ഭോപ്പാലില്‍ വെളിവായത് ആര്.എസ്.എസിന്റെ സംസ്കാരം: പിണറായി വിജയന്
കൊച്ചി: ഭോപ്പാലില്‍ തന്നെ തടഞ്ഞതിലൂടെ വെളിവായത് ആര്.എസ്.എസിന്റെ സംസ്കാരമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കാതിരുന്ന മധ്യപ്രദേശ് പൊലിസിന്റെ നിലപാട് ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലായിരുന്നുവെങ്കില്‍ ബി.ജെ.പി നേതാക്കള്‍ക്ക് ഇത്തരത്തില്‍ ദുരനുഭവം ഉണ്ടാകുമായിരുന്നില്ല. ആര്.എസ്.എസ് ആണ് പ്രശ്നം സൃഷ്ടിച്ചത്. ഒരു കാരണവുമില്ലാതെ പ്രതിഷേധം സംഘടിപ്പിച്ച ആര്.എസ്.എസിനെ തടയാന്‍ പൊലിസ് ശ്രമിച്ചില്ല. തിരിച്ചുപോകാന്‍ പറഞ്ഞ ശേഷം മാപ്പുപറയുന്നതില്‍ കാര്യമില്ല. സംഭവവുമായി ബന്ധപ്പെട്ട് വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടി സ്ഥലത്തേക്ക് പോകാന്‍ എത്തിയപ്പോള്‍ പൊലിസ് വാഹനം തടഞ്ഞു. മുന്നൂറോളം ആര്.എസ്.എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തടിച്ചുകൂടിയിട്ടുണ്ടെന്നും മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എസ്.പി യുടെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്നും പൊലിസുകാര്‍ അറിയേിച്ചതായി പിണറായി വിജയന് പറഞ്ഞു. താന്‍ സന്ദര്‍ശനം നടത്തുന്ന കാര്യം മധ്യപ്രദേശ് സര്‍ക്കാര്‍ വൃത്തങ്ങളെ അറിയിച്ചിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സുരക്ഷയൊരുക്കുന്നതില്‍ അവിടത്തെ പൊലിസ് പരാജയപ്പെട്ടെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."