കേന്ദ്ര ഭരണകക്ഷി എന്ന ഉത്തരവാദിത്തം ബി.ജെ.പി കാണിക്കണം: പിണറായി
തിരുവനന്തപുരം: കേന്ദ്രഭരണ കക്ഷി എന്ന നിലയിലുള്ള ഉത്തരവാദിത്തം ബി.ജെ.പി കാണിക്കണമെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തിലെ ജനവിധി അംഗീകരിക്കാനുള്ള സഹിഷ്ണുത നഷ്ടപ്പെട്ടതിനാലാണ് കേരളത്തിലും ഡല്‍ഹിയിലും അക്രമത്തിന്റെ മാര്‍ഗത്തിലേക്ക് ബി.ജെ.പി തിരിഞ്ഞതെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ധര്‍മടം മണ്ഡലത്തില്‍ വിജയാഹ്ലാദ പ്രകടനം നടത്തിയ കുട്ടികളടക്കമുള്ളവര്‍ക്ക് നേരെ ആര്‍.എസ്.എസ് വോട്ടെണ്ണല്‍ ദിനത്തില്‍ നടത്തിയ ആക്രമണത്തില്‍ രവീന്ദ്രനെന്ന എല്‍.ഡി.എഫ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. അന്നു മുതല്‍ സംസ്ഥാനത്തിന്റെ പല മേഖലകളിലും ആര്‍.എസ്.എസ് അക്രമം അഴിച്ചു വിടുകയാണ്. അത് മറച്ചു വച്ചാണ് 'സി.പി.എം അക്രമം' എന്ന വ്യാജ ആരോപണവുമായി കേന്ദ്രമന്ത്രി രംഗത്ത് വന്നതെന്ന് പിണറായി പറഞ്ഞു.
സി.പി.എം ആസ്ഥാനത്തിനു മുന്നില്‍ നടത്തിയ അതിക്രമങ്ങള്‍ ജനാധിപത്യ സമൂഹത്തിനു അംഗീകരിക്കാനാവാത്ത അസഹിഷ്ണുതാ പ്രകടനമാണ്.
കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന വിധത്തില്‍ വ്യാജപ്രചാരണം നടത്തി സ്വന്തം അക്രമം മൂടിവയ്ക്കാനുള്ള അപഹാസ്യമായ ശ്രമത്തില്‍ നിന്ന് പിന്മാറാനും ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങള്‍ വെടിയാനും ബി.ജെ.പി നേതൃത്വം തയാറാകണമെന്ന് പിണറായി പറഞ്ഞു.
എ.കെ.ജി ഭവനുനേരെ ബി.ജെ.പി സംഘ്പരിവാര്‍ ശക്തികള്‍ നടത്തിയ ആക്രമണത്തെ വി.എസ് അച്യുതാനന്ദന്‍ അപലപിച്ചു. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ഇത്തരത്തിലുള്ള തീക്കൊള്ളി കൊണ്ടുള്ള തലചൊറിയല്‍ അവസാനിപ്പിക്കണം.
രാജ്യത്തെ സമാധാനാന്തരീക്ഷവും ജനാധിപത്യ മതനിരപേക്ഷ സംവിധാനവും തകര്‍ക്കാനുളള ബി.ജെ.പി സംഘ്പരിവാര്‍ കക്ഷികളുടെ കുല്‍സിത നീക്കത്തിനെതിരേ മുഴുവന്‍ ജനാധിപത്യവാദികളും പ്രതിഷേധം ഉയര്‍ത്തണമെന്നും വി. എസ് ആവശ്യപ്പെട്ടു.
മോദി ഭരണത്തിന്റെ ഹുങ്കില്‍ നിയമം കൈയിലെടുത്ത് ബി.ജെ.പിയും സംഘ്പരിവാറും ഡല്‍ഹിയില്‍ അഴിഞ്ഞാടുന്ന കാഴ്ചയാണ് കണ്ടത്.
അവിടത്തെ പൊലിസ് കിരാതമായ ഈ ആക്രമണങ്ങള്‍ക്കെല്ലാം ഒത്താശ ചെയ്തുകൊടുക്കുന്ന നിലയില്‍ നിഷ്‌ക്രിയരായി നില്‍ക്കുകയായിരുന്നു.
വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അഖ്‌ലകിനെ കൊലപ്പെടുത്തിയതിനും കനയ്യകുമാറിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനും സമാനമായ രീതിയിലാണ് കേരളത്തില്‍ ആര്‍.എസ്.എസിനെ സി.പി.എം ആക്രമിക്കുന്നു എന്ന വ്യാജ ആരോപണം ഉന്നയിച്ച് സി.പി.എം ആസ്ഥാന മന്ദിരത്തിനു നേരെ ആര്‍.എസ്.എസുകാര്‍ അഴിഞ്ഞാടിയിരിക്കുന്നത്.
കേരളത്തില്‍ യഥാര്‍ഥത്തില്‍ സംഘ്പരിവാറാണ് സി.പി.എം പ്രവര്‍ത്തകരെയും എല്‍.ഡി.എഫ് പ്രവര്‍ത്തകരെയും ഇല്ലായ്മ ചെയ്യുന്നതിനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇത് മറച്ചുവയ്ക്കാന്‍ വേണ്ടിയാണ് ഇക്കൂട്ടര്‍ ജനാധിപത്യ സംവിധാനത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത തരത്തില്‍ പാര്‍ട്ടികേന്ദ്ര ഓഫിസിനു നേരെ ആക്രമണം നടത്തുന്നതെന്ന് വി.എസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."