ബാര്‍ട്ടര്‍ സമ്പ്രദായത്തെ ഓര്‍മപ്പെടുത്തി നാട്ടാചാരം: പാട്ടുകാര്‍ മീനുമായെത്തി; പകരം ഉല്‍പന്നങ്ങളുമായി ഇന്നു മടക്കം
കയ്യൂര്‍: തേജസ്വിനിയുടെ ഓളപ്പരപ്പുകളിലൂടെയെത്തിയ തോണികളില്‍ നിന്നു വാല്യക്കാര്‍ ഉച്ചത്തില്‍ കൂവി. കൂവല്‍ കേട്ടതോടെ പുഴയോരങ്ങളിലെ വീടുകളിലുള്ളവര്‍ ചട്ടികളുമായി പുഴക്കരയിലെത്തി. പുഴയോരങ്ങളില്‍ കാത്തുനിന്നവര്‍ക്കെല്ലാം സൗജന്യമായി മീനുകള്‍ നല്‍കി തോണിക്കാര്‍ കയ്യൂരേക്കു തുഴഞ്ഞു.
ഇന്ന് ഈ വഴികളിലൂടെ തോണിക്കാര്‍ മടങ്ങിയെത്തുമ്പോള്‍ പുഴയോരത്തുള്ളവര്‍ ഒരിക്കല്‍ കൂടി കാത്തുനില്‍ക്കും. ഇതു പക്ഷെ മീന്‍ വാങ്ങാനല്ല. മറിച്ച്, വാങ്ങിയ മീനിനു പകരം തേങ്ങയും കുലയും അടക്കയും ഇലയുമെല്ലാം ഇവര്‍ തോണിക്കാര്‍ക്കു നല്‍കാനാണ് ഈ കാത്തുനില്‍പ്. സാധനങ്ങള്‍ക്കു പകരം സാധനങ്ങള്‍ കൈമാറുന്ന ബാര്‍ട്ടര്‍ സമ്പ്രദായത്തെ ഓര്‍മപ്പെടുത്തുകയാണു കാടങ്കോട് നെല്ലിക്കാല്‍ ക്ഷേത്ര പാട്ടുത്സവ ഭാഗമായുള്ള ഈ നാട്ടാചാരം. പാട്ടുകാരുടെ മീന്‍ വരവ് എന്നാണിത് അറിയപ്പെടുന്നത്. ധനു സംക്രമ ദിവസമാണ് ചടങ്ങ്.
നെല്ലിക്കാല്‍ ക്ഷേത്രത്തിലെ വാല്യക്കാര്‍ തങ്ങള്‍ വലയിലാക്കിയ മീനുമായി മടക്കരയില്‍ നിന്നു കയ്യൂരേക്കു പുറപ്പെടും. അന്നു രാവിലെ മയ്യിച്ച, പൊടോതുരുത്തി, ചാത്തമത്ത്, ക്ലായിക്കോട്, വെള്ളാട്ട്, പാലായി എന്നിവിടങ്ങളിലുള്ളവര്‍ ഉണരുന്നതു തോണിയിലുള്ളവരുടെ കൂവല്‍ കേട്ടാണ്. ചട്ടികളുമായി എത്തുന്നവര്‍ക്ക് അയലയും മത്തിയുമെല്ലാം യഥേഷ്ടം നല്‍കും. അന്നു രാത്രി കയ്യൂര്‍ മഠത്തില്‍ തറവാട്ടില്‍ തങ്ങുന്ന സംഘം പിറ്റേ ദിവസം രാവിലെയാണു മടങ്ങുക. മുകയ സമുദായ ക്ഷേത്രമായ നെല്ലിക്കാലിലെ പാട്ടുത്സവത്തിനുള്ള വിഭവങ്ങളാണ് ഇങ്ങനെ മീന്‍ നല്‍കി ശേഖരിക്കുന്നത്. പകരം കാര്‍ഷിക വിഭവം നല്‍കുന്നത് തീയസമുദായക്കാര്‍. സാമുദായിക കൂട്ടായ്മ കൂടി ഇവിടെ അടയാളപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."