വാട്ടര്‍ അതോറിറ്റിയുടെ നിസംഗത: വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയാകുന്നു
ചെര്‍ക്കള: സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുള്ള ബാവിക്കര ശുദ്ധജല പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് ലൈന്‍ പൊട്ടി വെള്ളം പാഴായി ഒഴുകുന്നത് സ്‌കൂളിന്റെ ചുറ്റുമതിലിന് ഭീഷണിയാകുന്നു.
നവകേരള മിഷന്റെയും ഹരിത കേരളം പദ്ധതിയുടേയും പേരില്‍ സര്‍ക്കാര്‍ തലത്തില്‍ വന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുവാന്‍ കിണഞ്ഞ് ശ്രമിക്കുമ്പോഴാണ് വാട്ടര്‍ അതോറിറ്റിയുടെ അലംഭാവം. ഒരാഴ്ചയിലധികമായി സ്‌കൂളിന്റെ ചുറ്റുമതിലില്‍ വെള്ളം തളം കെട്ടി നില്‍ക്കുകയാണ്. ബലക്ഷയമുള്ള മതിലില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് മൂലം ഏത് സമയവും മതില്‍ തകര്‍ന്നു വീഴുന്ന സ്ഥിതിയിലാണുള്ളത്.
ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ ഒന്നാം ക്ലാസിലെ പിഞ്ചു കുട്ടികളുടെ ക്ലാസിനോട് ചേര്‍ന്നാണ് ഭീഷണി ഉയര്‍ത്തുന്ന മതില്‍ സ്ഥിതി ചെയ്യുന്നത്. അധ്യാപകരേയും രക്ഷിതാക്കളേയും ആശങ്കയിലാക്കുന്ന ഈ പ്രശ്‌നത്തിന് ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ഓവര്‍സിയര്‍ വന്ന് നോക്കി നാളെ തന്നെ പരിഹാരം കാണുമെന്ന് പറഞ്ഞിട്ടും പ്രശ്‌നം ജലരേഖയായി അവശേഷിക്കുകയാണ്.
വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയാകുന്ന ഈ പ്രശ്‌നത്തിന് സത്വര നടപടി ഉണ്ടാക്കണമെന്ന് പി.ടി.എ ഭാരവാഹികളായ സി.എച്ച് മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി ബേവി, ഇറാനി ഷാഫി എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."