എല്‍.ഡി.എഫ് യോഗം ഇന്ന്; മന്ത്രിമാരെ തീരുമാനിക്കും
തിരുവനന്തപുരം: മന്ത്രിമാരെ തീരുമാനിക്കാനും ഘടകകക്ഷികള്‍ക്കുള്ള മന്ത്രിസ്ഥാനങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി എല്‍.ഡി.എഫ് ഇന്ന് യോഗം ചേരും. 25 ന് സത്യപ്രതിജ്ഞ ചെയ്ത് പുതിയ മന്ത്രിസഭാ അധികാരത്തിലേറാനിരിക്കേ തര്‍ക്കങ്ങളെല്ലാം തീര്‍ത്ത് മന്ത്രിസഭാ രൂപീകരിക്കാനാണ് സി.പി.എമ്മിന്റെ നീക്കം.
മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐയില്‍ നിന്നാണ് ഇപ്പോള്‍ കൂടുതല്‍ സമ്മര്‍ദമുള്ളത്. നാലു മന്ത്രി സ്ഥാനം ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും അഞ്ചു മന്ത്രിമാരും പുതിയ വകുപ്പുകളും വേണമെന്നാണ് സി.പി.ഐയുടെ ആവശ്യം. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിലുണ്ടായിരുന്ന വകുപ്പുകളില്‍ മാറ്റം വേണമെന്നും, തൊഴില്‍ വകുപ്പ് പുതുതായി വേണമെന്നുമുള്ള ആവശ്യവും സി.പി.ഐ മുന്നോട്ടുവച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ ലഭിച്ച വനംവകുപ്പ് വേണ്ടെന്ന നിലപാടിലാണ് സി.പി.ഐ. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ ഇന്നലെ എം.എന്‍ സ്മാരകത്തിലെത്തിയപ്പോഴാണ് സി.പി.ഐ പുതിയ ആവശ്യം മുന്നോട്ടു വച്ചത്. 2011ല്‍ 13 എം.എല്‍.എമാരാണ് സി.പി.ഐക്കുണ്ടായിരുന്നത്. ഇത്തവണ എം.എല്‍.എമാരുടെ എണ്ണം 19 ആയി ഉയര്‍ന്നു. ലീഗിനെ മറികടന്ന് നിയമസഭയിലെ മൂന്നാമത്തെ വലിയ കക്ഷിയുമായി. 1980നുശേഷം സി.പി.ഐക്കുണ്ടാകുന്ന ഏറ്റവും വലിയ വിജയം. സിറ്റിങ് എം.എല്‍.എമാരില്‍ 13ല്‍ 12 പേര്‍ വിജയിച്ചു.
വൈക്കത്ത് അജിത്തിന് പകരം മത്സരിച്ച ആശയും വലിയ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഒരു മന്ത്രിസ്ഥാനം കൂടി പരിഗണിക്കണമെന്ന ആവശ്യമാണ് സി.പി.ഐ മുന്നോട്ടുവച്ചിരിക്കുന്നത്. മന്ത്രിമാരെ നിര്‍ദേശിക്കാന്‍ ഓരോ ജില്ലാ കമ്മിറ്റിക്കും സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി.
ഈ നിര്‍ദേശങ്ങള്‍ ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. വി.എസ് സര്‍ക്കാരില്‍ മുല്ലക്കര രത്‌നാകരന്‍ (കൃഷി), കെ.പി. രാജേന്ദ്രന്‍ (റവന്യൂ), ബിനോയ് വിശ്വം (വനം, ഭവന നിര്‍മാണം), സി ദിവാകരന്‍ (ഭക്ഷ്യ സിവില്‍സപ്ലൈസ്- മൃഗസംരക്ഷണം) എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. വനംവകുപ്പ് ഒഴിവാക്കി വേറെ ഏതെങ്കിലും പ്രധാന വകുപ്പ് തരണമെന്നാണ് സി.പി.ഐ ആവശ്യം. എന്നാല്‍ സി.പി.ഐയുടെ ആവശ്യത്തോട് സി.പി.എം ഇതുവരെ പ്രതികരിച്ചിട്ടില്ല.
