ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഒരുങ്ങുന്നു; പുതുചരിത്രം കുറിക്കാന്‍
കഠിനംകുളം: തലസ്ഥാന ജില്ലയുടെ കായിക ചരിത്രത്തില്‍ പുതിയൊരു അധ്യായം തുറക്കാന്‍ ഒരുങ്ങുകയാണ് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം.
ഐ.പി.എല്‍ ഉള്‍പ്പടെയുള്ള രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയാകാനിടയുള്ള സ്റ്റേഡിയത്തില്‍ പിച്ചുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.ജനുവരി മധ്യത്തോടെ മത്സരങ്ങള്‍ക്കായി സജ്ജമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം. സ്റ്റേഡിയത്തിന്റെ മധ്യഭാഗത്തായി അഞ്ചു പിച്ചുകളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. ഇതിന്റെ ഫില്ലിങ് പ്രവര്‍ത്തനം ഏകദേശം പൂര്‍ത്തിയായി. വിവിധ തട്ടുകളായി വളരെ സൂക്ഷ്മമായിട്ടാണ് നിര്‍മാണ പ്രവര്‍ത്തനം. ഫുട്‌ബോള്‍ കളിക്ക് ഉപയോഗിക്കാനായി 22 മില്ലിമീറ്റര്‍ പൊക്കത്തില്‍ സ്റ്റേഡിയത്തില്‍ പുല്ല് വളര്‍ത്തിയിരുന്നെങ്കിലും ഇപ്പോള്‍ ഇത് 11 മില്ലീമീറ്ററായി കുറച്ചിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ക്രിക്കറ്റിന് പ്രാപ്തമായ രീതിയില്‍ ആറ് മുതല്‍ ഏഴ് മില്ലിമീറ്റര്‍ പൊക്കത്തിലേക്ക് ചുരുക്കും.
തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ മേല്‍ നോട്ടത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റര്‍മാരാണ് പിച്ച് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം തീരുന്നതിന് മുന്‍പ് തന്നെ പിച്ചിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചത്.
സ്റ്റേഡിയത്തെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെ.സി.എയാണ് നേതൃത്വം നല്‍കുന്നത്. 50,000 കാണികളെ ഉള്‍കൊള്ളുന്ന സ്റ്റേഡിയത്തില്‍ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വി.ഐ.പി.എന്‍ ക്ലോഷറുകള്‍, ഇന്‍ഡോര്‍ കോര്‍ട്ടുകള്‍, സ്വിമ്മിങ് പൂളുകള്‍, ആധുനിക സൗകര്യങ്ങളോടു കൂടിയ മീഡിയാറൂം,ഔട്ട് ഡോര്‍ ഗെയിമുകള്‍ക്കുള്ള സൗകര്യങ്ങള്‍, ഔട്ട് ഡോര്‍ ക്രിക്കറ്റ് നെറ്റുകള്‍, സ്‌ക്വാഷ് കോര്‍ട്ടുകള്‍ക്ക് പുറമേ കണ്‍വെഷന്‍ സെന്ററും ഒരുക്കിയിട്ടുണ്ട്. ഇതിനനുബന്ധമായി അതിഥി സല്‍ക്കാര റൂമുകള്‍, ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റുമുള്ള സൗകര്യങ്ങളുമുണ്ട്. ഹോട്ടലുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, തിയറ്ററുകള്‍ എന്നിവയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.
ഏതാനും മാസങ്ങള്‍ കൂടി കാത്തിരുന്നാല്‍ തലസ്ഥാന ജില്ലയുടെയും, അതുവഴി സംസ്ഥാനത്തിന്റെ തന്നെയും അഭിമാന മുഹൂര്‍ത്തങ്ങളിലേക്കായിരിക്കും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വാതില്‍ തുറക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."