിള.
അന്തര്‍ സര്‍വകലാശാലാ വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ നാളെ മുതല്‍
തേഞ്ഞിപ്പലം: ദക്ഷിണ മേഖലാ അന്തര്‍ സര്‍വകലാശാലാ വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പ് കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നാളെ ആരംഭിക്കും. 54 സര്‍വകലാശാലകള്‍ അഞ്ച് ദിവസങ്ങളിലായിട്ടാണ് നോക്കൗട്ട് കം ലീഗ് അടിസ്ഥാനത്തില്‍ നാല് പൂളുകളിലായി മത്സരിക്കുന്നത്.
പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജമാക്കിയ ഔട്ട് ഡോര്‍ കോര്‍ട്ടിലായിരിക്കും നടക്കുക. ഫൈനല്‍ ലീഗ് മത്സരങ്ങള്‍ പി.ടി ഉഷ സിന്തറ്റിക് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും നടക്കും. പത്തിന് കോഹിനൂര്‍ ഗ്രൗണ്ടില്‍നിന്നു വൈകിട്ട് മൂന്നോടെ ടീമുകളുള്‍പ്പെടെയുള്ള ജനകീയ വിളംബര ജാഥയോടുകൂടി ചാംപ്യന്‍ഷിപ്പിന് തുടക്കമാകും.
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കഞ്ഞിവച്ച് പ്രതിഷേധിച്ചു
മലപ്പുറം: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ജീവനക്കാര്‍ കഞ്ഞിവച്ചു പ്രതിഷേധിച്ചു. ട്രാന്‍സ്പര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന സമരം ഡ്രൈവേഴ്‌സ് യൂനിയന്‍ സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.
ടി.ഡി.എഫ് ജില്ലാ പ്രസിഡന്റ് എന്‍.കെ.എം ഫൈസല്‍ അധ്യക്ഷനായി. വര്‍ക്കേഴ്‌സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന സെക്രട്ടറി ഹിക്കാദിരി, ഷാനവാസ്, മോഹനന്‍ സംസാരിച്ചു. ശമ്പളം ലഭിക്കുന്നതുവരെ സമരം തുടരുമെന്നും എന്നാല്‍ പണിമുടക്കിയല്ല ഇപ്പോഴത്തെ സമരമെന്നും നേതാക്കള്‍ പറഞ്ഞു.
ആര്യാടന് വന്‍ തിരിച്ചടി
നിലമ്പൂര്‍: വി.വി പ്രകാശിനെ ഡി.സി.സി അധ്യക്ഷനാക്കിയത് ആര്യാടന്‍ മുഹമ്മദിനുള്ള കനത്ത തിരിച്ചടി. പ്രകാശ് പ്രസിഡന്റായതോടെ നിലമ്പൂരില്‍ ഇന്നലെ രാത്രി ആര്യാടന്‍ വിരോധികളുടെ നേതൃത്വത്തില്‍ വന്‍ ആഹ്ലാദ പ്രകടനമാണ് നടന്നത്.
തന്റെ തട്ടകത്തലേറ്റ കനത്ത തിരിച്ചടി ആര്യാടനെ ഏറെ പ്രതിരോധത്തിലാക്കുകയാണ്. 1980 മുതല്‍ കോണ്‍ഗ്രസ് ഗ്രൂപ്പു പോരില്‍ എ ഗ്രൂപ്പിന്റെ അനിഷേധ്യ നേതാക്കന്‍മാരില്‍ ഒരാളായിരുന്ന ആര്യാടന് വി.വി പ്രകാശിന്റെ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ പദവി വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. 80 മുതല്‍ തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് രംഗത്തുള്ള ആര്യാടന്‍ 82ല്‍ മാത്രമാണ് ടി.കെ ഹംസയ്ക്കു മുന്നില്‍ അടിപതറിയത്.
മകനുവേണ്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ രംഗത്തുവരികയും വി.വി പ്രകാശ് ഉള്‍പ്പെടെയുള്ളവരെ എതിര്‍പക്ഷത്താക്കുകയും ചെയ്തത് ആര്യാടന് പാര്‍ട്ടിക്കുള്ളില്‍ ക്ഷീണമായി. തെരഞ്ഞെടുപ്പില്‍ മകന്‍ പരാജയപ്പെട്ടുവെന്നു മാത്രമല്ല, സ്വന്തം ബൂത്തിലടക്കം പിറകിലുമായി. തന്റെ വിശ്വസ്ഥന്‍ ഡി.സി.സി പ്രസിഡന്റായില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവാണ് വി.എ കരീമിനു വേണ്ടി ആര്യാടന്‍ ശക്തമായി രംഗത്തുവരാന്‍ കാരണമായത്. എന്നാല്‍, ആര്യാടന്റെ മുന്നറിയിപ്പുകള്‍ തള്ളിയാണ് പാര്‍ട്ടി പ്രകാശിനെ പ്രസിഡന്റാക്കിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ധനസഹായം അനുവദിച്ചു
മലപ്പുറം: വിവിധ രോഗങ്ങളാല്‍ പ്രയാസപ്പെടുന്ന ജില്ലയിലെ ആറു പേര്‍ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു ധനസഹായം അനുവദിച്ചു. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു നാലു പേര്‍ക്കു മൂന്നു ലക്ഷം രൂപവീതവും മറ്റു ചികിത്സയ്ക്കായി രണ്ടു പേര്‍ക്ക് 75,000 രൂപയുമാണ് അനുവദിച്ചത്.
പട്ടിക്കാട്, കീഴാറ്റൂര്‍, ചുള്ളിയില്‍ വീട്ടില്‍ മുഹമ്മദ് ഷിഫിന്‍, പൊന്‍മള, ചാപ്പനങ്ങാടി പൂളയ്ക്കല്‍ വീട്ടില്‍ യൂനുസ് സലീം, പൊന്നാനി നഗരം കടവനാട് തോട്ടുവളപ്പില്‍ വീട്ടില്‍ വിനോദ്, തിരൂരങ്ങാടി അരിയല്ലൂര്‍ പാറോല്‍ പുതുശ്ശേരി വീട്ടില്‍ രമേശന്‍ എന്നിവരുടെ വൃക്ക മാറ്റിവയ്ക്കലിനും വൃക്ക രോഗത്തെ തുടര്‍ന്നു ചികിത്സയില്‍ കഴിയുന്ന കൊണ്ടോട്ടി, പിലാത്തോട്ടത്തില്‍ വീട്ടില്‍ റഫീഖ്, വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പൊന്നാനി, അയിലക്കാട്ട് പുളിയക്കോട് വീട്ടില്‍ ജിഷ്ണുരാജിന്റെ ചികിത്സാ ചെലവിലേക്ക് 75,000 രൂപ വീതവുമാണ് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."