മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ മലയാളി മദീനാപള്ളിയില്‍
റിയാദ്: രണ്ടര മാസത്തോളം മുന്‍പു കാണാതായ മലയാളി യുവാവിനെ മദീനയിലെ മസ്ജിദുന്നബവിയില്‍ കണ്ടെത്തി. ഒക്ടോബര്‍ ഒന്നിന് മദീന സന്ദര്‍ശനത്തിന് ബസ് മാര്‍ഗം പുറപ്പെട്ട കണ്ണൂര്‍ ഇരിട്ടി സ്വദേശി അബ്ദുല്‍ ഹകീമിനെ(34)യാണ് മസ്ജിദുന്നബവിയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്നു നേരത്തെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
കാണാതായതിനു ശേഷം ഹകീമിന്റെ സഹോദരങ്ങളായ മുഹമ്മദലിയും നൗഫലും മദീന ഹജ്ജ് വെല്‍ഫയര്‍ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് ഹജ്ജ് വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിനിടെ മദീനാ പള്ളിയില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ക്കായി പരാതി നല്‍കുന്ന പൊലിസ് കൗണ്ടറില്‍നിന്ന് ഹകീമിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയെങ്കിലും ഹകീമിനെ കുറിച്ചു വിവരമൊന്നും ലഭിച്ചില്ല.
ഇതിനിടെയാണ് മദീനാ സന്ദര്‍ശനത്തിനു പുറപ്പെട്ട മലയാളിയായ നാസര്‍ യാദൃശ്ചികമായി ഹകീമിനെ കണ്ടെത്തിയത്. നാസറിനു മുന്‍പരിചയമുള്ളതുകൊണ്ട് ഹകീമിനെ തിരിച്ചറിയുകയായിരുന്നു.
പിന്നീട് സുഹൃത്തുക്കളെ കൂടി വിവരമറിയിച്ച് ഹകീം ആണെന്ന് ഉറപ്പുവരുത്തി. ഹകീമില്‍നിന്ന് ഫോണ്‍ നമ്പര്‍ വാങ്ങി ജിദ്ദയിലുള്ള സഹോദരന്‍ മുഹമ്മദലിയെയും നാട്ടിലുള്ളവരെയും വിവരം അറിയിക്കുകയായിരുന്നു.
മുഹമ്മദലി ഹകീമിനെ കൂട്ടി ജിദ്ദയിലേക്കു മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."