വൈദ്യുതി വകുപ്പിന്റെ ലക്ഷങ്ങള്‍ തുരുമ്പെടുക്കുന്നു!
പുനലൂര്‍: വൈദ്യുതി വകുപ്പിന്റെ അധീനതയിലുള്ള ലക്ഷക്കണക്കിന് രൂപയുടെ സാധന സാമഗ്രികള്‍ തുരുമ്പെടുത്തു നശിക്കുന്നു.
അലിമുക്കിലെ പിറവന്തൂര്‍ വൈദ്യുതി സെക്ഷന്‍ ഓഫിസിന് സമീപത്തായാണ് ഇവ കൂട്ടിയിട്ടിരിക്കുന്നത്. തടി പോസ്റ്റുകള്‍, ലൈന്‍ വലിക്കുന്ന അലൂമിനിയം കമ്പികള്‍, സ്‌റ്റേ കമ്പികള്‍ അടക്കം അനവധി സാധനങ്ങളാണ് ഇവിടെ നശിക്കുന്നത്.
ഇവകളില്‍ പലതും ഉപയോഗപ്രദമാണെങ്കിലും മേല്‍ക്ക് മേല്‍ സാധനങ്ങള്‍ കൊണ്ടിടുന്നത് മൂലം അവയും നശിക്കുകയാണ്. സാധനങ്ങള്‍ കുന്ന് കൂടിയതോടെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും, പഞ്ചായത്ത് വക ടോയ്‌ലറ്റ് ബ്ലോക്കിലേക്കും പോകാന്‍ പറ്റാത്ത സ്ഥിതിയുമായി.
സെക്ഷന്‍ പരിധിയില്‍ പലയിടത്തും പഴക്കം ചെന്ന ലൈനുകള്‍ പൊട്ടിവീഴുമ്പോഴാണ് ഇവിടെ പുതിയ അലൂമിനിയം കമ്പികള്‍ തുരുമ്പെടുത്ത് നശിക്കുന്നത്. പരിസരം കാട് മൂടിയതിനാല്‍ ഇഴജന്തുക്കളുടെ ശല്യവും വര്‍ധിച്ചു.ഇത് മൂലം വൈദ്യുതി വകുപ്പ് ഓഫീസിലേക്ക് പോലും കയറുക ബുദ്ധിമുട്ടാണ്.
അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമര പരിപാടികള്‍ ആരംഭിക്കുവാനുള്ള തീരുമാനത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."