ഗള്‍ഫ് യൂനിയന്‍ വൈകാതെ യാഥാര്‍ഥ്യമാകുമെന്ന് ബഹ്‌റൈന്‍ കിരീടാവകാശി
മനാമ: ഗള്‍ഫ് യൂനിയന്‍ ഏറെ വൈകാതെ യാഥാര്‍ഥ്യമാകുമെന്ന് ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി. ഏകീകൃത കറന്‍സി, സൈന്യം, വിദേശ നയം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഗള്‍ഫ് യൂനിയന്‍.
ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ എല്ലാ ജി.സി.സി ഇമിഗ്രേഷന്‍ അതോറിറ്റികളും പരസ്പരം ബന്ധിപ്പിക്കപ്പെടുമെന്നും കസ്റ്റംസ് യൂനിയന്‍ സാധ്യമാകുകയും ചെയ്യാമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങിനെയെങ്കില്‍ എല്ലാ ജി.സി.സി രാജ്യങ്ങളിലേക്കും ഒറ്റ വിസ എന്ന സംവിധാനം പ്രാവര്‍ത്തികമാകുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ഘട്ടമായി ഇമിഗ്രേഷന്‍ അതോറിറ്റികളെ ഒരുമിച്ച് അണിനിരത്തുകയും സാങ്കേതിക വിദ്യകളിലൂടെ ഏകോപനം സാധ്യമാകുകയും ചെയ്യുന്നതോടെ പ്രവാസികള്‍ക്ക് ജി.സി.സി രാജ്യങ്ങളിലേക്ക് ഒറ്റ വിസ ഏര്‍പ്പെടുത്താന്‍ സാധിക്കും. യൂറോപ്പിലെ ഷെങ്കണ്‍ വിസ പോലെയുള്ള സംവിധാനമാകും ഇത്.
ഇതോടെ ഒരു പൗരന് എല്ലാ ജി.സി.സി രാഷ്ട്രങ്ങളിലൂടെയും പാസ്‌പോര്‍ട്ടില്ലാതെ സഞ്ചരിക്കാന്‍ സാധിക്കുന്നതിനൊപ്പം ഭൂമി അടക്കം സ്വത്തുക്കള്‍ വാങ്ങുകയും സ്വന്തമായി കമ്പനികള്‍ തുടങ്ങുകയും ചെയ്യാം. തന്റെ ചെറുപ്പകാലത്ത് ജി.സി.സി കമ്പനികള്‍ എന്ന് വിളിക്കാവുന്ന ഒരു സ്ഥാപനം പോലും ഉണ്ടായിരുന്നില്ലെന്നും ഇന്ന് ജി.സി.സി പൗരന്‍മാരുടേതായി 40,000 സ്ഥാപനങ്ങള്‍ ഉണ്ടെന്നും പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി.
ജി.സി.സിയുടെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്ന് ഏകീകൃത വൈദ്യുത- വെള്ളം ഗ്രിഡുകളാണ്. വെള്ളത്തിനോ വൈദ്യുതിക്കോ ബഹ്‌റൈനില്‍ കുറവ് അനുഭവപ്പെട്ടാല്‍ സഊദിയില്‍ നിന്നോ ഖത്തറില്‍ നിന്നോ ലഭിക്കും. ഇതേ രീതിയില്‍ തിരികെ നല്‍കാനും സാധിക്കും. അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
ജി.സി.സിയെ ബന്ധിപ്പിച്ചുള്ള റെയില്‍വേ ശൃംഖല പത്ത് വര്‍ഷത്തിനകം യാഥാര്‍ഥ്യമാകുമെന്നും കിരീടാവകാശി പറഞ്ഞു. ബഹ്‌റൈനില്‍ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനും ബഹ്‌റൈനി യുവ സമൂഹത്തിന് മികച്ച അവസരങ്ങളൊരുക്കാനുമാണ് താന്‍ ശ്രദ്ധ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."