ജീവിതത്തെ കമ്മ്യൂണിസ്റ്റ് പടയോട്ടമാക്കിയ എ.സി ഇനി മന്ത്രി
വടക്കാഞ്ചേരി: തൃശൂര്‍ ജില്ലയില്‍ സി.പി.എം പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ജീവിതം മുഴുവന്‍ പേരാട്ടമാക്കിയ എ.സി മൊയ്തീന്‍ ഇനി സംസ്ഥാന ഭരണസാരഥികളില്‍ ഒരാള്‍. തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുകര സ്വദേശിയായ മൊയ്തീന്‍ മന്ത്രിസഭയിലെത്തുമ്പോള്‍ നാട് അഭിമാന നിറവിലാണ്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എന്നും പ്രിയപ്പെട്ടവനായിരുന്ന എ.സി അവകാശ സമര പോരാട്ട വീഥികളില്‍ മുന്നില്‍ നിന്ന് നേതൃത്വം നല്‍കി. നിലപാടുകളിലെ കാര്‍ക്കശ്യം, പാര്‍ട്ടിയോടുള്ള അചഞ്ചലമായ കൂറ്, മികച്ച സംഘാടക ശേഷി, കര്‍മ്മ മേഖലയില്‍ എടുത്ത നിലപാടുകളില്‍ ഉറച്ച് നില്‍ക്കാനുള്ള ആര്‍ജവം എന്നിവ എ.സി മൊയ്തീനെ വേറിട്ടതാക്കുന്നത്.
ഇതെല്ലാം ചേരുമ്പോഴാണ് താഴെ തട്ടില്‍ നിന്ന് പടിപടിയായുള്ള വളര്‍ച്ച, പ്രവര്‍ത്തകരോട് ചേര്‍ന്ന് നിന്നുള്ള പ്രവര്‍ത്തനം, പിന്നിട്ട വഴിത്താരകളെല്ലാം മൊയ്തീന് കല്ലും, മുള്ളും നിറഞ്ഞതായിരുന്നു. പട്ടിണിയോട് പടവെട്ടിയതാണ് ബാല്യം.
കര്‍ഷക തൊഴിലാളികളായ മാതാപിതാക്കള്‍ അത്യധ്വാനം സഹിച്ചാണ് മൊയ്തീനേയും സഹോദരങ്ങളേയുമൊക്കെ വളര്‍ത്തിയെടുത്തത്.
പനങ്ങാട്ടുകര ആക്കാംപറമ്പില്‍ പരേതരായ ചീയാമുവിന്റേയും ഫാത്തിമാബിയുടേയും എട്ടുമക്കളില്‍ ഏറ്റവും മുതിര്‍ന്നവനായി 1956 ഏപ്രില്‍ 18 നാണ് ജനനം. ദാരിദ്ര്യത്തിന്റെ വേദനാപൂര്‍ണമായ ദിനങ്ങളിലൂടെ തികഞ്ഞ കമ്മ്യൂണിസ്റ്റായി മൊയ്തീന്‍ മാറുകയായിരുന്നു. ഡി.വൈ.എഫ്.ഐയുടെ മുന്‍ രൂപമായ കെ.എസ്.വൈ.എഫിലൂടെയാണ് മൊയ്തീന്‍ രാഷ്ട്രീയ രംഗത്ത് എത്തുന്നത്.
തെക്കുംകര പഞ്ചായത്തില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
പത്ത് വര്‍ഷം കല്ലംപാറ ക്ഷീര സഹകരണ സംഘത്തിന്റെ പ്രസിഡന്റായിരുന്നു മൊയ്തീന്‍ 1977 ലാണ് സി.പി.എം അംഗമാകുന്നത്. 88 മുതല്‍ 90 വരെ രണ്ട് വര്‍ഷം തെക്കുംകര പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 90 ല്‍ സി.പി.എം വടക്കാഞ്ചേരി ഏരിയാ സെക്രട്ടറിയായതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.
2004 ല്‍ വടക്കാഞ്ചേരിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അന്ന് വൈദ്യൂതി വകുപ്പ് മന്ത്രിയായിരുന്ന കെ.മുരളീധരനെ അട്ടിമറിച്ചതോടെയാണ് മൊയ്തീന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ചുവട് വെച്ചത്. രണ്ടാം വട്ടവും വടക്കാഞ്ചേരിയില്‍ നിന്ന് നിയമസഭയിലെത്തി. 2011 ല്‍ പാര്‍ലിമെന്ററി രംഗത്ത് നിന്ന് പിന്‍വാങ്ങിയ മൊയ്തീന്‍ ബേബി ജോണിന് പകരം സി.പി.എം ജില്ലാ സെക്രട്ടറിയായി. സി.പി.എമ്മിന്റെ ചരിത്ര വഴിയിലെ സുവര്‍ണ കാലഘട്ടമായിരുന്നു അത്. കൊല്ലം സ്വദേശിനിയായ എസ്.ഉസൈബാ ബീവിയാണ് സഹധര്‍മ്മിണി. എരുമപ്പെട്ടി സി.എച്ച്.സിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സാണ് ഉസൈബ. ആയുര്‍വേദ ഡോക്ടറായ ഷീബയാണ് ഏക മകള്‍. വടക്കാഞ്ചേരി പരുത്തിപ്ര സ്വദേശിയും വിദേശത്ത് ജോലി ചെയ്യുകയും ചെയ്യുന്ന റഫീക്കാണ് മരുമകന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുന്നുംകുളം നിയോജക മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."