എടച്ചേരിയില്‍ പൊലിസ് ക്വാര്‍ട്ടേഴ്സ് നാശത്തില്‍; അനക്കമില്ലാതെ അധികൃതര്‍
എടച്ചേരി: എടച്ചേരി കളിയാംവെള്ളി പൊലിസ് ക്വാര്‍ട്ടേഴ്സ് കാലപ്പഴക്കത്താല്‍ നശിക്കുന്നു. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഓട് മേഞ്ഞ കെട്ടിടങ്ങളാണ് കഴുക്കോലും പട്ടികകളും ഉള്‍പ്പെടെ മേല്‍ക്കൂരയിലെ മരങ്ങള്‍ മുഴുവന്‍ ദ്രവിച്ചുപോയത്. എന്നാല്‍ ഇങ്ങോട്ടു തിരിഞ്ഞുനോക്കാന്‍ കാലമിത്രയായിട്ടും അധികൃതര്‍ തയാറായിട്ടില്ല.
അഞ്ചു വീടുകളായിരുന്നു ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്നെണ്ണം പാടെ ദ്രവിച്ചു തീരെ ഉപയോഗശൂന്യമായി തുടരുകയാണ്. ബാക്കിയുള്ള രണ്ടു കെട്ടിടങ്ങള്‍ കൂടി നാശത്തിന്റെ വക്കിലാണ്. മുന്‍ കാലങ്ങളില്‍ ഇവിടെ താമസിച്ചുവന്ന പൊലിസ് ഉദ്യോഗസ്ഥര്‍ അവരുടെ താമസ കാലയളവില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയത് കൊണ്ടാണ് ഈ രണ്ട് കെട്ടിടങ്ങള്‍ പൂര്‍ണമായി നശിക്കാതെ പോയത്.
ഇതിലൊന്നില്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ താമസിക്കുന്നത്. എടച്ചേരി സ്റ്റേഷനില്‍ മാറി മാറിയെത്തുന്ന എസ്.ഐ മാര്‍ക്കും, മറ്റു ഉദ്യോഗസ്ഥര്‍ക്കും കുടുംബസമേതം താമസിക്കാന്‍ സര്‍ക്കാര്‍ ഒരുക്കിയ മന്ദിരമാണിത്.
പഴക്കം ചെന്ന ഈ കെട്ടിടങ്ങള്‍ പൂര്‍ണമായും പൊളിച്ചുമാറ്റി കൂടുതല്‍ പൊലിസുകാര്‍ക്ക് താമസിക്കാന്‍ പറ്റുന്ന വിധം ആധുനിക സജ്ജീകരണങ്ങളോടെ പുതിയ കെട്ടിടം പണിയണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."