കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന പ്രചാരണം കെട്ടുകഥ: എസ്.പി ആര് നിശാന്തിനി
മതിലകം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന പ്രചാരണം കെട്ടുകഥ മാത്രമാണെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു കേസുപോലും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും തൃശൂര്‍ റൂറല്‍ എസ്.പി ആര്.നിശാന്തിനി. മതിലകം പഞ്ചായത്തിലെ അംബേദ്കര്‍ കോളനിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ രക്ഷിതാക്കളുടെ ആശങ്കക്ക് മറുപടി പറയുകയായിരുന്നു അവര്‍. വീടുകളില്‍ നിന്നും സമൂഹത്തില്‍ നിന്നും സ്നേഹം ലഭിക്കാത്തതാണ് കുട്ടികള്‍ കുറ്റവാളികളായി മാറാന്‍ കാരണമെന്നും എസ്.പി പറഞ്ഞു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് എസ്.പി അംബേദ്കര്‍ കോളനിയില്‍ എത്തിയത്. കോളനി നിവാസികളുടെ പ്രശ്നങ്ങള്‍ എസ്.പി ചോദിച്ചറിഞ്ഞു. മതിലകം പള്ളിവളവില്‍ സ്കൂള്‍ സമയത്ത് ബസ് നിര്‍ത്താത്തത് ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ബസ് അധികൃതരെ വിളിച്ച് ചര്‍ച്ച ചെയ്യാനും, കോളനിയില്‍ തനിച്ച് താമസിക്കുന്ന വയോധികയായ പടിയത്ത് കാര്‍ത്ത്യായനിയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കാനും മതിലകം പൊലിസിനെ ചുമതലപ്പെടുത്തി. കോളനി പരിസരത്ത് ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടത്തില്‍ എന്തെങ്കിലും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനും എസ്.പി നിര്‍ദേശിച്ചു. കൊടുങ്ങല്ലൂര്‍ സി.ഐ ബിജു കുമാര്‍, മതിലകം എസ്.ഐ കെ.എസ് സുശാന്ത്, മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ജി സുരേന്ദ്രന് സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."