ഹരിത കേരളം പദ്ധതിയില്‍ മലയോരത്തു ശുചീകരണം
കുന്നുംകൈ: നവകേരള മിഷന്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മലയോര പഞ്ചായത്തുകളില്‍ നൂതന പ്രവര്‍ത്തങ്ങള്‍ക്കു തുടക്കം കുറിച്ചു. പുങ്ങംചാല്‍ കളരി ഭഗവതി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള 2.50 ഏക്കര്‍ സ്ഥലത്ത് വെസ്റ്റ് എളേരി കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ പഞ്ചായത്ത് തല പച്ചക്കറി കൃഷിത്തൈ നടീല്‍ ഉദ്ഘാടനം വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് പ്രസീതാ രാജന്‍ നിര്‍വഹിച്ചു.
മുന്‍ പഞ്ചായത്തംഗം ലതാ ബാലകൃഷ്ണന്‍ അധ്യക്ഷതയായി. വെസ്റ്റ് എളേരി കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തില്‍ നിലമൊരുക്കിയ 2.50 ഏക്കര്‍ സ്ഥലത്തു നാടന്‍ ഇനമായ ആനക്കൊമ്പന്‍ വെണ്ട, വെള്ളരി, കക്കിരി, ബീന്‍സ്, പയര്‍, പാവല്‍ തുടങ്ങിയ വിവിധയിനം പച്ചക്കറികളാണു കൃഷി ചെയ്യുന്നത്.
പെരളം കമ്പല്ലൂര്‍ റോഡില്‍ ആക്കച്ചേരി വനത്തോടു ചേര്‍ന്നു കായക്കുന്നില്‍ അറവുമാലിന്യങ്ങള്‍ അടക്കം നീക്കം ചെയ്തു. വന്‍ മാലിന്യമാണ് ഇവിടെയുണ്ടായത്.
ഭീമനടി ടൗണ്‍, പഞ്ചായത്ത് പരിസരം,നര്‍ക്കിലക്കാട് ടൗണ്‍, ബസ് സ്റ്റാന്‍ഡ്, പി.എച്ച്.സി, എളേരിത്തട്ട് ടൗണ്‍, ചെന്നടുക്കം, കുന്നുംകൈ എന്നിവിടങ്ങളിലും ശുചീകരണം നടന്നു.
വ്യാപാര സ്ഥാപനങ്ങള്‍ വഴിയുള്ള പ്ലാസ്റ്റിക്കുകള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തി. വരമ്പുപാറ ചെക്ക്ഡാമിനു കുടുംബശ്രീയുടെ നേതൃത്വത്തില്‍ പലകയിട്ടു. കുറുഞ്ചേരി, മൗക്കോട്, ബഡൂര്‍, പൂങ്ങോട് തോടുകളില്‍ നാട്ടുകാരുടെ സഹായത്തോടെ തടയണ നിര്‍മിച്ചു. വെസ്റ്റ് എളേരി പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളിലും പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ശേഖരിച്ചു.
ഈസ്റ്റ് എളേരി പഞ്ചായത്തില്‍ തെങ്ങ് കയറ്റ പരിശീലന പരിപാടി സംഘടിപ്പിച്ചു. കേരസമിതിയുടെ സഹകരണത്തോടെ നടത്തിയ പരിശീലനം ഫാ. തോമസ് വാളിപ്‌ളാക്കല്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ഫിലോമിനാ ജോണി, ലിന്‍സിക്കുട്ടി സെബാസ്റ്റ്യന്‍, ജെസി ടോം, ടി.വി നാരായണന്‍ കുട്ടി, കെ രാജേഷ്, സിജു തയ്യില്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."