കേരളത്തില്‍ അക്രമമെന്ന് വരുത്തിത്തീര്‍ക്കാന്‍ ബി.ജെ.പി നീക്കം: കോടിയേരി
തിരുവനന്തപുരം: എല്‍.ഡി.എഫ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ കേരളത്തില്‍ അക്രമം വര്‍ധിച്ചെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കമാണ് ആര്‍.എസ്.എസും ബി.ജെ.പിയും നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇവിടെ ആക്രമണം അഴിച്ചുവിട്ടശേഷം ദേശീയ തലത്തില്‍ പ്രചാരണം നടത്താനാണു ബി.ജെ.പി ശ്രമിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിരാശപൂണ്ട ബി.ജെ.പി അക്രമങ്ങളിലൂടെ കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും സി.പി.എം അധികാരത്തിലെത്തുന്നത് അസഹിഷ്ണുതയോടെയാണ് അവര്‍ നോക്കിക്കാണുന്നതെന്നും കോടിയേരി പറഞ്ഞു.
മുപ്പതു ശതമാനത്തോളം വോട്ട് പ്രതീക്ഷിച്ചു മൂന്നാംകക്ഷിയായി മാറാന്‍ ശ്രമിച്ച ബി.ജെ.പിക്ക് അതിന്റെ പകുതിപോലും വോട്ട് സമാഹരിക്കാനായില്ല. ഒരാളെ ജയിപ്പിച്ചപ്പോള്‍ അവരുടെ സ്ഥിതി ഇതാണെങ്കില്‍ പത്തുപേര്‍ ജയിച്ചിരുന്നെങ്കിലുള്ള അവസ്ഥ എന്താകുമായിരുന്നുവെന്നും കോടിയേരി ചോദിച്ചു.
ഡല്‍ഹിയില്‍ അരങ്ങേറിയ എ.കെ.ജി ഭവന്‍ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ബി.ജെ.പി കേന്ദ്രനേതൃത്വത്തിനാണ്. സി.പി.എമ്മിനെ തെരുവില്‍ നേരിടുമെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവനയെ അപലപിക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാവുപോലും തയാറായിട്ടില്ല. ആര്‍.എസ.്എസിന്റെ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.
ബി.ജെ.പി അക്രമങ്ങള്‍ക്കെതിരേ ശക്തമായ പൊതുജനാഭിപ്രായം രൂപീകരിക്കാന്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രാദേശികതലത്തില്‍ പ്രകടനങ്ങളും പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും ഒരുതരത്തിലുള്ള പ്രകോപനങ്ങളിലും അകപ്പെടാതിരിക്കാന്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ജാഗ്രതപാലിക്കണമെന്നും കോടിയേരി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."