ജനവാസമേഖലകളില്‍ മാലിന്യം തള്ളുന്നത് വ്യാപകമാവുന്നു
ഒലവക്കോട്: ജില്ലയിലെ ജനവാസമേഖലകള്‍ കൊടും വിഷം നിറഞ്ഞ രാസമാലിന്യവും ആശുപത്രി മാലിന്യവും തള്ളാനുള്ള കുപ്പത്തൊട്ടിയായി മാറുന്നു. ഐ.എം.എയുടെ ഉടമസ്ഥതയില്‍ മലമ്പുഴയിലെ മാന്തുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഇമേജ് ആശുപത്രി മാലിന്യസംസ്‌കരണ ഫാക്ടറി, മുതലമട കാളിയമ്പാറയിലെ രാസമാലിന്യശേഖരം, കഞ്ചിക്കോട് വ്യവസായ മേഖലയില്‍ രാസമാലിന്യം കോരയാറിലേക്ക് തള്ളുന്ന നാല്‍പതിലധികം ഇരുമ്പുരുക്കു കമ്പനികള്‍ പട്ടിക ഇനിയും നീണ്ടതാണ്.
മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഇമേജിന്റെ ഫാക്ടറിയിലെത്തുന്നത് കേരളത്തിലെ അഞ്ഞൂറോളം ആശുപത്രികളിലെ മാലിന്യമാണ്. മാരകരോഗം ബാധിച്ചവര്‍ക്ക് കുത്തിവെച്ച ചോരയും പഴുപ്പും കലര്‍ന്ന സിറിഞ്ചുകള്‍ മുതല്‍ ശസ്ത്രക്രിയാമുറിയിലെ മാലിന്യം വരെ ഇവിടെ സംസ്‌കരിക്കാനെത്തുന്നുണ്ട്. പ്രതിദിനം ഒന്‍പതു ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റില്‍ ദിവസവും എത്തുന്നുണ്ട്. 20 ടണ്ണിലധികം മാലിന്യം കുന്നുകൂടിക്കിടക്കുന്ന മാലിന്യത്തിന്റെ ഉറവയെത്തുന്നത് മലമ്പുഴ അണക്കെട്ടിലാണ്. നഗരത്തിലെയും പരിസര പഞ്ചായത്തുകളിലേയും പത്തുലക്ഷത്തോളം വരുന്ന ജനം കുടിക്കുന്നത് ഈ കുടിവെള്ളമാണ്. ഫാക്ടറി ആന്റ് ബോയിലേഴ്‌സ് വകുപ്പിനോ, മലിനീകരണ നിയന്ത്രണ ബോര്‍ഡിനോ ഇവിടെ കാര്യമായൊന്നും ചെയ്യാനാകുന്നില്ല. ഇമേജിനെതിരെ കൃഷിക്കാരും മലമ്പുഴ ഡാം സംരക്ഷണസമിതിയും നടത്തുന്ന സമരങ്ങള്‍ പൊളിക്കാന്‍ പാര്‍ട്ടികള്‍ തന്നെ ശ്രമിക്കുന്നു.
മുതലമടയിലെ കളളിയമ്പാറയില്‍ വിനോദ് എന്നയാളുടെ പറമ്പില്‍ തള്ളിയിരിക്കുന്നത് ടണ്‍ കണക്കിന് രാസമാലിന്യമാണ്. ചാലക്കുടിയിലെ കാതിക്കൂടം നിറ്റാജലാറ്റിന്‍ കമ്പനിയിലെ ഖരമാലിന്യമാണ് ഇവിടെ വളമെന്ന പേരില്‍ വില്‍ക്കുന്നത്. കടുത്ത ദുര്‍ഗന്ധം സഹിച്ചാണ് നാട്ടുകാര്‍ ജീവിക്കുന്നതെന്നിരിക്കെ ജനകീയ സമരത്തിന് വേണ്ടത്ര പിന്തുണകളും കിട്ടുന്നില്ല. സ്ഥലമുടമസ്ഥന്റെ രാഷ്ട്രീയ സ്വാധീനമാണ് ഇവിടത്തെ ജനത്തെ മാറ്റി നിര്‍ത്തുന്നത്. കന്നുകാലികള്‍ ഈ ഖരമാലിന്യം ഭക്ഷിക്കുന്നതായി മലിനീകരണ നിയന്ത്രണബോര്‍ഡ് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. മുതലമടയിലെ സുമന്‍ എന്ന പരിസ്ഥിതി പ്രവര്‍ത്തകന് ലഭിച്ച വിവരാവകാശ രേഖയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണുള്ളത്. മാംഗനീസും കാഡ്മിയവുമടങ്ങിയ രാസമാലിന്യം അപകടകരമല്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍. കഞ്ചിക്കോട്ടെ ഇരുമ്പുരുക്കു കമ്പനികളും കിടക്ക കമ്പനിയും ചേര്‍ന്ന് പ്രതിദിനം 40 ടണ്ണിലധികം മാലിന്യമാണ് പുതുശ്ശേരി പഞ്ചായത്തിലെ കോരിയാറിലേക്കൊഴുകുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്‌പോഞ്ച് അയേണ്‍ ഫാക്ടറികള്‍ ഉള്ളത് ഇവിടെയാണ്. കോരയാറില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയിട്ടും കാലികള്‍ക്ക് രോഗം വന്നിട്ടും മാലിന്യം നിയന്ത്രിക്കാന്‍ ആരുമൊന്നും ചെയ്യുന്നില്ല. കഞ്ചിക്കോടിന് മാത്രമായുണ്ടാക്കിയ കാവല്‍ സമിതിയെ അധികൃതര്‍ തന്നെ പൊളിച്ചടുക്കി. കലക്ടര്‍ ചെയര്‍മാനായ സമിതി യോഗം ചേരുന്നത് വര്‍ഷത്തിലൊരിക്കല്‍ പേരിനു മാത്രമായൊതുങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."