ലഹരി ഇടപാടുകള്‍ അറിയിക്കാനായി മൊബൈല്‍ നമ്പര്‍ നല്കി ഋഷിരാജ് സിങ്
മതിലകം: ലഹരിയുമായി ബന്ധപ്പെട്ട് നാട്ടില്‍ എവിടെയെങ്കിലും പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ വിളിക്കണമെന്നും അതിനായി തന്റെ മൊബൈല്‍ നമ്പര്‍ വിദ്യാര്‍ഥികള്‍ ഉപയോഗപ്പെടുത്തണമെന്നും ഋഷിരാജ് സിങ്. മതിലകം പാരമൗണ്ട് ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞ വിദാര്ഥികളോടാണ് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് ഈ നിര്‍ദേശം നല്‍കിയത്.
ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ പ്രത്യേക താല്പര്യമെടുത്ത് കയ്പമംഗലം മണ്ഡലത്തില്‍ രൂപീകരിച്ച സ്വരക്ഷാ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിലെ ലഹരി വിരുദ്ദ ക്ലബുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ്ടൂ വിദ്യാര്‍ഥികളാണ് ലഹരിക്ക് കൂടുതല്‍ അടിമപ്പെടുന്നതെന്നും ഇതിന് മുഖ്യമായി മൂന്ന് കാരണങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളിലെ ഈ ദുശീലം മാറ്റിയെടുക്കാന്‍ മൂന്നു പേര്‍ക്കാണ് സാധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒന്നാമത് സ്വയം തിരിച്ചറിവുണ്ടാവുക, രണ്ടാമത് അധ്യാപകര്‍ക്കാണ് കൂടുതല്‍ ഇടപെടാവുന്നത്, മൂന്നാമത് അമ്മമാര്‍ക്കും. ലഹരി ഉപയോഗത്തില്‍ ഇന്ത്യയില്‍ കേരളം മൂന്നാം സ്ഥാനത്താണെന്നും ഇതു പോലെ മുന്നോട്ടു പോയാല്‍ അധികം വൈകാതെ ഒന്നാം സ്ഥാനത്തെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ലഹരിക്കെതിരേ അതി ശക്തമായ നടപടികളാണ് എടുക്കുന്നത്. ഇതിനകം തന്നെ ഇരുപതിനായിരം പേര് ജയിലിലായെന്നും അദ്ദേഹം വെളിപ്പെടുത്തി. തുടര്‍ന്ന് അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്കി.
ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. മതിലകം ബി.പി.ഒ, ടി.എസ് സജീവന് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബി.ജി വിഷ്ണു, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി, മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ജി സുരേന്ദ്രന്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ മല്ലിക, ടി.എം ഷാഫി, ടി.വി സുരേഷ്, പ്രസാദിനി മോഹന്‍, കെ.കെ സച്ചിത്ത്, ബൈന പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."