ദുരിതത്തിന് അറുതിയില്ല; ക്ഷമകെട്ട് ജനം
തിരുവനന്തപുരം: നോട്ടുകള്‍ അസാധുവാക്കി 38 ദിവസം പിന്നിട്ടപ്പോഴും ജനങ്ങളുടെ ദുരിതത്തിന് അറുതിയായില്ല. ബാങ്കുകളില്‍ നിന്നും എ.ടി.എമ്മുകളില്‍ നിന്നും ആവശ്യത്തിനുള്ള പണം ലഭിക്കാത്തതിനാല്‍ ദുരിതത്തിലായ ജനങ്ങളുടെ പ്രതിഷേധം വ്യാപകമാവുകയാണ്. എ.ടി.എമ്മുകളില്‍ നിന്ന് ഇപ്പോഴും ലഭിക്കുന്നത് 2000 രൂപയുടെ നോട്ടുകളാണ്. ഇതും ആവശ്യത്തിനില്ലാത്ത സാഹചര്യമാണുള്ളത്. ലഭിക്കുന്ന രണ്ടായിരത്തിന്റെ നോട്ടുകളാകട്ടെ ചില്ലറയാക്കാനും കഴിയുന്നില്ല. പല പൊതുമേഖലാ ബാങ്കുകളുടെയും എ.ടി.എമ്മുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുന്നു.
എസ്.ബി.ഐ, എസ്.ബി.ടി ബാങ്കുകളുടെ പ്രധാന ശാഖകളോട് ചേര്‍ന്ന എ.ടി.എമ്മുകള്‍ മാത്രമാണ് പലയിടത്തും പ്രവര്‍ത്തിക്കുന്നത്.
ഭൂരിഭാഗം എ.ടി.എമ്മുകളും കാലിയായതോടെ പണവിനിമയം സ്തംഭനത്തിലായി. കഴിഞ്ഞ ആഴ്ചകളിലെ അവസാന പ്രവൃത്തി ദിവസങ്ങളില്‍ ബാങ്കുകള്‍ ആവശ്യപ്പെട്ട പണം എത്തിക്കാന്‍ റിസര്‍വ് ബാങ്കിന് കഴിയാത്തതിനാല്‍ പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു. പണമിടപാടുകള്‍ക്കായി നേരിട്ട് ബാങ്കുകളില്‍ എത്തുന്നവരുടെ തിരക്കു കുറഞ്ഞിട്ടുണ്ടെങ്കിലും പ്രതിസന്ധി ഗുരുതരമായി തുടരുകയാണ്. നഗരപ്രദേശങ്ങളില്‍ താരതമ്യേന തിരക്കു കുറവുണ്ടെങ്കിലും ഗ്രാമങ്ങളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുകയാണ്. ആവശ്യത്തിനുള്ള പണം ലഭിക്കാത്തതിനാല്‍ ചെറുകിട കച്ചവടക്കാരും കൂലിപ്പണിക്കാരും സാധാരണക്കാരുമാണ് ഏറെ വലയുന്നത്.
ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളാണു വന്‍ ദുരിതം അനുഭവിക്കുന്നത്. സഹകരണ ബാങ്കുകളില്‍ നിക്ഷേപമുള്ള ഗ്രാമീണര്‍ ആവശ്യത്തിനു പണം ലഭിക്കാത്തതിനാല്‍ നെട്ടോട്ടമോടുകയാണ്. വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്കും പണം ലഭിക്കാത്ത അവസ്ഥയാണ്. നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങള്‍ പോലും നീട്ടിവയ്ക്കുന്നു. നോട്ട് പ്രതിസന്ധിയില്‍ വിവാഹം മുടങ്ങിയ സംഭവങ്ങളുമുണ്ട്. ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ബുദ്ധിമുട്ടിനു പുറമെയാണു നിര്‍മാണ കാര്‍ഷിക മേഖലകളിലെ പ്രതിസന്ധി. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള പണം ലഭിക്കാത്തതും ഒപ്പം മഴ ലഭിക്കാത്തതും കര്‍ഷകരെ വലയ്ക്കുന്നു. കാര്‍ഷിക വിളകള്‍ യഥാസമയം വിറ്റഴിക്കാന്‍ കഴിയാത്തതും ഇരുട്ടടിയായി. നോട്ട് പ്രതിസന്ധിമൂലം റബര്‍ കര്‍ഷകരും ദുരിതത്തിലാണ്. വില ഉയര്‍ന്നുനില്‍ക്കുമ്പോഴും കാര്യമായി വ്യാപാരം നടക്കുന്നില്ല. നിര്‍മാണമേഖലയിലെ പ്രതിസന്ധിമൂലം ഇതര സംസ്ഥാനക്കാരായ തൊഴിലാളികളില്‍ നല്ലൊരു ഭാഗവും നാട്ടിലേക്കു തിരികെപ്പോയി. നോട്ട് ക്ഷാമം രൂക്ഷമായതോടെ ക്ഷമകെട്ട ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നുതുടങ്ങി. വരും ദിവസങ്ങളില്‍ പ്രതിഷേധം രൂക്ഷമാകാനാണു സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."