കക്കൂസുണ്ട്, വീടില്ല; പെരുമ്പാടിക്കുന്ന് കോളനിയിലെ അ'വികസനത്തിന്റെ മാതൃക'
അമ്പലവയല്‍: അന്തിയുറങ്ങുന്നത് മരക്കാലുകളില്‍ കെട്ടിയ പ്ലാസ്റ്റിക് ഷീറ്റിന് ചുവട്ടില്‍. ഇതാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും നിലം പൊത്താവുന്ന സ്ഥിതിയില്‍. പേടി കൂടാതെ അന്തിയുറങ്ങാന്‍ വാസയോഗ്യമായ വീട് ആവശ്യമുള്ള ഇവര്‍ക്ക് ട്രൈബല്‍ വകുപ്പ് 15 ലക്ഷം രൂപ മുടക്കി കക്കൂസുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ആദിവാസികളോട് ഭരണകൂടങ്ങളും ഉദ്യോഗസ്ഥരും കാണിക്കുന്ന അനീതിക്ക് നേര്‍ചിത്രമാണ് അമ്പലവയല്‍ പെരുമ്പാടിക്കുന്ന് കോളനി.
കാട്ടുനായ്ക്ക, പണിയ വിഭാഗങ്ങളില്‍പെട്ട മുപ്പതോളം കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്. ഏതു നിമിഷവും പൊളിഞ്ഞ് വീഴാന്‍ പാകത്തിലുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള വീടുകളിലാണ് ഇവര്‍ കഴിയുന്നത്. വീടിന്റെ അപകടാവസ്ഥ കാരണം ആറു കുടുംബങ്ങള്‍ കോളനിയിലെ സാംസ്‌കാരിക നിലയത്തിലാണ് അന്തിയുറങ്ങുന്നത്. ഇതിനിടെ ഇവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച പുതിയ വീടുകള്‍ നിര്‍മിക്കാന്‍ പഴയ വീടുകള്‍ പൊളിച്ചു മാറ്റി. ഇതോടെ ഇവരുടെ ദുരിതം ഇരട്ടിക്കുകയായിരുന്നു. കോളനിയിലെ ഒന്‍പത് വീടുകളാണ് പുതിയ വീടിന്റെ പ്രവൃത്തി തുടങ്ങാന്‍ പൊളിച്ചു മാറ്റിയത്. എന്നാല്‍ ഇവരില്‍ നിന്നും വീടു നിര്‍മാണത്തിനുള്ള പണത്തിന്റെ ആദ്യ ഘഡു കൈക്കലാക്കി കരാറുകാരന്‍ മുങ്ങുകയായിരുന്നു. നാളിതുവരെയായി ഒരു വീടിന്റെയും തറ പോലും കരാറുകാരന്‍ നിര്‍മിച്ചിട്ടില്ല. വിവരം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും അവരും കോളനിക്കാരെ അവഗണിക്കുകയാണ്. എന്തായാലും വീടില്ലാത്ത ഇവര്‍ക്ക് ട്രൈബല്‍ വകുപ്പ് കക്കൂസ് നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് കോളനിയിലെ വികസന പ്രവൃത്തികള്‍ ഇത്തരത്തിലാകാനുള്ള പ്രധാന കാരണം. പ്രവൃത്തി പാതി വഴിയില്‍ ഉപേക്ഷിച്ച കരാറുകാരനെതിരേ നടപടി വേണമെന്നും കാലപ്പഴക്കം ചെന്ന വീടുകള്‍ക്ക് പകരം പുതിയ വീടുകള്‍ അനുവദിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടല്‍ വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."