ഇ-മെയില്‍ ചോര്‍ത്തല്‍ പുടിന്‍ അറിയാതെ റഷ്യയില്‍ ഒന്നും സംഭവിക്കില്ലെന്ന് ഒബാമ
ന്യൂയോര്‍ക്ക്: യു.എസ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അറിഞ്ഞു നടത്തിയ സൈബര്‍ ആക്രമണത്തില്‍ തിരിച്ചടിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. പ്രസിഡന്റ് പദത്തില്‍ തന്റെ അവസാന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഒബാമ. ഇ മെയില്‍ ചോര്‍ത്തല്‍ സംഭവത്തില്‍ റഷ്യക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സെപ്റ്റംബറില്‍ നടന്ന ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായുള്ള സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ റഷ്യയുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഒബാമ പറഞ്ഞു. നേരത്തെ പുടിന്‍ റഷ്യന്‍ ഹാക്കിങുമായി നേരിട്ട് ബന്ധപ്പെട്ടുവെന്ന യു.എസ് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് വൈറ്റ് ഹൗസ് പുടിനെതിരായി രംഗത്ത് വരുകയും ചെയ്തു. ഇതിനിടയിലാണ് കാലാവധി പൂര്‍ത്തിയാക്കി വൈറ്റ് ഹൗസില്‍ നിന്ന് പുറത്തുവരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ റഷ്യക്ക് മുന്നറിയിപ്പ് നല്‍കിയത്.
റഷ്യയുടെ പ്രവര്‍ത്തനങ്ങളെല്ലാം അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. അവിടെ പുടിന്‍ അറിയാതെ കാര്യങ്ങളൊന്നും നടക്കില്ലെന്ന് അറിയാം. ഇതിനെതിരേ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പുടിനോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ അത് മുഖവിലയ്‌ക്കെടുത്തില്ല. റഷ്യയുടെ നീക്കങ്ങളെ വെറുതെ തള്ളിക്കളയാന്‍ പോകുന്നില്ല. അവര്‍ എന്തൊക്കെ ചെയ്തുവോ അതിനൊക്കെ അതേ രീതിയില്‍ തന്നെ മറുപടി നല്‍കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
അതേസമയം റഷ്യക്കെതിരേ നിലപാട് കടുപ്പിച്ച ഒബാമ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിയുക്ത പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെതിരേ വിമര്‍ശനത്തിന് തയാറായില്ല. എന്നാല്‍ ഇ മെയില്‍ ചോര്‍ത്തല്‍ സംഭവം റിപ്പബ്ലിക്കന്‍ നേതാക്കള്‍ വേണ്ടത്ര ഗൗരവത്തോടെയെടുത്തിട്ടില്ലെന്ന് ഒബാമ പറഞ്ഞു. ട്രംപ് ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദേഹം പറഞ്ഞു.
നേരത്തെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരിയെ അട്ടിമറിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപ് വന്‍ വിജയം നേടിയത് ഹാക്കിങ് തന്ത്രങ്ങളുടെ ഫലമായാണെന്നാണ് പൊതുവേയുള്ള നിഗമനം. ട്രംപ് ആദ്യം മുതല്‍ തന്നെ പുടിന്‍ അനുകൂല നിലപാടുകളും റഷ്യന്‍ പ്രീണനവും സ്വീകരിച്ചത് അമേരിക്കയില്‍ വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ട്രംപ് ഈ വാദങ്ങള്‍ തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."