സഞ്ചാരികള്‍ക്ക് നയനമനോഹര കാഴ്ച പകര്‍ന്ന് മാര്‍മല വെള്ളച്ചാട്ടം
ഈരാറ്റുപേട്ട: സഞ്ചാരികളുടെ കണ്ണിനു കുളിര്‍മയേകി മാര്‍മല വെള്ളച്ചാട്ടം. തീക്കോയി പഞ്ചായത്തിലെ മാര്‍മലയില്‍നിന്നു വരുന്ന മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് മാര്‍മല അരുവി. 40 അടി ഉയരത്തില്‍ നിന്നു താഴേക്കു പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിനു താഴെ പ്രകൃതി ഒരുക്കിയ വിസ്തൃതമായ കുളമുണ്ട്. വെള്ളച്ചാട്ടം കാണാന്‍ വരുന്നവര്‍ക്കു നീന്തിക്കുളിക്കാന്‍ കഴിയുംവിധം ഏറെ വിസ്തൃയിലാണ് ഈ കുളം.
വേനല്‍ കാലത്തു മാത്രമേ ഇതില്‍ നീന്താന്‍ കഴിയൂ. വര്‍ഷക്കാലത്തു ശക്തമായ ഒഴുക്കായതു കാരണം അരുവി കരയില്‍ നിന്നു കാണാനേ കഴിയൂ. തീക്കോയിയില്‍നിന്നു നാലുകിലോമീറ്റര്‍ ദൂരമാണ് ഇങ്ങോട്ടേക്ക്; ഈരാറ്റുപേട്ടയില്‍നിന്നു പത്തു കിലോമീറ്ററും. ഈരാറ്റുപേട്ടയില്‍ എത്തുന്നവര്‍ മാര്‍മല വെള്ളച്ചാട്ടം കണ്ടിട്ടാണ് ഇല്ലിക്കല്‍ കല്ലില്‍ എത്തുന്നത്. അതുവഴി പഴുക്കാകാനം, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കാന്‍ കഴിയും. ഇതിനെല്ലാം ഒരേ റൂട്ടില്‍ സഞ്ചരിച്ചാല്‍ മതി.
തീക്കോയിയില്‍നിന്ന് മംഗളഗിരി വഴിയും അടക്കത്തുനിന്ന് വെള്ളാനി വഴിയും മാര്‍മല വെള്ളച്ചാട്ടത്തില്‍ എത്താം. മേഖലയിലെ ആദ്യത്തെ ടൂറിസ്റ്റ് കേന്ദ്രമായി ഉയര്‍ന്നുവന്ന മാര്‍മല അരുവിക്കു പുറമെ അടുക്കം, മേലടുക്കം, വെള്ളാനി പാതയില്‍ നിരവധി വിസ്മയ കാഴ്ചകളാണുള്ളത്. ടൂറിസം കൗണ്‍സിലിന്റെ ഭൂപടത്തില്‍ മാര്‍മല അരുവിക്കു മികച്ച സ്ഥാനമാണുള്ളത്. നിരവധി സഞ്ചാരികളാണ് ഇപ്പോള്‍ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാനായി എത്തുന്നത്. വെള്ളച്ചാട്ടം കാണാനെത്തുന്നവര്‍ അരുവിക്കുളത്തില്‍ കുളിക്കാനുള്ള തയാറെടുപ്പോടെയാണ് എത്താറുള്ളത്.
ശരീരത്തിനും മനസിനും തണുപ്പേകുന്ന അരുവിയില്‍ കുളിക്കുകയെന്നതും സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ്. ഒരിക്കല്‍ ഇവിടെയെത്തിയവര്‍ മാര്‍മല അരുവിയില്‍നിന്നു തിരിച്ചുകയറുമ്പോള്‍ അറിയാതെ മനസില്‍ പറഞ്ഞുപോകും; ഇനിയും അവസരം ലഭിക്കുമ്പോള്‍ ഒന്നു വരണം...മാര്‍മല വെള്ളച്ചാട്ടം ആസ്വദിക്കണം...അരുവിയുടെ കുളിര്‍മ അനുഭവിക്കണമെന്നൊക്കെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."