'സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ അഭാവം ജനാധിപത്യം നേരിടുന്ന വെല്ലുവിളി'
മാവൂര്‍: സാംസ്‌കാരിക മുഖമുള്ള രാഷ്ട്രീയ പ്രവര്‍ത്തകരുടെ അഭാവമാണ് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് എം.കെ രാഘവന്‍ എം.പി. മാവൂരില്‍ നടന്ന മാനവ സംസ്‌കൃതി കോഴിക്കോട് താലൂക്ക് പഠനക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാസിസത്തിനും അസഹിഷ്ണുതക്കുമെതിരേ സാംസ്‌കാരിക ബദല്‍ തീര്‍ക്കാന്‍ പുതുതലമുറ മുന്നോട്ടു വരണം. വായന തന്നെ മികച്ച രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തെ എല്ലാ ഫാസിസ്റ്റ് ശക്തികളുടെയും ചിന്താ പദ്ധതികളും പ്രവര്‍ത്തന പരിപാടികളും മാത്രമല്ല വേഷഭൂഷാദികള്‍ പോലും ഒന്നാണെന്നു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കേരള പ്രസ് അക്കാദമി മുന്‍ ചെയര്‍മാനുമായ എന്‍.പി രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
പ്രമേയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതി ഹൈന്ദവ വാദത്തെ നേരിടാനുള്ള നല്ലവഴി ഗാന്ധിയുടെ രാമനെ തിരിച്ചു കൊണ്ടു വരലാണെന്നു സംവാദത്തില്‍ പങ്കെടുത്ത പ്രഭാഷകന്‍ കെ. വേദവ്യാസന്‍ ചൂണ്ടിക്കാട്ടി.
മാനവ സംസ്‌കൃതി കോഴിക്കോട് താലൂക്ക് ചെയര്‍മാന്‍ അനില്‍ കുമാര്‍ അധ്യക്ഷനായി. സംസ്ഥാന ജന. സെക്രട്ടറി ഡോ. മുനീര്‍ വളപ്പില്‍, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്, വി.എസ് രഞ്ജിത്ത്, കെ.സി വാസന്തി വിജയന്‍, സി.കെ ഷാജിബാബു, എന്‍. മുരളീധരന്‍, കെ. വേലായുധന്‍, അബ്ദുല്ല മാനൊടുകയില്‍, മന്‍സൂര്‍ സ്വാലിഹ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."