ജി.എസ്.ടി: ഏപ്രില്‍ ഒന്നിന് മുന്‍പ് പ്രാബല്യത്തില്‍ വരാനിടയില്ല
ന്യൂഡല്‍ഹി: ജി.എസ്.ടി ഉന്നതാധികാര സമിതിയുടെ ആറാമത് യോഗം ഇന്നു ഡല്‍ഹിയില്‍ തുടങ്ങും. കഴിഞ്ഞയാഴ്ച ചേര്‍ന്ന രണ്ടുദിവസത്തെ ഉന്നതാധികാര സമിതി യോഗം ചരക്കുസേവന നികുതി (ജി.എസ്.ടി) നിയമത്തിനു കീഴില്‍ സേവന നികുതി പിരിക്കുന്നതുസംബന്ധിച്ചു തീരുമാനമാവാതെ പിരിഞ്ഞിരുന്നു. അടുത്തവര്‍ഷം ഏപ്രില്‍ ഒന്നിന് ജി.എസ്.ടി പ്രാബല്യത്തില്‍ വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ആഗ്രഹം നടക്കണമെങ്കില്‍ അത്ഭുതങ്ങള്‍ തന്നെ സംഭവിക്കേണ്ടിവരും. ശൈത്യകാലസമ്മേളനത്തിനു മുമ്പായി ജി.എസ്.ടി നികുതി പിരിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാനങ്ങളുമായി യോജിപ്പിലെത്തുകയും സമ്മേളനത്തില്‍ ഇതുസംബന്ധിച്ച മൂന്നു സുപ്രധാന നിയമനിര്‍മാണങ്ങള്‍ കൊണ്ടുവരികയും ചെയ്യാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ സമ്മേളനം തുടങ്ങുന്നതിനു മുമ്പ് ചേര്‍ന്ന രണ്ട് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലും ധനമന്ത്രിമാരുടെ അനൗദ്യോഗികയോഗത്തിലും കേന്ദ്രസര്‍ക്കാരിന് സംസ്ഥാനങ്ങളുമായി ഒത്തുതീര്‍പ്പിലെത്താന്‍ സാധിച്ചില്ല. നടപ്പുസമ്മേളനത്തിനിടെയും യോഗം നടന്നെങ്കിലും നികുതി ഘടനയുടെ കാര്യത്തില്‍ മാത്രമാണ് തീരുമാനമായത്.
കഴിഞ്ഞമാസം 16നു തുടങ്ങിയ സമ്മേളനത്തിന്റെ ഇതുവരെ നടന്ന പ്രവര്‍ത്തിദിനങ്ങളില്‍ ആദ്യദിനമൊഴിച്ചുള്ള ബാക്കി 17 ദിവസവും നോട്ട് നിരോധനത്തിലുടക്കി പാര്‍ലമെന്റിന്റെ നടപടികള്‍ പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്.
ഇതിനുപുറമെ ഇന്നത്തെയും നാളത്തെയും യോഗത്തില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമുള്ള ഇരട്ട അധികാരം എന്ന വിഷയത്തില്‍ ഇരുകൂട്ടരും ധാരണയിലെത്തണം. ജി.എസ്.ടി കൗണ്‍സില്‍ അധ്യക്ഷനും പശ്ചിമബംഗാള്‍ ധനമന്ത്രിയുമായ അമിത് മിത്രയാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ എതിര്‍ക്കുന്നവരില്‍ മുന്നിലുള്ളത്. അധികാരപരിധി സംബന്ധിച്ച വിഷയത്തിനു പുറമെ കേന്ദ്ര ജി.എസ്.ടി, സംസ്ഥാന ജി.എസ്.ടി, ഇന്റഗ്രേറ്റഡ് ജി.എസ്.ടി, സംസ്ഥാനങ്ങളുടെ നഷ്ടപരിഹാര നിയമം എന്നിവയുടെ രൂപരേഖയ്ക്ക് അംഗീകാരം നല്‍കുന്ന പ്രക്രിയയുമാവും ഇന്നുതുടങ്ങുന്ന യോഗത്തിലെ പ്രധാന അജണ്ട.
അധികാരപരിധി സംബന്ധിച്ച തര്‍ക്കത്തില്‍ കേന്ദ്രത്തിന്റെ നിലപാടിനെ കേരളം, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് 70 ശതമാനം അംഗങ്ങളുടെ പിന്തുണയും ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."