മന്ത്രി സ്ഥാനം: ജെ.ഡി.എസ്സിലും എന്‍.സി.പിയിലും ആഭ്യന്തര കലഹം
മന്ത്രിസ്ഥാനത്തെച്ചൊല്ലി ഇടതു മുന്നണി ഘടകകക്ഷികളായ ജനതാദള്‍ സെക്കുലറിലും എന്‍.സി.പിയിലും കലഹം. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ സ്വയം ജലസേചന മന്ത്രിയായി പ്രഖ്യാപനം നടത്തിയ എന്‍.സി പിയിലെ തോമസ് ചാണ്ടിയും എ.കെ ശശീന്ദ്രനും തമ്മിലാണ് മന്ത്രിസ്ഥാനത്തിനായി കടിപിടി ആരംഭിച്ചിരിക്കുന്നത്.
കുട്ടനാട് മണ്ഡലത്തില്‍ നിന്നു മൂന്നു തവണയായി ജയിച്ചുവരുന്ന തന്നെ മന്ത്രിയാക്കണം എന്നാണ് തോമസ് ചാണ്ടി പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതേ അര്‍ഹതയ്ക്ക് താനും അവകാശിയാണെന്നാണ് എ.കെ ശശീന്ദ്രനും പറയുന്നത്. എന്‍.സി.പിയില്‍ നിന്നു ശശീന്ദ്രനെ മന്ത്രി സ്ഥാനത്തേക്കു കൊണ്ടുവരണം എന്ന അഭിപ്രായമാണ് സി.പി എമ്മിനുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ എന്‍.സി.പി നിലപാട് സി.പി എം അംഗീകരിക്കും. ഇതിനിടെ രണ്ടര വര്‍ഷക്കാലം മന്ത്രി പദവി രണ്ടുപേര്‍ക്കായി വീതിച്ചു നല്‍കാം എന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.
സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ എ.കെ ശശീന്ദ്രനുവേണ്ടി വാദിക്കുന്നുണ്ടെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ സഹായത്തോടെ മന്ത്രി പദവിക്കായി തോമസ് ചാണ്ടി ചരടുവലി ശക്തമാക്കിയിട്ടുണ്ട്. മറുവശത്ത് ജനതാദള്‍ സെക്കുലറിലും മന്ത്രിസ്ഥാനത്തിനായി പിടിവലി ആരംഭിച്ചു കഴിഞ്ഞു. മാത്യൂ ടി തോമസും, ചിറ്റൂര്‍ എം.എല്‍.എ കെ കൃഷ്ണന്‍കുട്ടിയും തമ്മിലാണ് മന്ത്രിസ്ഥാനത്തിനായി പിടിവലി നടത്തുന്നത്. മൂന്നു എം.എല്‍ എമാരുള്ള പാര്‍ട്ടിയില്‍ വടകര എം.എല്‍.എ സി.കെ നാണു ശാരീരിക അവശതകള്‍ കണക്കിലെടുത്ത് ഇപ്പോള്‍ നിശബ്ദത പാലിക്കുകയാണ്.
എം.പി വീരേന്ദ്രകുമാറിന്റെ ജെ.ഡി.യുവില്‍ നിന്നു രണ്ടു വര്‍ഷം മുമ്പ് മാത്രമാണ് കൃഷ്ണന്‍കുട്ടി പാര്‍ട്ടിയില്‍ തിരികെയെത്തിയത്. ഇതു മന്ത്രി സ്ഥാനത്തേക്കുള്ള കൃഷ്ണന്‍കുട്ടിയുടെ രംഗപ്രവേശനത്തിനു വിലങ്ങ് തടിയായിട്ടുണ്ട്. 2006 ല്‍ മികച്ച ഭരണം കാഴ്ചവച്ച മാത്യു. ടി തോമസിനെയാണ് സി.പി.എം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ജനതാദള്‍ ദേശീയ പ്രസിഡന്റ് ദേവഗൗഡയുടെ നിലപാടും മാത്യു.ടി തോമസിന് അനുകൂലമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."