കരിങ്കല്ലിന് കടുത്തക്ഷാമം: വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍
കോവളം: കരിങ്കല്ലിന് കടുത്തക്ഷാമം നേരിട്ടതോടെ വിഴിഞ്ഞം തുറമുഖ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി.
കല്ല് ലഭിക്കാത്തതോടെ ശാസ്ത്രീയമായ ബദല്‍ സംവിധാനത്തെക്കുറിച്ച് നിര്‍മാണ കമ്പനിയായ അദാനി ഗ്രൂപ്പ് ആലോചന തുടങ്ങി. ഉടന്‍ അല്ലെങ്കില്‍ ഭാവിയില്‍ ഇത് ആവശ്യമായി വരും എന്നാണ് അധികൃതര്‍ കരുതുന്നത്. ആദ്യഘട്ട നിര്‍മാണപ്രവത്തനങ്ങള്‍ 1000 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് അദാനി ഗ്രൂപ്പ് തുറമുഖ നിര്‍മാണം ആരംഭിച്ചത്. തുടക്കത്തില്‍ നല്ല ഗതിവേഗമുണ്ടായിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കടലിന്റെ പ്രക്ഷുബ്ദാവസ്ഥയും ഡ്രഡ്ജിംഗ് യന്ത്രത്തിന്റെ സാങ്കേതിക തകരാറിനെയും തുടര്‍ന്ന് അല്‍പം പിന്നോട്ടടിച്ചെങ്കെലും ഗുജറാത്തില്‍ നിന്നെത്തിച്ച ശേഷികൂടിയ പുതിയ ഒരു ഡ്രഡ്ജിംഗ് യന്ത്രം കൂടിജോലി തുടങ്ങിയതോടെ നിമാണ പ്രവര്‍ത്തനങ്ങളുടെ വേഗത വര്‍ധിച്ചിരുന്നു.
ഇതിനിടെയാണ് പുലിമുട്ട് നിര്‍മാണത്തിന് ആവശ്യമായ കല്ലിന്റെ ലഭ്യതയില്‍ കുറവു വന്നിരിക്കുന്നത്. പ്രതിദിനം 5000 ടണ്ണോളം കല്ലു വേണ്ട സ്ഥലത്ത് 3000 ടണ്‍ കല്ലാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നാണ് നിര്‍മാണ കമ്പനി അധികൃതര്‍ പറയുന്നത്.
കരിങ്കല്ലിന് പകരം കൂറ്റന്‍ പാറക്കല്ലുകളോ കോണ്‍ക്രീറ്റ് നിര്‍മിത കെയ്‌സണോ, സാന്‍ഡ് ഫില്ലിംഗ് ടെക്‌നോളജി, ജിയോ ടെക്‌സ്‌റ്റൈല്‍ ട്യൂബ് ടെക്‌നോളജി എന്നിവയെക്കുറിച്ചാണ് പഠനം നടക്കുന്നത്. ഇതില്‍ നിലവില്‍ വിദേശത്തടക്കം പല തുറമുഖങ്ങളുടെയും നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ളതും താരതമ്യേന ചെലവ് കുറവും സമയ ലാഭവും സുരക്ഷിതമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ ജിയോ ടെക്‌സ്‌റ്റൈല്‍ ട്യൂബ് ടെക്‌നോളജി തെരഞ്ഞെടുക്കാനാണ് സാധ്യത. കടല്‍ കുഴിക്കലിന്റെയും പുലിമുട്ടിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുവരുന്നത്. 80 ജീവനക്കാരാണ് കടല്‍ കുഴിക്കലിനും പുലിമുട്ട് നിര്‍മാണത്തിലും ഏര്‍പ്പെട്ടിരിക്കുന്നത്. മൂന്ന് കിലോമീറ്റര്‍ നീളത്തിലുള്ള പുലിമുട്ടിന്റെ ഒന്നര കിലോമീറ്റര്‍ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."