കാലിക്കറ്റ് സര്‍വകലാശാലയില്‍ ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കി
തേഞ്ഞിപ്പലം: റോഡിലും കാംപസിലും പൊലിസിന്റെ അപ്രതീക്ഷിതമായുളള വാഹനം തടഞ്ഞുളള പരിശോധന. ഡോഗ് സ്‌കോഡിന്റെ ശക്തമായ സാന്നിധ്യം. നോക്കിനിന്നവരെയും നാട്ടുകാരുടെയും പരിഭ്രാന്തിക്ക് അറുതി വരുത്തി സര്‍വകലാശാല സ്‌റ്റേഡിയത്തില്‍ നിന്ന് ബോംബ് കണ്ടെത്തുന്നു.
ഇന്നലെ രാവിലെ അക്ഷരാര്‍ഥത്തില്‍ സര്‍വകലാശാലയിലും ചേളാരി ഐ.ഒ.സി പരിസരത്തും ബോംബ് വെച്ചെന്ന വാര്‍ത്ത പരന്നതും പരിശോധനകളും പെട്ടെന്നായിരുന്നു. കാംപസിലെ ജീവനക്കാരും വിദ്യാര്‍ഥികളും വിവിധ ആവശ്യങ്ങള്‍ക്കായി വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരും പരിഭ്രാന്തരാകുകയായിരുന്നു. കാലിക്കറ്റ് കാംപസിലും ഐ.ഒ.സിയിലും തീരദേശ മേഖലയിലും ബോംബുവച്ചിട്ടുണ്ടെന്ന് ജില്ലാ പൊലിസ് മേധാവിയുടെ ഫോണ്‍ മുഖേന ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനയാണെന്ന് വ്യക്തമാക്കി.
തിരൂരങ്ങാടി സി.ഐ ബാബുരാജ്, തേഞ്ഞിപ്പലം എസ്.ഐ എം. അഭിലാഷ്, അഡീഷണല്‍ എസ്.ഐ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേത്യത്വത്തില്‍ അറുപത്തിലധികം വരുന്ന പൊലിസുകാര്‍ സര്‍വകലാശാല പരീക്ഷാഭവന്‍, ടാഗോര്‍ നികേതന്‍, സി.എച്ച് സെന്‍ട്രല്‍ ലൈബ്രറി, സ്‌റ്റേഡിയം എന്നിവിടങ്ങളിലും ഐ.ഒ.സി പ്ലാന്റിലുമാണ് പരിശോധന നടത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്ക് ശേഷം സര്‍വകലാശാല സ്‌റ്റേഡിയത്തിലെ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിനു സമീപത്തെ സ്‌റ്റേജിനടിയില്‍ നിന്ന് ബോംബ് കണ്ടെത്തിയെന്ന് പൊലിസ് അറിയിച്ചപ്പോഴാണ് കണ്ടുനിന്നവര്‍ക്ക് പന്തികേട് തോന്നിയത്.
ഒടുവില്‍ മോക് ഡ്രില്ലാണെന്ന് പൊലിസ് സംഘം തന്നെ വ്യക്തമാക്കുകയും ചെയ്തു. ' സാഗര്‍ കവച് ' എന്ന പേരിലായിരുന്നു മോക് ഡ്രില്‍. 48 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന മേക് ഡ്രില്‍ ആണ് ആസൂത്രണം ചെയ്തിരുന്നതെങ്കിലും പ്രതീകാത്മക ബോംബ് കണ്ടെത്തിയതിനാല്‍ കാലിക്കറ്റ് കാംപസിലെ ബോംബ് പരിശോധനയും നടപടികളും ഇന്നലെ തന്നെ പൊലിസ് അവസാനിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."