ആറു മാസത്തിനിടെ പ്രവാസികള്‍ അയച്ചത് 2890 കോടി റിയാല്‍
ദോഹ: കഴിഞ്ഞ ആറു മാസത്തിനിടെ പ്രവാസികള്‍ തങ്ങളുടെ നാടുകളിലേക്ക് അയച്ചത് 2890 കോടി റിയാല്‍.
ഖത്തറിലെ ഇരുപത് ലക്ഷത്തിലേറെയുള്ള പ്രവാസികളാണ് ഇത്രയും തുക കൈമാറിയതെന്ന് ഭരണ നിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രി അറിയിച്ചു.
ഖത്തറിലെ തൊഴിലാളികളുടെ വരുമാനത്തില്‍ ഖത്തര്‍ യാതൊരു നികുതിയും ചുമത്തുന്നില്ല. സ്വതന്ത്രമായി അവര്‍ക്ക് തങ്ങളുടെ പണം സ്വദേശങ്ങളിലേക്ക് അയക്കാനുള്ള അനുമതിയുണ്ട്.
സര്‍ക്കാര്‍ സേവന സമുച്ചയങ്ങളില്‍ 11 ഭാഷകളിലായി 11 സ്വയം സേവന യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് തങ്ങളുടെ തൊഴിലുടമയുടെ മേലുള്ള പരാതികള്‍ സമര്‍പ്പിക്കുന്നതിനാണിത്. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട്‌ലൈന്‍ നമ്പറുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ തൊഴില്‍ നിയമത്തിന്റെ പ്രഖ്യാപനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികള്‍ക്കുള്ള സ്വയം സേവന യന്ത്രങ്ങളുടെ എണ്ണം നൂറായി വര്‍ധിപ്പിക്കാന്‍ പദ്ധതിയുള്ളതായും മന്ത്രി പറഞ്ഞു.
എല്ലാ ലേബര്‍ ക്യാംപുകളിലും ഇവ സ്ഥാപിക്കും. രാജ്യത്തിന്റെ വികസനത്തിന്റെ പങ്കാളികളാണ് പ്രവാസി തൊഴിലാളികള്‍. അവരുടെ അവകാശങ്ങളും ആരോഗ്യവും ജീവിതസാഹചര്യങ്ങളും ആരോഗ്യകരമായ താമസ സൗകര്യങ്ങളും ഒക്കുപേഷണല്‍ ഹെല്‍ത്തുമെല്ലാം സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള നിയമങ്ങളും മാനദണ്ഡങ്ങളും നടപ്പാക്കുന്നതില്‍ ഖത്തര്‍ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് രാജ്യം നടപ്പാക്കിയ മറ്റൊരു പ്രധാന നടപടിയാണ് വേതന സംരക്ഷണ നിയമം.
തൊഴിലാളികള്‍ക്ക് താമസിക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ലേബര്‍ സിറ്റികളുമുണ്ട്. ആരോഗ്യ, കായിക, വിനോദ സൗകര്യങ്ങളെല്ലാമുള്ള ലേബര്‍ സിറ്റികളില്‍ അരലക്ഷത്തിലധികം തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിക്കുന്ന വിധവും തൊഴിലാളികളെ പഠിപ്പിക്കുന്നുണ്ട്.
എടിഎം മെഷീനില്‍ നിന്നും എങ്ങനെ പണമെടുക്കണമെന്നത് സംബന്ധിച്ച് പത്ത് ഭാഷകളിലായി തയ്യാറാക്കിയ വീഡിയോകളും തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."