തേക്കടിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയം
തൊടുപുഴ: തേക്കടി സന്ദര്‍ശകര്‍ക്കായി വനം വകുപ്പ് അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയം നിര്‍മ്മിക്കുന്നു. കുമളി ടൗണില്‍ വണ്ടന്മേട് കവലയിലുള്ള വനം വകുപ്പിന്റെ സ്ഥലത്താണ് മ്യൂസിയം നിര്‍മിക്കുക.
മൂന്നു നിലകളിലായി നടത്തുന്ന നിര്‍മാണത്തിന് ആവശ്യമായ മൂന്നു കോടി രൂപ നബാര്‍ഡില്‍ നിന്നാണ് അനുവദിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കിറ്റ്കോയാണ് പണികള്‍ ഏറ്റെടുത്തിരിക്കുന്നത്.
കടുവകളെ സംബന്ധിച്ചുള്ള വിജ്ഞാനപ്രദമായ കാര്യങ്ങള്‍ക്കായിരിക്കും മ്യൂസിയത്തില്‍ പ്രാധാന്യം നല്‍കുക.
അത്യാധുനിക സംവിധാനത്തിലുള്ള ത്രീഡി തിയറ്റര്‍, ലേസര്‍ ഷോ നടത്തുന്നതിനുള്ള സംവിധാനങ്ങള്‍, പ്രകൃതിയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, ഇക്കോഷോപ്പ് തുടങ്ങിയവയെല്ലാം ഇവിടെ സജ്ജീകരിക്കും. കോട്ടയം ടെറിട്ടോറിയല്‍ ഡിവിഷന് കീഴിലുണ്ടായിരുന്ന തടി ഡിപ്പോയാണ് മ്യൂസിയമായി മാറുന്നത്.
ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ചെല്ലാര്‍കോവില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസ് ഹോളിഡേ ഹോമിന് സമീപത്തുള്ള വന്യജീവി വിഭാഗം കെട്ടിടത്തിലേക്ക് മാറ്റി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വനംവകുപ്പ് രൂപം നല്കിയ സ്വപ്ന പദ്ധതിയാണ് ഈ മ്യൂസിയം.
പദ്ധതി തയാറാക്കി നബാര്‍ഡില്‍ നിന്ന് പണം അനുവദിച്ചു കിട്ടുന്നതിനും വനം വകുപ്പിന്റെ ടെറിട്ടോറിയല്‍ സെക്ഷനും വന്യജീവി വിഭാഗവും തമ്മില്‍ സ്ഥലം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളുമെല്ലാമാണ് പദ്ധതി വൈകാന്‍ കാരണം. മ്യൂസിയത്തിനായി വിട്ടുകിട്ടിയ സ്ഥലത്തുള്ള പഴയ കെട്ടിടം പൊളിച്ചുനീക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.
ഇത് പൂര്‍ത്തിയായാല്‍ ഉടന്‍ നിര്‍മാണം ആരംഭിക്കും. മ്യൂസിയം വരുന്നതോടെ തേക്കടി സന്ദര്‍ശകര്‍ക്ക് വിനോദത്തിനൊപ്പം ഏറെ വിജ്ഞാനവും ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."