വധഭീഷണി; പൊലിസ് പ്രൊട്ടക്ഷന്‍ വേണ്ടെന്ന് എന്‍. വേണു
വടകര: ആര്.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണുവിന് വധഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൊലിസ് പ്രൊട്ടക്ഷന്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയായി രണ്ടു പൊലിസുകാരെയാണ് വേണുവിന്റെ സംരക്ഷണത്തിനായി നിയോഗിച്ചിരുന്നത്.
എന്നാല്‍ തനിക്ക് പ്രൊട്ടക്ഷന്റെ ആവശ്യമില്ലെന്ന് വേണു റൂറല്‍ എസ്.പിക്ക് രേഖാമൂലം എഴുതിക്കൊടുത്തു. രാഷ്ട്രീയ എതിരാളികളില്‍നിന്ന് വേണുവിന് വധഭീഷണിയുള്ളതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
തനിക്ക് സി.പി.എം മാത്രമാണ് രാഷ്ട്രീയ എതിരാളിയെന്നും ഇവരില്‍നിന്നു മാത്രമാണ് ഭീഷണിയുള്ളതെന്നും വേണു പറഞ്ഞു. ആര്.എം.പി രൂപീകരിച്ചത് മുതല്‍ സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ നിരന്തരം ഭീഷണിവരുന്നുണ്ട്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ തനിക്കും ചന്ദ്രശേഖരനുമെല്ലാം ഇത്തരത്തിലുള്ള ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അന്ന് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തിരുന്നില്ല. സി.പി.എമ്മിന്റെ ഭാഗത്തുനിന്നുള്ള ഭീഷണി ഇല്ലാതാക്കാന്‍ പാര്‍ട്ടി മാത്രം വിചാരിച്ചാല്‍ മതി. അതിനു സര്‍ക്കാര്‍ ചെലവില്‍ പൊലിസിനെ നിയോഗിക്കുന്നത് പ്രഹസനമാണെന്നും വേണു അഭിപ്രായപ്പെട്ടു.
അതേസമയം ഇടതുപക്ഷം അധികാരത്തില്‍ വന്നതുമുതല്‍ ഒഞ്ചിയം മേഖലയില്‍ ആര്.എം.പി പ്രവര്‍ത്തകര്‍ക്കുനേരെ സി.പി.എം അക്രമം നടത്തുകയാണ്. ഇത്തരം അക്രമങ്ങളില്‍ പ്രതികളെ കാണിച്ചു കൊടുത്തിട്ടും പൊലിസ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. പ്രവര്‍ത്തകര്‍ക്കുനേരെ അക്രമങ്ങള്‍ നടക്കുമ്പോള്‍ തനിക്കുമാത്രമെന്തിന് സുരക്ഷയെന്നാണ് വേണു ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."