മഴക്കെടുതി: 23 വീട് ഭാഗികമായി തകര്‍ന്നു കൃഷിനാശം വ്യാപകം
തിരുവനന്തപുരം : കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ജില്ലയില്‍ 23 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക കൃഷിനാശവും ഉണ്ടായി.
കൃഷിനാശത്തിന്റെ കണക്കുകള്‍ അതത് പഞ്ചായത്തുകളിലെ കൃഷി ഓഫിസര്‍മാര്‍ മുഖേന ശേഖരിച്ചു വരികയാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മൂന്നുദിവസമായി പെയ്യുന്ന മഴയുടെ ശക്തി കുറഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളില്‍നിന്നെല്ലാം വെള്ളം ഇറങ്ങിത്തുടങ്ങി. ശക്തമായ മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതബാധിതരെ മാറ്റിപ്പാര്‍പ്പിക്കാനായി ആരംഭിച്ച രണ്ടു ക്യാംപില്‍നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങിപ്പോയി. നിലവില്‍ ആറു ക്യാംപിലായി അഞ്ഞൂറോളം പേരാണ് കഴിയുന്നത്. വലിയതുറ എല്‍.പി യു.പി സ്‌കൂള്‍, കൊച്ചുതുറ സെന്റ് ആന്റണീസ് സ്‌കൂള്‍, കാലടി ഹൈസ്‌കൂള്‍, കൊഞ്ചിറവിള യുപി സ്‌കൂള്‍, ആറ്റുകാല്‍ ക്ഷേത്രപരിസരം, മുട്ടത്തറ സ്‌കൂള്‍ എന്നിവിടങ്ങളിലായി അഞ്ഞൂറോളം പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. ഇവര്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ജില്ലാഭരണകേന്ദ്രം ഉറപ്പുവരുത്തുന്നുണ്ട്.
കനത്തമഴയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത് കാട്ടാക്കട താലൂക്കിലാണ്. ഇവിടെ 17 വീട് ഭാഗികമായി തകരുകയും ഏക്കര്‍കണക്കിന് സ്ഥലത്ത് കൃഷിനാശം സംഭവിക്കുകയും ചെയ്തു. വാഴ, മരച്ചീനി, തെങ്ങ്, കമുക് തുടങ്ങിയ വിളകളെല്ലാം കാറ്റില്‍ നശിച്ചു. വര്‍ക്കല താലൂക്കില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. ചിറയിന്‍കീഴ് താലൂക്കില്‍ അഞ്ചു വീട് ഭാഗികമായി തകര്‍ന്നു.
വെള്ളായണികായല്‍ പ്രദേശത്തെ ഇരുനൂറിലധികം വരുന്ന ഏക്കറിലെ നെല്ല്, പച്ചക്കറി, വാഴ മുതലായവ നശിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ആന്ധ്ര തീരത്തേക്ക് നീങ്ങിയതോടെയാണ് തെക്കന്‍ ജില്ലകളില്‍ കനത്തമഴ അനുഭവപ്പെടുന്നത്. അതേസമയം 24നും 25നും കേരളത്തിലും ലക്ഷദ്വീപിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."