ദേശീയ, സംസ്ഥാന പാതയോര മദ്യശാലകള്‍ സര്‍ക്കാര്‍ നേരിടുന്നത് കനത്ത വെല്ലുവിളി
തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പനശാലകള്‍ പാടില്ലെന്നുള്ള സുപ്രിം കോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിടുന്നത് കടുത്ത വെല്ലുവിളി.
സംസ്ഥാനത്ത് ഇത്തരം പാതയോരങ്ങളിലെ മദ്യശാലകള്‍ മറ്റു സ്ഥലങ്ങളിലേക്കു മാറ്റുക ഒട്ടും എളുപ്പമല്ല. അവ പൂര്‍ണമായി അടച്ചുപൂട്ടിയാല്‍ പൊതുഖജനാവിനു വന്‍ നഷ്ടം സംഭവിക്കുമെന്ന ആശങ്കയുമുണ്ട്. ഈ സാഹചര്യത്തില്‍ കോടതി വിധിക്കെതിരേ പുനഃപരിശോധനാ ഹരജി നല്‍കാന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചു.
ബിവറേജസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ഫെഡും നടത്തുന്ന മൊത്തം 306 മദ്യവില്‍പന ഔട്ട്‌ലെറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇവയില്‍ 130ലധികം ഔട്ട്‌ലെറ്റുകള്‍ ദേശീയ, സംസ്ഥാന പാതകളുടെയും ബൈപാസുകളുടെയും ഓരങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ, 805 ബിയര്‍- വൈന്‍ പാര്‍ലറുകളും 27 ഫൈവ് സ്റ്റാര്‍ ബാറുകളുമുണ്ട്. കോടതി വിധിയനുസരിച്ച് ഇവയില്‍ പകുതിയോളം പൂട്ടുകയോ സ്ഥലംമാറ്റുകയോ ചെയ്യേണ്ടിവരും. ഈ സ്ഥാപനങ്ങളെല്ലാം പൂട്ടിയാല്‍ പൊതുഖജനാവിനു സംഭവിക്കുന്ന നഷ്ടം അതിഭീമമായിരിക്കും.
ഈ മദ്യശാലകള്‍ മറ്റു സ്ഥലങ്ങളിലേക്കു മാറ്റാമെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് ഏറെ പ്രയാസകരമായിരിക്കും. നിലവിലുള്ള അബ്കാരി നിയമത്തില്‍ വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ ചില സ്ഥാപനങ്ങളില്‍ നിന്ന് നിശ്ചിത അകലം പാലിക്കേണ്ടതടക്കം കര്‍ശനമായ വ്യവസ്ഥകളുണ്ട്. അതു മാറ്റണമെങ്കില്‍ അബ്കാരി നിയമത്തില്‍ ഭേദഗതി വേണ്ടിവരും.
അത്തരമൊരു ഭേദഗതിക്കുള്ള നീക്കം വന്‍തോതില്‍ ബഹുജന പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്ന് ഉറപ്പാണ്. അതുകൊണ്ടു തന്നെ നിയമഭേദഗതിയെക്കുറിച്ചു സര്‍ക്കാര്‍ ആലോചിക്കാനിടയില്ല.
നിയമതടസ്സങ്ങള്‍ ബാധകമല്ലാത്ത സ്ഥലങ്ങളിലേക്ക് മദ്യവില്‍പന ശാലകള്‍ മാറ്റുന്നതും ഒട്ടും എളുപ്പമല്ല. ഇതിനായി വാടകയ്ക്ക് കെട്ടിടങ്ങള്‍ കണ്ടെത്തുക ഏറെ പ്രയാസകരമാണ്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ തുടര്‍ച്ചയായി വന്നുപോകുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളില്‍ മദ്യശാലയ്ക്ക് ഇടംനല്‍കിയാല്‍ സ്ഥാപന ഉടമകളില്‍ നിന്ന് എതിര്‍പ്പുയരും.
അതുകൊണ്ടു തന്നെ കെട്ടിട ഉടമകള്‍ അതിനു തയാറാവില്ല. തിരക്കുള്ള സ്ഥലങ്ങളില്‍ നിന്നു മാറി ഒറ്റപ്പെട്ടു നില്‍ക്കുന്ന ചെറിയ കെട്ടിടങ്ങള്‍ കണ്ടെത്തുകയാണ് മറ്റൊരു മാര്‍ഗം. അതിനും തടസ്സങ്ങള്‍ നേരിടാനിടയുണ്ട്. ഇത്തരം കെട്ടിടങ്ങള്‍ക്കടുത്ത് വീടുകളുണ്ടെങ്കില്‍ നാട്ടുകാരില്‍ നിന്ന് എതിര്‍പ്പുയരും. റസിഡന്‍സ് അസോസിയേഷനുകളും സാമൂഹിക സംഘടനകളും മദ്യവിരുദ്ധ സംഘടനകളുമൊക്കെ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് ഉറപ്പാണ്. ഇത്തരം തടസ്സങ്ങളൊന്നുമില്ലാത്ത ഇടങ്ങള്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും കണ്ടെത്തുക പ്രയാസകരമായിരിക്കും.
ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പുനഃപരിശോധനാ ഹരജി നല്‍കുന്ന കാര്യം പരിഗണിക്കുന്നത്. പുനഃപരിശോധനാ ഹരജി നല്‍കണമെന്ന് ബിവറേജസ് കോര്‍പറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ പരിഗണനയിലാണ്.
എന്നാല്‍, ഹരജി നല്‍കുന്നത് സര്‍ക്കാരിനെതിരേ ജനവികാരമുയരാന്‍ ഇടയാക്കുമോ എന്ന ആശങ്കയും ഭരണമുന്നണിയിലുണ്ട്. ദേശീയ, സംസ്ഥാന പാതയോരങ്ങളിലുള്ള മദ്യശാലകളുടെ കണക്ക് എക്‌സൈസ് വകുപ്പ് ശേഖരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."