ഈസ്റ്റ് അലപ്പോയില്‍ നിന്ന് നൂറുകണക്കിനാളുകളെ മാറ്റിപാര്‍പ്പിച്ചു
അലപ്പോ: ആഭ്യന്തര യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന അലപ്പോയില്‍ നിന്ന് നൂറുകണക്കിനാളുകളെ മാറ്റിപാര്‍പ്പിച്ചു. സിറിയയിലെത്തിയ ആദ്യ രക്ഷാസംഘമാണ് യുദ്ധഭൂമിയിലെ സിവിലയന്മാരെയും ചെറുത്ത് നില്ക്കുന്നവരുമായ 350ഓളം പേരെ സുരക്ഷാ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചത്.
ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് യു.കെയില്‍ നിന്നുള്ള മനുഷ്യാവകാശ-സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. അഞ്ച് ബസുകളിലായാണ് ദൗത്യ സംഘം ആളുകളെ ഈസ്റ്റ് അലപ്പോയില്‍ നിന്നും പുറത്തേക്കെത്തിച്ചത്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെയായി നാലു ലക്ഷത്തിലധികം പേര് കൊല്ലപ്പെട്ടതായാണ് യു.എന്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍. 2011 മുതല്‍ സിറിയയിലെ ഈസ്റ്റ് അലപ്പോയില്‍ ബശ്ശാര്‍ അല്‍ അസദ് സര്‍ക്കാരിന്റെയും റഷ്യ,യു.എസ് രാജ്യങ്ങളുടെയും സഹായത്തോടെ സിറിയയിലെ സാധാരണ ജനങ്ങള്‍ക്കുമേല്‍ രൂക്ഷമായ ആക്രമണം നടക്കുകയാണ്. അലപ്പോ നഗരം ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ചോരക്കളമാണ്.
എന്നാല്‍, സിറിയയില്‍ നിന്ന് ഭീകരരെ തുരത്തുന്നത് വരെ അക്രമണം തുടരുമെന്നാണ് റഷ്യയും സിറിയന്‍ സര്‍ക്കാരും വ്യക്തമാക്കിയത്. അതിനാല്‍ തന്നെ സിറിയയിലെ പ്രധാന ഭാഗമായ അലപ്പോ ഏതുവിധേനയും പിടിച്ചെടുക്കാനുള്ള രൂക്ഷമായ യുദ്ധമാണ് അലപ്പോയില്‍ സിറിയന്‍ സൈന്യം നടത്തികൊണ്ടിരിക്കുന്നത്. ലോകം മുഴുവന്‍ സിറിയയിലെ ആക്രമണത്തിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആയിരക്കണക്കിനാളുകള്‍ ഇതിനകം സിറിയയില്‍ നിന്ന് പലായനം ചെയ്യുകയും അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."