നടവയല്‍ മേഖലയില്‍ ദുരിതം വിതച്ച് കാട്ടാനയും കാട്ടുപന്നിയും
പനമരം: രൂക്ഷമായ വന്യമൃഗശല്യത്തിന്റെ ദുരിതത്തില്‍ വിറങ്ങലിച്ച് നടവയല്‍. മേഖലയിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയാതെ വനം വകുപ്പും. കാട്ടാനയും കാട്ടുപന്നികളും വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിനിടെയാണ് ഇന്നലെ കടുവയുടെ ആക്രമണത്തില്‍ ആട് ചത്തത്. ഇന്നലെ വരെ കാര്‍ഷിക വിളകള്‍ മാത്രം സംരക്ഷിക്കേണ്ട ബാധ്യതയാണ് കര്‍ഷകര്‍ക്കുണ്ടായിരുന്നതെങ്കില്‍ ഇന്ന് അവരുടെ വളര്‍ത്ത് മൃഗങ്ങളെയും കൂടി നോക്കേണ്ട അവസ്ഥയാണ്. വനാതിര്‍ത്തി പ്രദേശമായ പാതിരിയമ്പം, കായക്കുന്ന്, ചെക്കിട്ട, നെയ്ക്കുപ്പ, ചെഞ്ചടി, വണ്ടിക്കടവ്, ചീങ്ങോട്, അയനിമല, എടക്കാട് പ്രദേശങ്ങളില്‍ വന്യമൃഗശല്യം അതിരൂക്ഷമാണ്. അടക്കാട് അയനിമല, ചീങ്ങോട് പ്രദേശങ്ങളില്‍ നേരത്തെ കടുവയുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. വനാതിര്‍ത്തിയില്‍ ട്രഞ്ചുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്താത്തത് കാരണം ഇവ ഇടിഞ്ഞ് നികന്നുപോയി. ബാക്കി കുറച്ച് ഭാഗത്ത് കരിങ്കല്‍ ഭിത്തി നിര്‍മിച്ചത് മാത്രമാണ് കര്‍ഷകര്‍ക്ക് കുറച്ചെങ്കിലും ആശ്വാസം പകരുന്നത്. മൂന്ന് ഭാഗവും വനത്താല്‍ ചുറ്റപ്പെട്ട നടവയല്‍ മേഖലയിലെ വന്യമൃഗശല്യം തടയാന്‍ ബന്ധപ്പെട്ട വനം വകുപ്പിന് കഴിയാത്തത് ജനങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് വഴി തെളിച്ചിട്ടുണ്ട്. വന്യമൃഗശല്യത്തില്‍ എന്തെങ്കിലും നാശനഷ്ടം സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്‍കി തടിയൂരുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നത്. എന്നാല്‍ നഷ്ടപരിഹാരം നല്‍കുന്ന തുകയുണ്ടെങ്കില്‍ കാടും നാടും തമ്മില്‍ വേര്‍തിരിച്ച് വന്യമൃഗശല്യം പൂര്‍ണമായി തടയാന്‍ കഴിയുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."