കുടുംബസംഗമം: ഒരു വിയോജനക്കുറിപ്പ്
'ഞായര്‍പ്രഭാത'ത്തില്‍ പ്രസിദ്ധീകരിച്ച (ലക്കം 86, 2016 മെയ് 8) 'വീണ്ടും കൂട്ടുകുടുംബത്തിലേക്ക് ' എന്ന ലേഖനം വിഷയദാരിദ്ര്യം കൊണ്ട് പ്രസിദ്ധീകരിച്ചതല്ലെന്നു വിശ്വസിക്കട്ടെ. പ്രസ്തുത ലേഖനം താന്‍പോരിമയില്‍ നിന്ന് ഉരുത്തിരിഞ്ഞതും അപക്വവുമായിപ്പോയി. ഒരു പ്രത്യേക കുടുംബത്തിന്റെ അഹന്ത പൊതുജനങ്ങളില്‍ ഒരു പൊതുമാധ്യമം വഴി പ്രചരിപ്പിച്ചത് 'സുപ്രഭാതം' ചെയ്ത കടുത്ത അനീതിയായിപ്പോയി. മഹത്തായ വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ട/ചെയ്തിട്ടുള്ള'ഞായര്‍പ്രഭാത'ത്തിന്റെ പേജുകള്‍ ഇത്തരം കാര്യങ്ങള്‍ക്ക് അവസരം നല്‍കരുതായിരുന്നു.
വിശുദ്ധ ഖുര്‍ആനില്‍ ഇങ്ങനെയൊരു സൂക്തമുണ്ട്: ''ജനങ്ങളേ, നിങ്ങള്‍ ആദമിന്റെ സന്തതികളാണ്. നിങ്ങളെ വിവിധ ഗോത്രങ്ങളും വിവിധ പ്രവിശ്യക്കാരുമാക്കിയത് നിങ്ങളെ തിരിച്ചറിയാന്‍ മാത്രമാണ്. നിങ്ങളില്‍ ദൈവത്തിന്റെയടുക്കല്‍ ഏറ്റവും ആദരവിനര്‍ഹര്‍ നിങ്ങളില്‍ ഏറ്റവും ഭക്തിയുള്ളവരാണ്.'' ദൈവസന്നിധിയില്‍ കുടുംബ പശ്ചാത്തലത്തിനോ അംഗബലത്തിനോ പ്രത്യേക പരിഗണനയോ അവഗണനയോ ഇല്ല. ഇസ്‌ലാമിക പശ്ചാത്തലമുള്ള ഒരു കുടുംബത്തിന്റെ സംഗമമായതു കൊണ്ടുകൂടി പറയട്ടെ. ഇസ്‌ലാമില്‍ അറബിക്ക് അനറബിയെക്കാളോ വെളുത്തവനു കറുത്തവനെക്കാളോ മറ്റു പരിഗണനകള്‍ കൊണ്ടോ ആരും ആരെക്കാളും പ്രത്യേക പരിഗണനയ്ക്ക് അര്‍ഹരല്ല.
കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്ന കുടുംബം സത്യത്തില്‍ രക്തബന്ധങ്ങളുടെ കൂടിച്ചേരലാണ്. അല്ലാതെ ആരോ പ്രചരിപ്പിക്കുന്ന കെട്ടുകഥകള്‍ക്കു പൊലിമ നല്‍കുന്നതല്ല. ഏതൊരു വ്യക്തിയും മനുഷ്യസഹചമായി വരേണ്യ ആധികാരികതയിലേക്കു തന്നെ ചേര്‍ത്തുപറയുകയാണു ചെയ്യുക. മലബാറിന്റെ വിവിധ മേഖലകളില്‍ കണ്ടുവരുന്ന കുടുംബസദസുകള്‍ ഇത്തരം അഹങ്കാരത്തിന്റെയും ജാഡകളുടെയും വേദിയാകുന്നതു ശ്രദ്ധേയമാണ്. ഈ കുറിപ്പുകാരന്‍ പങ്കെടുത്ത അത്തരത്തിലുള്ള രണ്ടു സംഗമങ്ങളുടെ അനുഭവത്തില്‍ നിന്നു പറഞ്ഞാല്‍, കുടുംബബന്ധം ചേര്‍ക്കുകയെന്ന മഹത്തായ സല്‍കര്‍മത്തിന്റെ പിന്‍ബലമൊന്നും ഇത്തരം സംഗമങ്ങള്‍ക്കില്ല.
