കണ്ണൂരിലെ തോല്‍വികള്‍ വിളിച്ചുവരുത്തിയത്: കെ സുരേന്ദ്രന്
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെയും കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെയും യു.ഡി.എഫ് പരാജയം വിളിച്ചുവരുത്തിയതാണെന്നു സ്ഥാനമൊഴിയുന്ന ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്. ഡി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ അതിന്റെ വലിയ ഉത്തരവാദിത്വം തനിക്കായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയ ഡി.സി.സി ഓഫിസിന്റെ നിര്‍മാണത്തിന് ഇതിനകം രണ്ടേകാല്‍ കോടി രൂപ ചെലവായി. ആറു മാസത്തിനകം കെ സുധാകരനെയും നിയുക്ത ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനിയെയും മുന്നില്‍ നിര്‍ത്തി ഓഫിസ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.
രാഷ്ട്രീയ ഗുരുനാഥനായ എന്‍ രാമകൃഷ്ണന് ഇരുന്ന കസേരയില്‍ ഇരിക്കാന്‍ കഴിഞ്ഞുവെന്നതാണു തന്റെ ഏറ്റവും വലിയ നേട്ടം. ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നന്നായി സഹകരിച്ചു. പുതിയ പ്രസിഡന്റിനൊപ്പം തോളോടു തോള് ചേര്‍ന്നു പ്രവര്‍ത്തിക്കും. താന്‍ പ്രസിഡന്റായ കാലയളവില്‍ നിരവധി വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. യു.ഡി.എഫ് ഭരണത്തിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്കു നന്നായി ലഭിച്ചെങ്കിലും ഡി.സി.സി ഓഫിസ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. നീട്ടിയ കൈകള്‍ തിരിച്ചെടുക്കേണ്ടി വന്നു. പുതിയ ഡി.സി.സി പ്രസിഡന്റ് വരുന്നതോടെ കണ്ണൂരിലെ കോണ്‍ഗ്രസിനു പുതിയ ശബ്ദവും മാറ്റവും ഉണ്ടാകുമെന്നും സുരേന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."