ഇത്തരം സംഗമങ്ങള്‍ സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. കുറഞ്ഞ അംഗങ്ങളുള്ള ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്ക്, കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ സംഗമിക്കുമ്പോള്‍ അരക്ഷിതബോധവും അപകര്‍ഷതയുമുണ്ടാകുന്നു. എന്നുമാത്രമല്ല, ശരിക്കും മറ്റു കുടുംബങ്ങളെ താഴ്ത്തിക്കെട്ടി സ്വന്തം കുടുംബങ്ങളുടെ മഹിമയും പോരിമയും അരക്കിട്ടുറപ്പിക്കലാണ് ഇത്തരം സംഗമങ്ങളുടെ ലക്ഷ്യവും പ്രത്യേകതയും. ദോഷങ്ങള്‍ മാത്രമല്ല, നന്മയുമില്ലേ എന്നു ചോദിക്കുന്നവരുണ്ടാകാം. എന്നാല്‍, ഇത്തരം കുടുംബസംഗമങ്ങള്‍ പ്രസരിപ്പിക്കുന്ന നന്മകളെയെല്ലാം അതില്‍ ഉള്ളടങ്ങിയിട്ടുള്ള ദോഷങ്ങള്‍ ഇല്ലാതാക്കിക്കളയുന്നുവെന്നതാണു വസ്തുത.
ലേഖനത്തിലേക്കു തിരിച്ചുവരാം. 'വീണ്ടും കൂട്ടുകുടുംബത്തിലേക്ക് ' എന്ന തലവാചകം തന്നെ തെറ്റാണ്. 'വീണ്ടും കുട്ടുകുടുംബങ്ങളിലേക്ക് ' എന്നോ 'കുടുംബ സംഗമങ്ങളിലേക്ക് ' എന്നോ ആണ് വേണ്ടിയിരുന്നത്. പഴയ കൂട്ടുകുടുംബ സംവിധാനത്തിനു പകരം, ആറാം നൂറ്റാണ്ടിലെ 'ജാഹിലിയ്യത്തിലെ'(അജ്ഞതനിറഞ്ഞ കാലം) ഗോത്രമഹിമയിലേക്കാണിത്തരം സംഗമങ്ങള്‍ കൊണ്ടെത്തിക്കുന്നത്. എഴുത്തുകാരന്‍ ലേഖനത്തില്‍ 'ജാഹിലിയ്യത്തി'ന്റെ വേരുകള്‍ അനുസ്മരിക്കുന്നുണ്ടുതാനും. സംഗമത്തിലെ ജനബാഹുല്ല്യത്തെ കുറിച്ചു പറയുന്നുണ്ട്; ഇരുപതിനായിരത്തോളം വരുന്ന ജനങ്ങളാണു സംഗമത്തിനെത്തിയതെന്ന്. എന്നാല്‍, ആളുകളുടെ ബാഹുല്ല്യവും അതിന്റെ പെരുമപറച്ചിലും സത്യത്തില്‍ കുടുംബസംഗമത്തിന്റെ തെറ്റായ കാഴ്ചപ്പാടിനെത്തന്നെയാണ് ഉയര്‍ത്തിക്കാണിക്കുന്നത്. അതിനു പുറമെ, പരിപാടിയിലെ രാഷ്ട്രീയ, മത, സാമൂഹിക നേതൃത്വത്തിന്റെ സാന്നിധ്യവും ലേഖകന്‍ വലിയ മഹിമയായി പറയുന്നുണ്ട്. ഇത്തരം ആളുകള്‍ എവിടെയും പോകും. അവിടെ ആരെയും പുകഴ്ത്തി സംസാരിക്കുകയും ചെയ്യും. പ്രത്യേകിച്ച്, തെരഞ്ഞെടുപ്പ് കാലത്ത്. ഇതിനു പുറമെ, കുടുംബവേരുകളിലേക്കു പോയി കുടുംബത്തിലെ സ്വാതന്ത്ര്യ സമരപോരാളികളെയും കലാകാരന്മാരെയും വിവിധ രംഗങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ചവരെയുമൊക്കെ പറഞ്ഞ് ആ മാഹാത്മ്യത്തെ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു.
ചുരുക്കത്തില്‍, ഒരു കുടുംബത്തിന്റെ പൊങ്ങച്ചം പറച്ചിലുകള്‍ക്കായി 'ഞായര്‍പ്രഭാതം' സ്ഥലം അനുവദിച്ചത് അപക്വമായി എന്നു പറയാം. ലേഖകനോടോ കുടുംബത്തോടോ ഒരുതരത്തിലുമുള്ള വിയോജിപ്പോ വിദ്വേഷമോ ഈ കുറിപ്പുകാരനില്ലെന്നു മാത്രമല്ല, ഇവരുമായി ഒരു പരിചയവും എനിക്കില്ലെന്നു കൂടി അവസാനമായി പറയട്ടെ. എന്തെങ്കിലും മുന്‍വിധികളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് സ്വന്തം അനുഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ്, സമൂഹത്തില്‍ ശക്തിപ്പെട്ടുവരുന്ന ഈ തെറ്റായ പ്രവണതയെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."